ബെത്ലഹേം കുടുംബ യൂണിറ്റിൽ നിവിൻ പോളിയും മമിത ബൈജുവും
തിയേറ്ററുകളിൽ ചിരിയുടെ പൂരം തീർത്ത് നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ 'ബെത്ലഹേം കുടുംബ യൂണിറ്റ്' ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബ് റെക്കോർഡ് സ്വന്തമാക്കി. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ഓഗസ്റ്റ് 21നാണ് തിയേറ്ററുകളിൽ എത്തിയത്. റിലീസ് ദിവസം മുതൽ ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ മികച്ച ബുക്കിംഗാണ് ചിത്രത്തിന് ലഭിക്കുന്നത്.
ജസ്റ്റിൻ, ആഷ്ലി എന്നീ രസകരമായ കഥാപാത്രങ്ങളായാണ് നിവിൻ പോളിയും മമിതയും ചിത്രത്തിലെത്തിയിരിക്കുന്നത്. 'തണ്ണീർ മത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഈ ചിത്രം അദ്ദേഹത്തെ മലയാളത്തിലെ മുൻനിര ഹിറ്റ് സംവിധായകരുടെ നിരയിലേക്ക് ഉയർത്തിയിരിക്കുകയാണ്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സൂപ്പർ ഹിറ്റായ പ്രേമലുവിനു ശേഷം ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന ആറാമത്തെ ചിത്രമാണിത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്. കുടുംബ പ്രേക്ഷകരെയും യുവജനങ്ങളെയും ഒരുപോലെ തിയേറ്ററുകളിലേക്ക് ആകർഷിച്ചുകൊണ്ട് ചിത്രം പ്രദർശനം തുടരുകയാണ്.
Tags : NivinPauly MamithaBaiju BethlehemKudumbaUnit