കലാഭവൻ ഷാജോൺ.
പ്രശസ്ത നടൻ കലാഭവൻ ഷാജോണിനു ഗൾഫ് പ്രോഗ്രാമിനിടെ പറ്റിയ അബദ്ധം തുറന്നുപറയുകയാണു നടൻ കലാഭവൻ പ്രജോദ്. സഹതാരങ്ങളെല്ലാം 'പുലിവാൽ പിടിച്ചല്ലോ ദൈവമേ...' എന്ന് ആവലാതിപ്പെട്ട് കുവൈറ്റ് വിമാനത്താവളത്തിൽ നിൽക്കുന്പോൾ, ഒരിക്കലും പ്രതീക്ഷിക്കാത്ത പൊട്ടിച്ചിരിയായി ക്ലൈമാക്സ് മാറുകയായിരുന്നു.
പ്രജോദിന്റെ വാക്കുകൾ:
നമ്മുടെ നാട്ടിൽ ഗൾഫുകാരോടും കലാകാരന്മാരോടും സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ തമ്മിൽ വലിയ വ്യത്യാസമില്ല. ’’ എപ്പോ വന്നു... എപ്പഴാ പോകുന്നേ...’’ ഇതു ഗൾഫ് മലയാളിയുടെ തലയിലെഴുത്ത്.
’’ ഇപ്പോ ടിവിയിലൊന്നും കാണാനില്ലല്ലോ... പരിപാടിയൊന്നും ഇല്ല അല്ലേ..? ’’ ഇതു കലാകാരന്മരോട് പൊതുവേയുള്ള ചോദ്യം.
അതുപോലെ, നെറ്റിയിലേക്കു വീണുകിടക്കുന്ന എന്റെ മുടി കണ്ടു പലരും ചോദിക്കാറുണ്ട്, ’’ഓ ഇത് വിഗ്ഗാ അല്ലേ...’’. അല്ല, എന്ന് മറുപടി പറഞ്ഞാലും ചിലർ ബലമായി ഒന്നു പിടിച്ചുനോക്കും. അതൊക്കെ കലാകാരന്മാരോടുള്ള സമൂഹത്തിന്റെ സ്നേഹപൂർവമുള്ള സ്വാതന്ത്ര്യമെടുക്കലായിട്ടേ ഞാൻ കരുതിയിട്ടുള്ളൂ.
ഒരിക്കൽ, ഞങ്ങളുടെ അസോസിയേഷൻ മീറ്റിങ് നടക്കുന്നു. വിഗ്ഗ് വച്ച കലാകാരന്മാരെല്ലാം മുൻനിരയിൽ ഒരുമിച്ചാണിരുപ്പ്. ആരോ ചോദിച്ചപ്പോൾ കോട്ടയം നസീർ പറഞ്ഞു ’’ ഞങ്ങൾ ’ടോപ്പ്’ ആർട്ടിസ്റ്റുകളൊക്കെ ഒരുമിച്ചേ ഇരിക്കൂ...’’ നസീറിക്ക ’ടോപ്പ്’ എന്ന് ഉദ്ദേശിച്ചത് വിഗ്ഗിനെയാണ്.
ക്രിക്കറ്റിൽ സച്ചിൻ ടെൻഡുൽക്കറുടെ പിൻഗാമി വിരാട് കോഹ്ലി ആണെങ്കിൽ വിഗ്ഗിന്റെ കാര്യത്തിൽ നസീറിക്കയുടെ പിൻഗാമി കലാഭവൻ ഷാജോണ്‍ ആണ്. സിനിമയിൽ ഷാജോണ്‍ വിഗ്ഗ് വച്ചും കഷണ്ടിയായിട്ടും അഭിനയിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തിൽ ഷാജോണ്‍ വിഗ്ഗ് വച്ചിട്ടുണ്ടെന്ന് ആരും പറയില്ല. യാഥർഥ മുടിയാണെന്നേ തോന്നൂ. വിഗ്ഗ് നന്നായി വൃത്തിയാക്കി വയ്ക്കുകയും ചെയ്യും.
ചിലർ വിഗ്ഗ് എന്ന പേരിൽ തലയിൽ വച്ചിരിക്കുന്നത് കണ്ടാൽ ചകിരി കളർ ചെയ്ത് കെട്ടിത്തൂക്കിയ പോലെ തോന്നും. ചിലർക്ക് തലയുടെ മുൻവശത്ത് മുടി ഉണ്ടാകില്ല. ചിലർ തലയുടെ പിൻഭാഗത്ത് നീളത്തിൽ മുടി വളർത്തിയിട്ടുണ്ടാകും. പിന്നിലേക്ക് നീണ്ടുകിടക്കുന്ന മുടി ചീകി മുന്നിലേക്കിട്ട് കഷണ്ടി മറയ്ക്കുന്ന വിദ്യ ഒന്നു കാണേണ്ടതുതന്നെയാണ്. പെണ്‍കുട്ടികൾക്ക് പൊതുവേ നീളമുള്ള മുടി അഴകുതന്നെയാണ്. എന്നാൽ, തിരുപ്പൻ പ്രയോഗമൊക്ക പഴങ്കഥയായി മാറിക്കഴിഞ്ഞു.

ഷാജോണിന്റെ വിഗ്ഗിനെപ്പറ്റിയാണ് നമ്മൾ പറഞ്ഞുവന്നത്. ഒരിയ്ക്കൽ ഞങ്ങൾ കുവൈറ്റിൽ ട്രിപ്പ് പോയ സമയത്ത് എയർപോർട്ടിൽ സേഫ്റ്റി ചെക്കിന് ഓരോരുത്തരെയായി കടത്തിവിടുന്നു. ഞങ്ങളൊക്കെ കടന്നപ്പോൾ അലാം മുഴക്കാത്ത മെഷീൻ ഷാജോണ്‍ കടന്നതും വലിയ വായിൽ കരയുന്നതുപോലെ ’ബീപ്...’ ശബ്ദം പുറപ്പെടുവിക്കാൻ തുടങ്ങി. ഷാജോണിന്റെ ബെൽറ്റ് ഊരിമാറ്റി വീണ്ടും കടത്തിവിട്ടു. പിന്നെയും അലാം മുഴങ്ങി. ഷർട്ട് ഊരിമാറ്റി നോക്കി. എന്നിട്ടും മെഷീന് ഒരു ദയയുമില്ല.
അറബി പൊലിസുകാരുടെ മുഖം ചുവന്നുതുടങ്ങി. അവർ ഷാജോണിന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. ഷാജോണ്‍ ഞങ്ങളെ നോക്കി. ഷാജോണിന്റെ ശരീരത്തുനിന്ന് ഇനി ഊരിമാറ്റൻ അണ്ടർവെയർ മാത്രം ബാക്കി എന്ന നിലയിലെത്തി കാര്യങ്ങൾ. ഹാൻഡ് സ്കാനറുമായി ഒരു പൊലിസുകാരൻ ഷാജോണിന്റെ കാൽ മുതൽ സ്കാൻ ചെയ്യാൻ തുടങ്ങി. തലയ്ക്ക് താഴെവരെ ബീപ് ശബ്ദം പുറപ്പെടുവിക്കാതിരുന്ന സ്കാനർ ഷാജോണിന്റെ തലയിലേക്ക് വന്നതും ബീപ്... ബീപ്... എന്നടിക്കാൻ തുടങ്ങി. പൊലിസുകാർ അറബിയിൽ എന്തൊക്കെയോ പറയുന്നുണ്ട്.
ടെൻഷനടിച്ച് ഞങ്ങൾ ഷാജോണിനെ നോക്കിനിൽക്കുന്പോൾ, പെട്ടെന്ന് ഷാജോണ്‍ തന്റെ തലയിലെ വിഗ്ഗ് ഊരി പൊലിസുകാരുടെ കൈയിലേക്കു കൊടുത്തു. എന്നിട്ട്, ട്യൂബ് ലൈറ്റ് കത്തിവരുന്നതുപോലൊരു ചിരിയോടെ ഷാജോണ്‍ ഞങ്ങളെ നോക്കി. വിഗ്ഗിൽ ഉണ്ടായിരുന്ന ക്ലിപ് ആയിരുന്നു മണി മുഴക്കിയ വില്ലൻ.
തങ്ങളുടെ കൈയിലിരിക്കുന്ന വിഗ്ഗിലേക്കും ഷാജോണിന്റെ കഷണ്ടിയിലേക്കും നോക്കി പൊട്ടിച്ചിരിക്കുന്ന അറബി പൊലിസുകാർ.
ഞങ്ങൾ കുവൈറ്റിലെ എയർപോർട്ടിന് പുറത്തെത്തുന്നതിനു മുന്‍പേ സംഭവം എത്തേണ്ടിടത്തെത്തി. പ്രോഗ്രാം ഭംഗിയായി അവസാനിച്ചു. ഫോട്ടോയെടുപ്പും ബഹളവും. ആ സമയത്ത് രണ്ട് മാന്യദേഹങ്ങൾ എന്റെ അടുത്തു വന്നു. എന്നിട്ട്, അവരെന്നെ അൽപ്പം മാറ്റിനിർത്തിയിട്ട് ചോദിച്ചു ’’ അതേ നമ്മുടെ ഷാജോണ്‍ വിഗ്ഗാ അല്ലേ... കണ്ടാൽ പറയില്ല കേട്ടോ... ’’
അങ്ങനെ പറഞ്ഞ് പെട്ടെന്ന് അയാൾ എന്റെ മുടിയിൽ ഒറ്റപ്പിടിത്തം. മുടിയിൽ ബലമായി പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും ഒന്നുലച്ചു. എനിക്കുണ്ടായ വേദനയൊന്നും ആശാനറിഞ്ഞ മട്ടില്ല. എന്റെ മുടിയിൽ നിന്നു കൈ എടുത്ത് അയാൾ കൂടെയുണ്ടായിരുന്നവന്റെ നേർക്ക് കൈനീട്ടി, എന്നിട്ട് പറഞ്ഞു ’’ കാശെടുക്കടാ, അപ്പഴേ ഞാൻ പറഞ്ഞില്ലേ പ്രജോദിന്റെ മുടി വിഗ്ഗല്ലെന്ന്... ’’
തലയും തിരുമ്മി ഞാൻ നിൽക്കുന്പോൾ എന്റെ വേദനയുടെ പ്രതിഫലം ബെറ്റിന്റെ രൂപത്തിൽ അയാൾ വാങ്ങുന്നു.
Tags : KalabhavanShajon Entertainment KalabhavanPrajod KuwaitPolice FilmNews