മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം 'അതിമനോഹര'ത്തിന്റെ ഓണം സ്പെഷ്യൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പോലീസ് യൂണിഫോമിൽ ബുള്ളറ്റിൽ മാസ് ലുക്കിലിരിക്കുന്ന മോഹൻലാലാണ് പോസ്റ്ററിലുള്ളത്. ചിത്രം ഡിസംബർ 24-ന് തിയേറ്ററുകളിലെത്തും.
ലൗലജൻ എന്ന സാധാരണക്കാരനായ പോലീസ് സബ് ഇൻസ്പെക്ടറുടെ ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതത്തിൽ ഉണ്ടാകുന്ന സംഘർഷഭരിതമായ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ജനപ്രിയ കൂട്ടുകെട്ടായ മോഹൻലാൽ-മീരാ ജാസ്മിൻ ജോഡി ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
'തുടരും' എന്ന വൻ വിജയത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും കൈകോർക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് സിനിമാസ്വാദകർ.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ആദ്യ മോഹൻലാൽ ചിത്രം കൂടിയാണിത്. ലാലു അലക്സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
'ഇഷ്ക്', 'ആലപ്പുഴ ജിംഖാന' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാജി കുമാർ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്നു.
ബിനു പപ്പു സഹസംവിധായകനായ ചിത്രത്തിന്റെ എഡിറ്റിങ് ഷെഫീഖ് വി.ബിയും സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദുമാണ് കൈകാര്യം ചെയ്യുന്നത്. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
Tags : Athimanoharam Mohanlal Lalettan MeeraJasmine TarunMurthy