പുതുവത്സരാഘോഷം പാട്രിയാറ്റ് സെറ്റിൽ ആഘോഷിച്ച് മമ്മൂട്ടി. സഹപ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ചാണ് താരം പുതുവത്സരത്തെ വരവേറ്റത്. സംവിധായകൻ മഹേഷ് നാരായണൻ, നിർമാതാവ് ആന്റോ ജോസഫ്, ചങ്ങനാശേരി മീഡിയ വില്ലേജ് പ്രിന്‍സിപ്പൽ ഫാ. ജിന്റോ മുരിയങ്കിരിയും ഉൾപ്പെടെയുള്ളവർ ആഘോഷത്തിൽ പങ്കുചേർന്നു.
മമ്മൂട്ടിയും മോഹൻലാലും പതിനേഴ് വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമായ പാട്രിയറ്റിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്.
മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന സിനിമയുടെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്.
ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക്, യു.കെ. എന്നിവിടങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഇപ്പോൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്.