കത്തിയ വാഹനം, വിജീഷ് മണി
സംവിധായകൻ വിജീഷ് മണിയുടെ വീട്ടിൽ കിടന്നിരുന്ന ജീപ്പ് അജ്ഞാതർ കത്തിച്ചു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. തൃശൂർ മുതുവട്ടൂർ ആലുംപടിയിലാണ് സംഭവം. രണ്ടുപേർ വിജീഷിന്റെ വീട്ടിലേക്ക് അതിക്രമിച്ചുകടന്ന് വാഹനത്തിനു തീയിട്ട ശേഷം രക്ഷപ്പെടുകയായിരുന്നു.
മഴക്കോട്ട് ധരിച്ച രണ്ടുപേർ വിജീഷ് മണിയുടെ വീട്ടിലേക്കു വരുന്നതും കാർ കത്തിയ ഉടൻ ഓടിരക്ഷപ്പെടുന്നതുമായ ദൃശ്യം പരിസരത്തെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്.

ജീപ്പ് കത്തുന്നതുകണ്ട അയൽക്കാരാണ് വീട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് വീട്ടുകാരും നാട്ടുകാരും ഗുരുവായൂരിൽനിന്നുള്ള അഗ്നി രക്ഷാ സേനയും ചേർന്ന് തീയണച്ചെങ്കിലും ജീപ്പിന്റെ ഉൾഭാഗം ഏറക്കുറേ പൂർണമായും കത്തിനശിച്ചു.
ജീപ്പിന്റെ ഗ്ലാസ് തകർത്ത് ജീപ്പിനുള്ളിലേക്ക് ഇന്ധനമൊഴിച്ചു കത്തിച്ചതാണെന്ന് സംശയിക്കുന്നതായി വിജീഷ് മണി പറഞ്ഞു. സംഭവത്തിൽ ചാവക്കാട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Tags : Vijeesh Mani Director Jeep Unidentified Miscreants