ഖലീഫയിൽ പൃഥ്വിരാജ്
കടുവയ്ക്കുശേഷം തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാമും നടന് പൃഥ്വിരാജും ഒരുമിക്കുന്ന ഫാമിലി ആക്ഷന്‍ മാസ് കമേഴ്സ്യല്‍ ത്രില്ലര്‍, "ഖലീഫ' 20നു തിയറ്ററുകളില്‍. ജിനുവും സംവിധായകന് വൈശാഖും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നിര്‍ണായക അതിഥിവേഷത്തിലെത്തുന്നു. സ്വര്‍ണം കൊണ്ട് തീർക്കുന്ന പ്രതികാരമാണു സിനിമ പറയുന്നത്.
"തിയറ്ററിലെത്തി ആര്‍പ്പുവിളിച്ച്, കയ്യടിച്ച്, ഈ ഉത്സവകാലം എന്ജോയ് ചെയ്തു പോകാന്‍ പറ്റുന്ന സിനിമ. എന്നാല്‍ അതില്‍ കാമ്പുള്ള കഥയും കഥാപാത്രങ്ങളും ഇമോഷന്‍സും പ്രണയവുമൊക്കെയുണ്ട്. അങ്ങനെയൊരുപാടു ലെയറുകളുള്ള കഥകള്‍ വീണുകിട്ടുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഭാഗ്യമാണ്'- ജിനു സണ്‍ഡേ ദീപികയോടു പറഞ്ഞു.
കഥാപശ്ചാത്തലം..?
ഇത് മലബാറിലെ ഒരു കഥയാണ്. പത്രങ്ങളിലൊക്കെ വാര്‍ത്തയാകാറുള്ള സ്വര്‍ണക്കടത്ത്, സ്വര്‍ണവേട്ട, കള്ളക്കടത്ത്...അത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകുന്ന ഭാഗ്യാന്വേഷികളായ ചെറുപ്പക്കാര്‍, അവരുടെ ജീവിതം, പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങള്‍, അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു...അത്തരം വിഷയങ്ങള്‍ വാണിജ്യ ചേരുവകളോടെ പറയുകയാണ്. കേരളത്തില്‍ നിന്നു തുടങ്ങി ദുബായ്, നേപ്പാള്‍, ലണ്ടന്‍ എന്നിവിടങ്ങളിലൂടെയാണു കഥാസഞ്ചാരം.
വൈശാഖുമായുള്ള ആദ്യ അനുഭവം..?

അതിമനോഹരം. ഞാന്‍ ഏറെ എന്ജോയ് ചെയ്താണ് ഒപ്പം പ്രവര്‍ത്തിച്ചത്. കടുവ കഴിഞ്ഞപ്പാള്‍ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് വഴി എന്നെ സമീപിച്ച് ഒരു തിരക്കഥ എഴുതണമെന്നു പറഞ്ഞിരുന്നു. ഇനിയും ഒന്നിച്ചു സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നു.
കെജിഎഫ് പോലെ സ്വര്‍ണഖനികളിലെ സംഘര്‍ഷങ്ങളാണോ..?
കെജിഎഫുമായി ബന്ധമൊന്നുമില്ല. കുറച്ചുകൂടി റിയലിസ്റ്റിക്കാണ്. മണ്ണിലേക്ക് ഇറങ്ങിയാണു കഥപറച്ചില്‍. ഇതില്‍ സ്വര്ണഖനിയൊന്നുമില്ല, സ്വര്‍ണക്കടത്താണ്.
പൃഥ്വിരാജിലേക്ക് എത്തിയത്..?

പൃഥ്വിരാജിനു വേണ്ടി എഴുതിയ അഞ്ചാമത്തെ സിനിമയാണിത്. എന്റെ മനസിലുള്ള കഥകളെല്ലാം അദ്ദേഹത്തിനറിയാം. അദ്ദേഹം കേള്‍ക്കുന്ന കഥകള്‍ എന്നോടും പറയാറുണ്ട്. അങ്ങനെ സംസാരിക്കുമ്പോള്‍ ചിലതു ചെയ്യുമെന്നു തീര്‍ച്ചപ്പെടുത്തും. 2017-18 കാലഘട്ടത്തില്‍ ഞാന്‍ ഇങ്ങനെയൊരു വിഷയം എഴുതണമെന്നു തീരുമാനിച്ചിരുന്നു. 2022ല്‍ കടുവ, അന്വേഷിപ്പിന്‍ കണ്ടെത്തും സിനിമകള്‍ക്കുശേഷം കാപ്പയുടെ നിര്‍മാണസമയത്താണ് ഇതിന്റെ എഴുത്തിലേക്കു കടന്നത്.
പൃഥ്വിരാജിന്റെ കഥാപാത്രം ആമിര്‍ അലിയെക്കുറിച്ച്...?

മലബാറിലെ എബൗവ് മിഡില്‍ ക്ലാസ് ഫാമിലിയിലെ ചെറുപ്പക്കാരന്. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് ഉത്തരവാദിത്തങ്ങളൊന്നുമില്ല. വളരെ ഫാഷനബിളായ വേഷങ്ങള്‍ ധരിച്ച് ജീവിതം വളരെ ആഘോഷിച്ചു മുന്നോട്ടു പോകുന്ന ഒരാളായിരുന്നു. ജീവിതത്തിലുണ്ടായ കുറേ കാര്യങ്ങള്‍ അയാളെ എവിടെ കൊണ്ടെത്തിക്കുന്നു എന്നതാണ് ഈ സിനിമ. കേരളത്തില്‍ സ്വര്‍ണക്കടത്ത് ഏറെ സജീവമായിരുന്ന 15 വര്‍ഷം മുമ്പുള്ള കാലഘട്ടത്തെ വര്‍ത്തമാനകാലവുമായി ബന്ധപ്പെടുത്തിയാണു കഥ പറയുന്നത്. അങ്ങനെ, ഇതില്‍ പൃഥ്വിരാജിന് ഒരു യംഗ് ലുക്കും ഒരു പ്രസന്റ് ലുക്കും ഉണ്ട്.
പൃഥ്വിരാജുമായി കെമിസ്ട്രിയുണ്ടാകുന്നത്..?
എനിക്കിഷ്ടമാകുന്ന, ഞാന്‍ ആവേശത്തിലാകുന്ന ഒരു കാര്യം അദ്ദേഹത്തോടു പറയുമ്പോള്‍ അതേ ആവേശം അദ്ദേഹത്തിലും കാണാറുണ്ട്. എന്നെ വിശ്വാസമില്ലാത്ത ഒരു സ്ഥലത്തു നില്ക്കാന് വലിയ പ്രയാസമാണ്. അദ്ദേഹത്തിന് എന്നെ വലിയ വിശ്വാസമാണ്. അതാണ് ഞങ്ങളുടെ കെമിസ്ട്രിയുടെ അടിത്തറ.
മോഹന്‍ലാലിന്റെ കഥാപാത്രം..?
മാമ്പറയ്ക്കല്‍ അഹമ്മദാലി എന്ന കാമിയോ കഥാപാത്രം. പക്ഷേ, ഈ സിനിമയില്‍ മൊത്തം ആ കഥാപാത്രത്തിന്റെ സാന്നിധ്യം നമുക്ക് ഫീല്‍ ചെയ്യാനാവും. ആമിര്അലിയുടെ ഗ്രാന്‍ഡ് ഫാദര്‍ വേഷം. അദ്ദേഹത്തെ ത്രൂ ഔട്ട് ഹീറോയാക്കി ഇതിന്റെ അടുത്ത ഭാഗം വരുന്നുണ്ട്. അതിന്റെ ഷൂട്ട് അടുത്ത വര്‍ഷം ആദ്യം തന്നെ തുടങ്ങാനാണ് ആലോചന. പൃഥ്വിരാജും ഉണ്ടാവും ആ സിനിമയില്‍. പ്രീക്വലിന്റെ സ്വഭാവമുള്ള ഒരു സീക്വല്‍ ആയിരിക്കും അത്.
നായികയും മറ്റു താരങ്ങളും..?
പ്രശസ്ത മോഡല്‍ മാളവിക ശര്‍മ എന്ന മുംബൈ സ്വദേശിനിയാണു നായിക. തെലുങ്കിലൊക്കെ അഭിനയിച്ചിട്ടുണ്ട്. ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ഷമ്മി തിലകന്, ശ്രീജിത്ത്, സഞ്ജു ശിവറാം...വലിയ താരനിരയുണ്ട്. 18 വര്‍ഷത്തിനു ശേഷം മോഹിനി മുഴുനീള വേഷത്തില്‍ തിരിച്ചുവരികയാണ്.
ആക്ഷനാണോ പ്രാധാന്യം..?
കഥയ്ക്കു വേണം എന്ന രീതിയിലാണ് ഇതില്‍ ആക്ഷന്‍. യാനിക്ക് ബെന്‍ ആണ് മുഖ്യ ആക്ഷന്‍ കൊറിയോഗ്രഫര്‍. ഒപ്പം, ചേതന്‍ ഡിസൂസയും ബ്ലാസ്റ്റ് ഫെയിം ഫീനിക്സ് പ്രഭുവും. ഫാമിലിക്കും വലിയ പ്രാധാന്യമുണ്ട്. സ്വാഗ്, മാസ് അത്തരം കാര്യങ്ങളുണ്ട്. ജേക്സ് ബിജോയ് മ്യൂസിക് ചെയ്ത കുറേ പാട്ടുകളുണ്ട്. ഏറെ താത്പര്യമുള്ള ഒരു കഥ പരമാവധി ആളുകള്‍ക്ക് അടുപ്പം തോന്നുന്ന തരത്തില്‍, അവര്‍ക്ക് ആസ്വദിച്ചു കാണാനാകുംവിധം ഒരുക്കുക എന്നതായിരുന്നു വെല്ലുവിളി.
"കടുവ'യ്ക്കു പ്രീക്വലും സീക്വലുമൊക്കെ പറഞ്ഞിരുന്നല്ലോ..?
ഇതിനുശേഷം അതിലേക്ക് എത്താമെന്നു വിചാരിക്കുന്നു. പൃഥ്വിയുടെ മനസിലും ആ സിനിമയുണ്ട്.