"കത്തി താഴെയിടടാ സേതു, നിന്റെ അച്ഛനാ പറയുന്നേ... കത്തി താഴെയിടടാ...' തിലകന്റെ ഈ ഡയലോഗും, അതിനു മുന്നില്‍ തകര്‍ന്നുനില്‍ക്കുന്ന മോഹന്‍ലാലിന്റെ മുഖവും മലയാളികള്‍ ഒരിക്കലും മറക്കില്ല. അതേ, കുടുംബബന്ധങ്ങളുടെ കഥ പറഞ്ഞ ലോഹിതദാസ്- സിബിമലയില്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ക്ലാസിക് "കിരീടം' റീ റിലീസിനൊരുങ്ങുകയാണ്. 4കെ അറ്റ്മോസ് മികവോടെ എത്തുന്ന ചിത്രത്തിന്റെ ട്രയിലര്‍ ലോഞ്ച് ഇന്നു വൈകിട്ട് അഞ്ചിന് എറണാകുളം ഗോകുലം പാര്‍ക്കില്‍ നടക്കും.
മോഹന്‍ലാല്‍, സിബി മലയില്‍ എന്നിവരെക്കൂടാതെ ചിത്രത്തിന്റെ ഭാഗമായുള്ള നടന്മാര്, മറ്റ് അണിയറപ്രവര്‍ത്തകര്‍, ദേശീയ ചലച്ചിത്ര വികസന കോര്പ്പറേഷന് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 1989-ല്‍ ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം, മലയാളി പ്രേക്ഷകന്റെ നെഞ്ചില്‍ വീണ മുറിവുകളായിരുന്നു. മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയജീവിതത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായാണ് കിരീടം അടയാളപ്പെടുത്തുന്നത്.

സാധാരണക്കാരനായ യുവാവ്, സാഹചര്യങ്ങളുടെ സമ്മര്‍ദത്തില്‍ റൗഡിയായി മാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. അച്ഛന്റെ ആഗ്രഹപ്രകാരം പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആകാന്‍ തയാറെടുക്കുന്ന സേതുമാധവന് (മോഹന്‍ലാല്‍) എന്ന ശാന്തനായ യുവാവ്. അച്യുതന് നായര്‍ (തിലകന്) എന്ന പോലീസുകാരനായ അച്ഛനെ തെരുവില്‍ കീരിക്കാടന്‍ ജോസ് എന്ന ഗുണ്ട ക്രൂരമായി മര്‍ദിക്കുന്നത് കാണുമ്പോള്‍, മകനായ സേതുമാധവന് കൈയും കെട്ടി നോക്കിനില്ക്കാന് കഴിയുന്നില്ല. ആ ഒരു നിമിഷത്തെ പ്രതികരണം സേതുമാധവന്റെ ജീവിതവും അയാളുടെ കുടുംബത്തിന്റെ പ്രതീക്ഷകളും സേതുവിനെ കാത്തിരിക്കുന്ന മുറപ്പെണ്ണിന്റെ സ്വപ്നങ്ങളും തകിടം മറിക്കുന്നതായിരുന്നു.
മോഹന്‍ലാല്‍ അവതരിപ്പിച്ച സേതുമാധവന് എന്ന കഥാപാത്രം മലയാളികളുടെ മനസില്‍ ഇന്നും ഉണങ്ങാത്ത നൊമ്പരപ്പാടായി നിലനില്ക്കുന്നു. സിനിമയുടെ ക്ലൈമാക്സില്‍ അച്ഛന്റെ മുന്‍പില്‍വെച്ച് കീരിക്കാടനെ കുത്തിവീഴ്ത്തിയ ശേഷം, ചോരപുരണ്ട കത്തി സേതുമാധവന് നിലവിളിയോടെ താഴെയിട്ട് കരയുന്ന രംഗം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനയമുഹൂര്ത്തങ്ങളില് ഒന്നാണ്.
പാര്‍വതി, തിലകന്, കവിയൂര്‍ പൊന്നമ്മ, ശ്രീനാഥ്, മുരളി, ശങ്കരാടി, മോഹന്‍രാജ് (കീരിക്കാടന്‍ ജോസ്) എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ഇവരില്‍ പലരും നമ്മോടൊപ്പമില്ലെ എങ്കിലും അവര്‍ അവശേഷിപ്പിച്ച കഥാപാത്രങ്ങള്‍ അനശ്വരമാണ്. മകനെ പോലീസ് ഓഫീസറായി കാണാന്‍ ആഗ്രഹിക്കുകയും, ഒടുവില്‍ അവന് കണ്മുന്നില് ചട്ടമ്പിയായി മാറുന്നത് നിസഹായതയോടെ കണ്ടുനില്‍ക്കേണ്ടി വരികയും ചെയ്ത അച്ഛന്റെ വേദന തിലകന് അനശ്വരമാക്കി. മലയാള സിനിമയിലെ എക്കാലത്തെയും ഭീതിപ്പെടുത്തുന്ന വില്ലന്‍ കഥാപാത്രമായി കീരിക്കാടന്‍ ജോസ് മാറി.
കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി...
ഹൃദയത്തിലലിഞ്ഞ ഗാനങ്ങള്‍ ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണമായിരുന്നു. കൈതപ്രത്തിന്റെ വരികള്‍ക്ക് ജോണ്സണ് മാസ്റ്റര്‍ ഈണം നല്കിയ "കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി...' എന്ന ഗാനം സിനിമയുടെ ആത്മാവായിരുന്നു. എം.ജി. ശ്രീകുമാര്‍ ആലപിച്ച ഗാനം ഇന്നും മലയാളിയുടെ വിരഹത്തിന്റെയും സങ്കടത്തിന്റെയും പ്രതീകമാണ്. ജോണ്സണ് മാസ്റ്ററുടെ പശ്ചാത്തല സംഗീതം സിനിമയുടെ ഗൗരവവും ദുരന്താന്തരീക്ഷവും പ്രേക്ഷകരിലേക്ക് അത്രമേല്‍ ആഴത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
കിരീടം പാലം
കിരീടം റിലീസ് ചെയ്ത് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും, തിരുവനന്തപുരം വെള്ളായണിയിലുള്ള "കിരീടം പാലം' ഇന്ന് സിനിമാപ്രേമികളുടെ തീര്‍ഥാടന കേന്ദ്രമാണ്. നല്ല മനുഷ്യനാകാന്‍ ശ്രമിച്ച്, ഒടുവില്‍ വിധിയുടെ ക്രൂരതയ്ക്കിരയായി മാറിയ സേതുമാധവന്റെ കഥ, ഇന്നും ആസ്വാദകരുടെ കണ്ണുകളെ ഈറനണിയിക്കുന്നു. മലയാള സിനിമയുടെ എക്കാലത്തെയും അഭിമാനമായ മാസ്റ്റര്‍പീസ് തന്നെയാണ് "കിരീടം'.
Tags : Mohanlal Malayalam movie Kireedam Sibi Malayail Lohithadas Johnson Movie News