കെ.പി.എ.സി. ലളിത
ഭരതന്റെ അമരം എന്ന സിനിമയുടെ തുടക്കത്തില്‍ കെ.പി.എ.സി. ലളിതയുടെ ഭാര്‍ഗവി എന്ന കഥാപാത്രം വീട്ടുമുറ്റത്തിരുന്ന് വെറ്റില മുറുക്കി വീട്ടുവിശേഷങ്ങള്‍ പറയുന്ന രംഗമുണ്ട്. വിഭാര്യനായ അച്ചുവിന്റെ (മമ്മൂട്ടി) വീട്ടില്‍ നാത്തൂന് ചന്ദിരി (ചിത്ര) പോകുന്നതിന്റെ ഒരു ഈര്‍ഷ്യ ഇടയ്ക്കിടെ പ്രകടിപ്പിക്കുന്നുമുണ്ട്. ചന്ദിരി ദേഷ്യപ്പെട്ട് പാത്രം കഴുകാനായി അടുക്കളയിലേക്ക് ചാടിത്തുള്ളി പോകുമ്പോള്‍ ലളിതയുടെ മറുപടി.
“എന്നോട് ജുദ്ധത്തിനു നില്‍ക്കാതെ നീ നിന്റെ പണി നോക്കടി. ഞങ്ങളിവിടെ പലതും പറയും. നീ എന്തിനാണ് അതേറ്റു പിടിക്കണത്.” ഇത്രയും പറഞ്ഞതിന്റെ അടുത്ത നിമിഷത്തില്‍ അച്ചുവിന്റെ മകള്‍ രാധയെ (മാതു) നോക്കി പറയുന്ന ഡയലോഗ് കേള്‍ക്കുക.
“അപ്പോ മകാള് പരൂക്ഷ ജയിച്ച്...”
വെറ്റില മുറുക്കി തലയാട്ടി നല്ല വാത്സല്യത്തോടെയാണ് ചോദ്യം. എത്ര പെട്ടെന്നാണ്, എത്ര അനായാസമായാണ്, ശുണ്ഠിയെടുക്കുന്ന നാത്തൂനില്നിന്നു സ്നേഹനിധിയായ അയല്‍ക്കാരിയായി ലളിത മാറുന്നത്. ഈ രംഗം കാണുമ്പോള്‍ ആലപ്പുഴയിലെയുംമറ്റും മത്സ്യത്തൊഴിലാളികളുടെ വീട്ടുമുറ്റത്ത് ് അക്ഷരാര്‍ഥത്തില്‍ എത്തുന്ന പ്രതീതിയാണ്.
ദേഷ്യം പിടിക്കുമ്പോള്‍ വായില്‍ വരുന്നതു പറയുകയും അടുത്ത നിമിഷം ഇണങ്ങുകയും സ്നേഹിക്കുകയും ചെയ്യുന്ന സാധാരണക്കാരിയായ ഒരു മത്സ്യത്തൊഴിലാളിയുടെ പര്യായമായി മാറുകയാണ് കെ.പി.എ.സി ലളിത. ഇതുപോലെ നിരവധി രംഗങ്ങള്‍ അമരത്തിലുണ്ട്.
ചന്തയില്‍ ഭാര്‍ഗവി മീന്‍ വില്‍ക്കുന്ന രംഗം മറക്കാനേ കഴിയില്ല. തൊട്ടടുത്തിരിക്കുന്ന മീന്‍ വില്പനക്കാരിയോട് വലിയ വായില്‍ വഴക്കിടുന്നു, അടുത്ത നിമിഷം ചിരിക്കുന്നു, നാട്ടുവര്‍ത്തമാനം പറയുന്നു!
ലളിത ജീവന് നല്കിയ ഓരോ കഥാപാത്രത്തിനും അവരുടേതായ സംസാര രീതിയുണ്ട്, ശരീരഭാഷയുണ്ട്, മുഖഭാവങ്ങളുണ്ട്. സത്യത്തില്‍ നമുക്കു ചുറ്റുമുള്ള സ്ത്രീകള്‍തന്നെയാണ് അവരെല്ലാം.
സിനിമയില്‍ അഭിനയമല്ല വേണ്ടത് ബിഹേവ് ചെയ്യുകയാണ് ആവശ്യമെന്ന പുതിയ സമവാക്യങ്ങള്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പേ സത്യമാക്കിയ നടിയാണ് കെ.പി.എ.സി. ലളിത. ചെറുപ്പം മുതലുള്ള നാടകാഭിനയം ഇതിനൊരു കാരണമായി കണക്കാക്കാം. അതിനും മുകളില്‍ ദൈവം അറിഞ്ഞു കൊടുത്തൊരു അഭിനയശൈലിയാണ് ലളിതയെ, ലളിത ആക്കിയത്!
തിരുവനന്തപുരത്ത് ഒരു സിനിമാ ഷൂട്ടിംഗിനു വന്ന വേളയില്‍ അനുഗൃഹീത നടിയോട് ചോദിച്ചിട്ടുണ്ട്, എന്താണ് ഈ സ്വാഭാവിക അഭിനയത്തിനു പിന്നിലെ രഹസ്യമെന്ന്. സാധാരണ മട്ടില്‍ കെ.പി.എ.സി ലളിത പറഞ്ഞത് കുറിക്കാം.
“എന്റെ ചുറ്റും കാണുന്ന മനുഷ്യരുടെ പെരുമാറ്റവും സംസാരരീതിയുമൊക്കെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. സിനിമയില്‍ ഞാന്‍ അഭിനയിക്കേണ്ട കഥാപാത്രത്തെക്കുറിച്ച് സംവിധായകന് പറയുമ്പോള്‍ ജീവിതത്തില്‍ ഞാന്‍ കണ്ട വ്യക്തികളുടെ പെരുമാറ്റവും രീതികളും മറ്റും കഥാപാത്രത്തില്‍ ചേര്‍ക്കാറുണ്ട്. സംവിധായകന്റെ അനുവാദത്തോടെ മാത്രമേ ഈ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താറുള്ളൂ എന്നുമാത്രം”.
സിനിമാഭിനയത്തിന്റെ തുടക്കകാലത്ത് നായികയായും പിന്നെ നായികാപ്രാധാന്യമുള്ള വേഷങ്ങളും ലളിത അവതരിപ്പിച്ചിട്ടുണ്ട്.‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന ചിത്രത്തില്‍ പാര്‍വതിയായി വന്ന് ഒരു കാമുകിയുടെ സ്വപ്നങ്ങളോടെ കല്യാണി കളവാണി... എന്ന ഗാനം പാടി അഭിനയിക്കുന്നതിന് ഒരു പ്രത്യേക സൗന്ദര്യമുണ്ട്.
പില്ക്കാലത്ത് അമ്മവേഷത്തിലും മറ്റും എത്തിയതോടെ ലളിതയുടെ റേഞ്ച് മാറി. പരാതിക്കാരിയായ ഭാര്യയായും തന്നിഷ്ടക്കാരിയും വായാടിയുമായ ചേട്ടത്തിയായും, അമ്മായിയമ്മയായും നാത്തൂനായും അസൂയ മൂത്ത അയല്ക്കാരിയായും ലളിത ജീവിച്ചു.
സത്യന് അന്തിക്കാടിന്റെ പല ഹിറ്റ് സിനിമകളിലും ഈ ഭാവപ്പകര്‍ച്ച ഏറ്റവും മനോഹരമാണ്. ‘വീണ്ടും ചില വീട്ടുവിശേഷങ്ങളിലെ’ മുണ്ടും ചട്ടയുമണിഞ്ഞ കണിശക്കാരിയായ അമ്മച്ചിയെ എങ്ങനെ മറക്കാനാണ്.
സസ്നേഹം, കനല്‍ക്കാറ്റ്, കുടുംബപുരാണം തുടങ്ങി എത്രയോ സത്യന് അന്തിക്കാട് ചിത്രങ്ങളില്‍ ലളിത വ്യത്യസ്ത രൂപഭാവങ്ങളില്‍ കടന്നുവന്നു.
ലേഡി സൂപ്പര്‍ താരപദവി ആരും ചാര്‍ത്തിക്കൊടുത്തില്ലെങ്കിലും കെ.പി.എ.സി. ലളിതയെ പ്രേക്ഷകമനസില്‍ സൂപ്പര്‍ താരമാക്കുന്ന ഇത്തരം നിരവധി കഥാപാത്രങ്ങളുണ്ട്. കാലത്തിന് ഇളക്കാനാവാത്ത, എണ്ണിയാല്‍ തീരാത്തത്രയും കഥാപാത്രങ്ങള്‍...