സിനിമയില്‍ 35 വര്‍ഷം പൂര്‍ത്തിയാക്കിയ നടന് ബൈജു എഴുപുന്ന സംവിധാനം ചെയ്ത മിസ്റ്ററി ഡ്രാമ "കൂടോത്രം’ കുടുംബസദസുകള്‍ക്കു പ്രിയതരമായി മുന്നേറുന്നു. ഇടുക്കി വെള്ളിമലയെന്ന സാങ്കല്പിക ഗ്രാമത്തിലെ വാവച്ചന് എന്ന സാധാരണക്കാരന്റെ ജീവിതസമരങ്ങളുടെ കഥയാണു സിനിമ. പെണ്മക്കളെ ചേര്‍ത്തുപിടിക്കുന്ന ഒരച്ഛനുണ്ടാകുന്ന പ്രശ്നങ്ങളിലൂടെയാണു കഥാസഞ്ചാരം.
"സുന്ദരപുരുഷന്’, "കെക്യു’ എന്നിവയ്ക്കുശേഷം നിർമിച്ച ചിത്രത്തിൽ നായകനായും ബൈജുവിന്റെ മിന്നും പ്രകടനം. ബൈജുവിന്റെ കരിയറിലെ മുന്നൂറാമത്തെ സിനിമയാണു സന്തോഷ് ഇടുക്കി തിരക്കഥയൊരുക്കിയ "കൂടോത്രം’.
"മക്കള്‍ക്കും വെള്ളിമലയ്ക്കുമപ്പുറം വാവച്ചനു മറ്റൊരു ലോകമില്ല. തലമുറകള്‍ക്കു മുമ്പ് വീരമലയന് ഏല്‍പ്പിച്ച ആ മലയും മണ്ണും കോടികള്‍ കൊടുക്കാമെന്നു പറഞ്ഞാലും ആര്‍ക്കും തീറെഴുതാന്‍ അയാള്‍ ഒരുക്കമല്ല. നമുക്കിടയില്‍ ഇന്നുമുണ്ടല്ലോ അത്തരം ചിലയാളുകള്‍.’-ബൈജു എഴുപുന്ന സണ്‍ഡേ ദീപികയോടു പറഞ്ഞു.
സിനിമയിലെ തുടക്കം എങ്ങനെയായിരുന്നു..?
എഴുപുന്നയില്‍ എന്റെ ഡാഡി തുടങ്ങിയ രേഖ തിയറ്ററില്‍ സിനിമ കണ്ടുതുടങ്ങിയ കാലം മുതല്‍ എല്ലാം സിനിമയാണ്. ആറാം ക്ലാസ് മുതല്‍ കോട്ടയം മാന്നാനം സെന്റ് അഫ്രേംസില് ബോര്‍ഡിംഗ് പഠനം. അവിടെ നിന്നു സിനിമയ്ക്കു കൊണ്ടുപോകുമായിരുന്നു. ആക്ടറാകാനുള്ള തുടക്കം അവിടെനിന്നാണ്.
മമ്മൂക്ക ഹീറോ വേഷങ്ങള്‍ ചെയ്തുതുടങ്ങിയ കാലം. അന്നു തുടങ്ങിയ ഇഷ്ടമാണ് മമ്മൂട്ടി. മാന്നാനം പള്ളിയില്‍ ഞാന്‍ ക്വയര്‍ പാടുമായിരുന്നു. ഹാര്‍മോണിയം, ഗിറ്റാര്‍ തുടങ്ങിയവ വായിക്കാനും പഠിച്ചു. "കാട്ടുകുതിര’ നാടകത്തില്‍ പ്രധാന വേഷംചെയ്ത, ബന്ധുവായ രാജന് പി. ദേവ് എന്നെ നാടകങ്ങള്‍ക്കു കൂട്ടിക്കൊണ്ടുപോയിരുന്നു.
എന്റെ സിനിമ എന്റെ സ്വന്തം തിയറ്ററില്‍ കാണണമെന്നു തോന്നിത്തുടങ്ങി. പരീക്ഷയ്ക്കു തോറ്റാല്‍ പിന്നെ ബോര്‍ഡിംഗില്‍ നിര്‍ത്തില്ല. അങ്ങനെ മനഃപൂര്‍വം തോറ്റ് വീണ്ടും എഴുപുന്നയിലെ സിനിമാകാഴ്ചകളിലേക്കു മടക്കം.
കോളജ് കാലത്ത് കെ.ജി. ജോര്‍ജ്, പ്രിയദര്ശന്, ഫാസിൽ തുടങ്ങിയവരോടു ചാന്‍സ് തേടിയിട്ടുണ്ട്. 1988ല്‍ ആലപ്പി രംഗനാഥിന്റെ "ധനുര്‍വേദ’ത്തില്‍ അഭിനയിച്ചെങ്കിലും പടം മുടങ്ങി. പി.ജി. വിശ്വംഭരന്റെ "ഇരിക്കൂ, എംഡി അകത്തുണ്ട്’അതായിരുന്നു ആദ്യ റിലീസ്.
തുടര്‍ന്നു വില്ലന്റെ സഹായി, തല്ലുകൊള്ളി, ഡയലോഗില്ലാത്ത വേഷങ്ങള്‍! ഹിറ്റ്ലർ ബ്രദേഴ്സിലെ ചിന്നത്തന്പി, ഉദയപുരം സുല്‍ത്താനിലെ മാര്‍ത്താണ്ഡന്‍, ട്രാഫിക്കിലെ തന്‍സീര്‍, ഇവിടം സ്വര്‍ഗമാണ് സിനിമയിലെ ജോസ്, പോക്കിരിരാജയിലെ ചന്ദ്രു, തുറുപ്പുഗുലാനിലെ രാജന്, കുമ്പളങ്ങി നൈറ്റ്സിലെ ചിറ്റപ്പൻ, വിശേഷത്തിലെ സുഭാഷേട്ടന്...എന്നിങ്ങനെ ചില ജനപ്രിയ വേഷങ്ങള്‍.
തമിഴില്‍ വിജയ്ക്കൊപ്പം രണ്ടു സിനിമ. കന്നട, തെലുങ്ക്, ഹിന്ദി സിനിമകളിലും വില്ലനായി. 35 വര്‍ഷം പോയതറിഞ്ഞില്ല. ഇത്രനാളും സിനിമ വിട്ട് എങ്ങും പോയിട്ടില്ല. സിനിമയില്ലാത്ത ഒരു വര്‍ഷം പോലും ഉണ്ടായിട്ടുമില്ല.
വില്ലന്‍ വേഷങ്ങളില്‍ ഒതുങ്ങിയത്..?
ഒരിക്കല്‍ വില്ലനായാല്‍ പിന്നീടു വില്ലനോ വില്ലന്റെ സഹായിയോ മാത്രമാണ്. എത്രയോ ഹിറ്റ് സിനിമകളില്‍ സംഭാഷണമുള്ള കാരക്ടര്‍ വേഷങ്ങള്‍ എന്നിലേക്കു വന്നിട്ടുണ്ട്. അവസാനനിമിഷം വേറെ ആളുകള്‍ വന്ന് അഭിനയിച്ചിട്ടുപോകും! ഫൈറ്റാണല്ലോ ചെയ്യുന്നത്, ഡയലോഗൊന്നും കൊടുക്കരുത്, അയാള്‍ ചെയ്യില്ല, അഭിനയിക്കാന്‍ അറിയില്ല, മസിലുപിടിത്തം മാത്രമേയുള്ളൂ എന്നൊക്കെയായിരുന്നു പലരുടെയും ധാരണകള്‍.
ഒപ്പോസിറ്റ് നില്ക്കുന്നവര് ഡയലോഗ് പറയുമ്പോള്‍ അതു ഞാന്‍ എന്റെ ഉള്ളില്‍ പറയുമായിരുന്നു! നല്ല നടന്മാരൊന്നും ഇല്ല, എല്ലാവരും മരിച്ചുപോയി എന്നാണല്ലോ പലരും പറയാറുള്ളത്.
ആ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. ആരും തിരിച്ചറിഞ്ഞിരുന്നില്ല. അതാണു സത്യം.
കാരക്ടര്‍ വേഷങ്ങളിലേക്കു മുന്നേ എത്തേണ്ടതായിരുന്നു എന്നു തോന്നിപ്പിക്കുകയാണു വാവച്ചന്..?

എന്നെ വിശ്വസിച്ച് അങ്ങനെയൊരു കഥാപാത്രം ഏല്‍പ്പിക്കാന്‍ ആരും തയാറായിരുന്നില്ല. ഇതിന്റെ സംവിധായകന് ഞാനാണ്. ഞാനെന്ന സംവിധായകന് വാവച്ചന് എന്ന കഥാപാത്രത്തെ എത്രത്തോളം വേണമെങ്കിലും തുറന്നുവിടാം. ഇത് എന്നെക്കൊണ്ടു ചെയ്യിപ്പിക്കേണ്ട, അത് ഓടില്ല, ബിസിനസ് ആവില്ല എന്നുപറയാന്‍ വേറെ നിര്മാതാവുമില്ല.
ഇതിന്റെ നിര്‍മാതാവും ഞാനാണ്. ഇതെല്ലാം ഒത്തുവന്നപ്പോള്‍ തിരക്കഥയിലെ വാവച്ചനെ ഞാന്‍ എന്റേതാക്കിയെടുത്തു. ഒരാളെ പിടിച്ചോണ്ടു വരാന്‍ പറഞ്ഞാല്‍ കൊന്നുകൊണ്ടുവരുന്ന തരം വേഷങ്ങളാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതായിരുന്നു സംവിധായകരുടെ വിചാരം.
പക്ഷേ, നമ്മുടെ ഉള്ളിന്റെയുള്ളില്‍ കിടക്കുകയല്ലേ ഇങ്ങനെ ഓരോ വേഷങ്ങള്‍! അതു തിരിച്ചറിഞ്ഞ ഒരാളുണ്ട്, ഏറ്റവും വലിയ ഡയറക്ടര്‍-ആക്ടര്‍...ദൈവം! ഒടുവില്‍ അദ്ദേഹം തന്ന വേഷമാവാം വാവച്ചന്. കണ്ടവര്‍ പറഞ്ഞറിഞ്ഞ് കൂടോത്രം 25ാം ദിവസത്തിലേക്ക് എത്തുകയാണ്. കുടുംബങ്ങള്‍ ഈ സിനിമയെ ഏറ്റെടുത്തതില്‍ സന്തോഷമുണ്ട്.
ബൈജു എഴുപുന്ന എന്ന നടനെ ഡയറക്ട് ചെയ്തപ്പോള്‍..?

സംവിധായകനായി നിന്നപ്പോൾ വാവച്ചന് എന്ന കഥാപാത്രത്തെ വേറൊരാളായാണു ഞാന്‍ കണ്ടത്. അയാള്‍ എങ്ങനെയാണ് ഒരോ കാര്യവും ആസൂത്രണം ചെയ്യുന്നതെന്നു മനസിൽ കാണാൻ എന്നിലെ സംവിധായകനു കഴിയുമായിരുന്നു. ആ കാഴ്ചപ്പാടില്‍ അയാള്‍ പോയി പെര്‍ഫോം ചെയ്തു. ആ കഥാപാത്രം അയാളില്‍ ഉള്ളതുകൊണ്ടുമാണ് അതു സാധ്യമായത്. ബിഹേവിംഗാണത്. എനിക്കത് ആക്ടിംഗ് ആയി തോന്നിയിട്ടില്ല.
ഡബ്ബിംഗിനിടെ, "അയാള്‍ ചെയ്തത് എങ്ങനെയുണ്ട്, ഇങ്ങനെ ചെയ്താല്‍ അയാള്‍ നന്നാവും അല്ലേ’ എന്നൊക്കെയാണ് സൗണ്ട് എന്ജിനിയറോടു ഞാന്‍ ചോദിച്ചത്. അയാള്‍ എന്ന രീതിയിലാണു ഞാന്‍ കണ്ടത്. ഞാന്‍ എന്ന വാക്ക് അവിടെ വന്നിട്ടില്ല. രണ്ടിനെയും രണ്ടായിട്ടാണു കണ്ടത്.
ക്ലൈമാക്സിനടുത്ത് വാവച്ചന്റെ മാനറിസങ്ങളൊക്കെ മാറിമറിയുകയാണല്ലോ..?
വീരമലയനാണു തന്റെ കുടുംബത്തെയും തലമുറകളെയും രക്ഷിച്ചുകൊണ്ടുവന്നതെന്നും ഇപ്പോഴും കാവലായി നില്‍ക്കുന്നതെന്നുമാണ് വാവച്ചന്റെ വിശ്വാസം. സാധാരണ മനുഷ്യന്റെയുള്ളില്‍ രൂപപ്പെട്ടു വളരുന്ന അത്തരം ധാരണകള്‍ ഏതെങ്കിലും സന്ദര്‍ഭത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ അയാള്‍ മറ്റൊരാളായി മാറും.
വൈകാരിക ബന്ധമുള്ള ഒരു സംഭവം അവിടെ കിടപ്പുണ്ടെങ്കില്‍ ആ സമയത്തുണ്ടാകുന്ന കരുത്ത് അസാധാരണമായിരിക്കും. ക്ലൈമാക്സില്‍ വാവച്ചന്റെ ഭാവവ്യത്യാസങ്ങളും കരുത്തും അങ്ങനെ സംഭവിക്കുന്നതാണ്. മനസ് അല്ലേ യഥാര്‍ഥ കരുത്ത്. ചിലര്‍ക്ക് ഒരാളെ അടിച്ചുതാഴെയിടാനുള്ള ശരീരമുണ്ടാവും. പക്ഷേ, മനക്കരുത്തില്ലെങ്കില്‍ അതു സാധ്യമാവില്ല. ഒപ്പം, വീരമലയനെന്ന ശക്തി അയാളിലേക്കു കയറിയതുമാവാം.
പ്രധാന വെല്ലുവിളി..?
അലന്‍സിയര്‍, സലിം കുമാര്‍ ഉള്‍പ്പെടെയുള്ള ആര്‍ട്ടിസ്റ്റുകളെ ഇടുക്കിയിലെ ലൊക്കേഷനില്‍ എത്തിച്ചു ഷൂട്ടിംഗ് നടത്തുക എന്നതു ചലഞ്ചായിരുന്നു. കാരണം, ആ മലമുകളില്‍ വണ്ടി എത്തില്ല. കഞ്ഞിക്കുഴിയില്‍നിന്നു മലകയറണം ലൊക്കേഷനിലെത്താന്‍.
45 ദിവസത്തെ ഷൂട്ടിംഗ്. ആറോളം കാമറകളും വലിയ ക്രെയിനും പാറയുടെ മുകളിലെത്തിച്ചായിരുന്നു ക്ലൈമാക്സ് ഷൂട്ടിംഗ്. കാലൊന്നു തെറ്റിയാല്‍ കുത്തനെ ഒരു കിലോമീറ്റര്‍ താഴത്തേക്കാവും പോവുക! കാമറയും ലൈറ്റുമൊക്കെ ചുമന്നു കയറ്റിയ ഇതിന്റെ ക്രൂവിനും ടെക്നീഷന്സിനുമാണു ഞാന്‍ നന്ദിപറയുന്നത്.
കാസ്റ്റിംഗില്‍ ശ്രദ്ധിച്ചത്..?

റേച്ചലിനെ മോഡേണ്‍ വേഷങ്ങളിലാണു കണ്ടിട്ടുള്ളത്. പക്ഷേ, അഞ്ജനയാകാനുള്ള കാലിബര്‍ ഉണ്ടെന്നു തോന്നി. ആ കഥാപാത്രത്തിന്റെ കോസ്റ്റ്യൂമും അതിനു സഹായകമായി. ഉത്തരവാദിത്തമില്ലാതെ അലസനായി നടക്കുന്ന ജോഷ്വ- അതാണു ഡിനോയിയുടെ വേഷം. വിശുദ്ധ മെജോ എന്ന പടത്തില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു.
വാവച്ചന്റെ ഭാര്യ മേരിയുടെ വേഷത്തില്‍ ദിയ. സെന്തിലായി വേഷമിട്ടതു തെലുങ്കു നടന് മഗന്തി ശ്രീനാഥ്. നെടുങ്കണ്ടത്തുള്ള ഇരട്ടക്കുട്ടികളാണു വാവച്ചന്റെ പെണ്മക്കളായി അഭിനയിച്ചത്. കാസ്റ്റിംഗില്‍ എനിക്കു രണ്ടു പേരെയാണു മിസ് ചെയ്യുന്നത്. മണി എന്ന വേഷത്തിനു കലാഭവന്‍ മണിയെയും അലന്സിയറേട്ടന് ചെയ്ത കഥാപാത്രത്തിനു തിലകന് ചേട്ടനെയും.
സംവിധാനം നല്കിയ അനുഭവമെന്താണ്..?
നടന്, സംവിധായകന് എന്നീ നിലകളില്‍ എന്നില്‍ നിന്നു പ്രതീക്ഷിക്കുന്നതിനപ്പുറം കൊടുക്കാനായി. ഞാന്‍ ബിസിനസ് നോക്കാതെ സിനിമയ്ക്കു പിന്നാലെ നടക്കുന്നതിനാല്‍ ഡാഡിക്ക് എന്നോടു ദേഷ്യമായിരുന്നു.
ഈ സിനിമ കണ്ടശഷം "നീയൊരു നടനാ’ണെന്ന് ഡാഡി പറഞ്ഞത് അവാര്‍ഡായി കാണുന്നു. ഇനി, നടനെന്ന രീതിയില്‍ എനിക്കു സാധ്യമായ വേറിട്ട കാരക്ടര്‍ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ ഇഷ്ടങ്ങള്‍ക്കൊപ്പം കൂടണമെന്നാണ് ആഗ്രഹം.