ഷാരൂഖ് ഖാൻ.
ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനും സംവിധായകൻ അറ്റ്ലിയും വീണ്ടും ഒരുമിക്കുന്നുവെന്നു റിപ്പോർട്ട്. 'ജവാൻ' എന്ന ഹിറ്റ് ചിത്രത്തിനുശേഷം ഇരുവരും ഒന്നുകൂടി കൈകോർക്കുന്നുവെന്നാണ് ബി ടൗണിൽനിന്നുള്ള വാർത്തകൾ.
പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സംവിധായകൻ അറ്റ്ലി അയച്ച സന്ദേശത്തിനു മറുപടിയായാണ് ഷാരൂഖ് ഖാൻ തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്. ഷാരൂഖിന്റെ വരാനിരിക്കുന്ന ചിത്രമായ 'കിംഗ്'-ലെ 'തു മിൽ ജായേ' എന്ന ഗാനത്തെ അഭിനന്ദിച്ചും, ഷാരൂഖ് തന്റെ വലിയ പ്രചോദനമാണെന്നും ഗുരുതുല്യനാണെന്നും വിശേഷിപ്പിച്ചായിരുന്നു അറ്റ്ലി ആശംസകൾ അറിയിച്ചത്.
മറുപടിയായി, 'എന്റെ ജവാൻ ക്യാപ്റ്റനു നന്ദി. നമ്മുടെ സെറ്റുകളിലെ ആവേശം മിസ് ചെയ്യുന്നുണ്ട്. വൈകാതെ വീണ്ടും ചിലതു സൃഷ്ടിക്കാം, സ്നേഹം...' എന്ന് ഷാരൂഖ് ഖാൻ കുറിച്ചു.
ബോളിവുഡ് ബോക്സോഫീസിൽ സർവകാല റെക്കോർഡുകൾ തിരുത്തിക്കുറിച്ച 'ജവാൻ' ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നാണ്. ഈ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.