രഞ്ജിനി ഹരിദാസ്,
ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ തനിക്കെതിരെ ബിജെപി നേതാവ് നടത്തിയ ആരോപണങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനാണ് രഞ്ജിനിക്കെതിരെ ആരോപണമുന്നയിച്ചത്.
പണം വാങ്ങിയാണ് സമരത്തിൽ പങ്കെടുത്തതെന്ന ആരോപണം തെളിയിക്കാൻ വെല്ലുവിളിച്ച രഞ്ജിനി വിദ്യാർഥികളുടെ ഈ സമരത്തിനൊപ്പം അവസാനം വരെ ഉണ്ടാകുമെന്നും വ്യക്തമാക്കി.
‘‘ആരാണ് അങ്ങനെ പറഞ്ഞത്? എന്താണ് അയാളുടെ പേര്? ഞാൻ കേട്ടിട്ട് പോലുമില്ല! ഞാൻ പണം വാങ്ങിയിട്ടാണ് പോയതെങ്കിൽ അത് ആരോപിച്ചവർ തെളിയിക്കട്ടെ. എത്ര ഫണ്ടാണ് കിട്ടിയതെന്ന് കൃത്യമായി പറഞ്ഞാൽ അക്കൗണ്ട് ചെക്ക് ചെയ്തിട്ട് മറുപടി നൽകമായിരുന്നു. തെളിവുമായി എന്റെ അടുത്ത് വരട്ടെ, ഒരു മേശയ്ക്ക് ഇരുവശവുമിരുന്ന് നമുക്ക് സംസാരിക്കാം. പണം വാങ്ങി സമരം ചെയ്യുന്നത് അവരുടെ ശീലമായിരിക്കും.
പണം കൊടുത്താലേ ആർട്ടിസ്റ്റുകൾ സമരത്തിന് വരൂ എന്ന് കരുതി അവർ അങ്ങനെ ആളുകളെ വിളിച്ചിട്ടുണ്ടാകും. ‘രഞ്ജിനി ഹരിദാസിന് ഇവിടെ സ്റ്റേജ് ഇല്ല, കുറച്ച് പൈസ കിട്ടിയതുകൊണ്ട് അങ്ങോട്ട് പോയി’ എന്നൊക്കെ പറയുന്നവരോട് ആ രണ്ട് ദിവസം എനിക്ക് സ്റ്റേജ് ഷോകൾ ഒന്നുമുണ്ടായിരുന്നില്ല, അതുകൊണ്ട് തന്നെയാണ് പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ പോയത്.
ഡൽഹിയിൽ വലിയ രീതിയിൽ പ്രക്ഷോഭം നടക്കുകയാണ്. മനസിൽ ഒരു ഉലച്ചിൽ ഉണ്ടാകുമ്പോഴാണ് ഇത്തരം സമരങ്ങളുടെ ഭാഗമാകുന്നത്. മാറ്റത്തിനായി നമ്മൾ ശബ്ദമുയർത്തുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കുറേ ആളുകൾ കൈയടിക്കും, കുറേ പേർ വിമർശിക്കും.അതൊന്നും എന്നെ ബാധിക്കില്ല, ഞാൻ തീയിൽ കുരുത്തതാണ്, പറ്റുന്ന രീതിയിൽ സമരത്തിനൊപ്പം ഇനിയും ഉണ്ടാകും.’’രഞ്ജിനി പറയുന്നു.
വിദ്യാർഥി പ്രക്ഷോഭത്തെയും അതിന് പിന്തുണയുമായെത്തിയ കോക്രോച്ച് ജനത പാർട്ടി നേതാക്കളെയും രൂക്ഷമായി അപമാനിച്ചുകൊണ്ടാണ് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ രംഗത്തെത്തിയത്.
‘‘പാറ്റകളെ തുരത്താൻ ഹിറ്റുണ്ട് കൈയിൽ. ഇന്നലെ ഒരു ചെറിയ ഹിറ്റ് നൽകി, ഇനി വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളൂ. ഒരു ഭരണം നാട്ടിൽ നടക്കുമ്പോൾ ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളൂ," എന്നായിരുന്നു ഗോപാലകൃഷ്ണന്റെ വിവാദ പരാമർശം. വിദ്യാർത്ഥി പ്രതിഷേധത്തെയും പിന്തുണയ്ക്കാൻ എത്തിയ പ്രമുഖരെയും നിസാരവൽക്കരിക്കുകയും അപമാനിക്കുകയും ചെയ്ത ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്.
Tags :