ത്രില്ലർ സിനിമകളുടെ വിജയത്തിന് മുഖ്യകാരണങ്ങളായി മാറാറുള്ളത് കഥാഗതിയുടെ പ്രവചനാതീത സ്വഭാവവും ട്വിസ്റ്റുകളുമാണ്. ആ രണ്ടു ഫാക്ടറുകൾ പരസ്പരബന്ധിതമാണെങ്കിലും മിക്കവാറും ഇവയിൽ ഏതിലെങ്കിലും ഒന്നിനാണ് സാധാരണ ത്രില്ലർ തിരക്കഥകളിൽ രചയിതാക്കൾ ഊന്നൽ നൽകാറുള്ളത്.
ക്ലൈമാക്സ് പ്രവചനാതീതമാക്കിമാറ്റാൻ അത്ര യുക്തിസഹമല്ലാത്ത ട്വിസ്റ്റുകൾ കൊണ്ടുവരുന്നതും അതുപോലും സിനിമയുടെ വിജയകാരണമായി മാറുന്നതും ചില ചലച്ചിത്രങ്ങളിൽ നാം കാണാറുണ്ട്. പക്ഷെ ഇവിടെ ദൃശ്യം 3 ഒരു ദൃശ്യ വിസ്മയമാകുന്നത് തിരക്കഥയിൽ ഇതുരണ്ടും പരസ്പരം മൽസരിക്കുന്നിടത്താണ്. ജീത്തു ജോസഫ് എന്ന സംവിധായകനിലെ എഴുത്തുകാരനാണ് ഈ സിനിമയിൽ കൂടുതൽ കൈയടി അർഹിക്കുന്നത്.
യുക്തിസഹമല്ലാത്ത ട്വിസ്റ്റുകൾ ദൃശ്യം 3യിൽ എടുത്തുപറയാനില്ല. ക്ലൈമാക്സ് സീക്വൻസുകൾ എന്ന നിലയിൽ വിലയിരുത്താവുന്ന അവസാന അരമണിക്കൂറിൽതന്നെ എണ്ണിയെടുക്കാനാവാത്തത്ര ട്വിസ്റ്റുകളാണ് ജീത്തു ജോസഫ് ഒരുക്കിവച്ചിരിക്കുന്നത്. ഒടുവിൽ ടെയിൽ എൻഡിൽ ഒരു നാലാം ഭാഗത്തേയ്ക്കുകൂടിയുള്ള വാതിൽ തുറന്നിട്ടിരിക്കുന്നു. ഇനിയെന്തുണ്ടാകും എന്നൊരു ആകാംക്ഷ പ്രേക്ഷകനിൽ ജനിപ്പിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്.
ജോർജുകുട്ടി വളരുന്നു

നായകനായ ജോർജുകുട്ടി തുടക്കത്തിൽ ഒരു സിനിമാസ്വാദകനായ സാധാരണക്കാരനായ, നാട്ടിൽപുറത്തുള്ള സംരംഭകൻ ആയിരുന്നെങ്കിൽ, രണ്ടാം ഭാഗത്ത് ഒരു തിയേറ്റർ ഉടമയായി മാറി. എന്നാൽ ഇപ്പോൾ അദ്ദേഹം ബുദ്ധിമാനും വിജയിയുമായ ഒരു ചലച്ചിത്ര നിർമാതാവുകൂടിയാണ്.
രണ്ടാംഭാഗത്ത് ജോർജുകുട്ടിയുടെ ആശയത്തിൽ രൂപപ്പെടുന്ന കഥാരചന ഇവിടെ ചലച്ചിത്രമായി മാറുകയും അതു വലിയ വിജയം നേടുകയുമാണ്. ആ തുടക്കത്തിൽനിന്നു മുന്നോട്ടു നീങ്ങുന്ന സിനിമ അതിസങ്കീർണമായ കഥാഗതിയിലേക്കു ഘട്ടംഘട്ടമായി പുരോഗമിക്കുന്നു.
എഴുത്തിന്റെ മാജിക്
.jpg1779347887.jpg)
ജീവിതസാഹചര്യങ്ങളിൽ വരുന്ന മാറ്റങ്ങൾ, മക്കളുടെ വളർച്ച തുടങ്ങിയവയെല്ലാം കാലബന്ധിതമായി കഥയിൽ കൃത്യമായി കൊണ്ടുവന്നിരിക്കുന്നത് ചലച്ചിത്രത്തിനു യുക്തിഭദ്രത നൽകുന്നുണ്ട്. ഇത്തരം പശ്ചാത്തലങ്ങളെ അവതരിപ്പിക്കുന്ന ആദ്യ പകുതി അൽപ്പം സ്ലോ പേസിലാണ് മുന്നോട്ടു പോകുന്നതെങ്കിലും രണ്ടാം ഭാഗത്തിനു തികഞ്ഞ ത്രില്ലർ സ്വഭാവമാണുള്ളത്.
ഒരുഘട്ടത്തിലും കാഴ്ചക്കാരന് ഇനിയെന്ത് എന്നൊരു ചോദ്യത്തിനു സ്വയം ഉത്തരം കണ്ടെത്താൻ കഴിയാത്ത റൈറ്റിംഗ് ബ്രില്യൻസ് കാണാൻകഴിയും. ആദ്യം പറഞ്ഞതുപോലെ, ദൃശ്യം 3 ഇവിടെയാണ് വ്യത്യസ്തമാകുന്നത്.
ദൃശ്യം മൂന്നുഭാഗങ്ങൾക്കും പശ്ചാത്തല സംഗീതം ഒരുക്കിയ അനിൽ ജോൺസൺ ദൃശ്യം 3 ൽ ഒരു പടികൂടി മേലെ തന്റെ കഴിവ് തെളിയിച്ചിരിക്കുന്നു. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും വി. എസ്. വിനായകിന്റെ എഡിറ്റിംഗും സംവിധായകന്റെ ഹൃദയത്തോടു ചേർന്നുനിൽക്കുന്നവയാണ്.
.jpg1779347887.jpg)
വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ, പ്രത്യേകിച്ച്, രണ്ടാം ഭാഗത്തില്ലാതിരുന്ന കലാഭവൻ ഷാജോൺ, പുതുതായി കടന്നുവന്നവർ തുടങ്ങി എല്ലാവരും മനോഹരമായി തങ്ങളുടെ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.
മികച്ചൊരു ടീംവർക്ക് തന്നെയാണ് ദൃശ്യം 3ന്റെ ഫൈനൽ ഔട്ട് എന്നതിൽ തർക്കമില്ല. നായകനായ മോഹൻലാലിന്റെ പിറന്നാൾ ദിനമായ മേയ് 21ന് സഹപ്രവർത്തകർ നൽകിയ വേറിട്ടൊരു സമ്മാനംകൂടിയാണ് ഈ ചലച്ചിത്രം.
NB: UA16+ സർട്ടിഫിക്കേഷൻ ലഭിച്ചിരിക്കുന്ന ഈ ചലച്ചിത്രം കുടുംബ പ്രേക്ഷകർ കൊച്ചുകുട്ടികളുമൊപ്പം കാണുന്നത് പ്രോത്സാഹിപ്പിക്കത്തക്കതല്ല.