പ്രതീകാത്മക ചിത്രം
ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ തർക്കത്തെ തുടർന്ന് യുവാവിനെ അയൽവാസി കുത്തിക്കൊന്നു. നമാമി പട്ടേൽ (30) എന്ന യുവാവിനെയാണ് അയൽവാസി ഗൻശ്യാം കേവത് കൊലപ്പെടുത്തിയത്.
രാത്രി ഭക്ഷണത്തിന് ശേഷം വീടിന് പുറത്തിരിക്കുകയായിരുന്ന നമാമിയുമായി ഗൻശ്യാം തർക്കത്തിലേർപ്പെടുകയും തുടർന്ന് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. കുത്തേറ്റ നമാമിനെ ഉടൻ തന്നെ ബർഗിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും, പിന്നീട് അവസ്ഥ ഗുരുതരമായതിനെ തുടർന്ന് ജബൽപൂരിലെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റാൻ നിർദേശിച്ചു. എന്നാൽ മെഡിക്കൽ കോളജിലേക്കുള്ള വഴിമദ്ധ്യേ നമാമി മരണത്തിന് കീഴടുങ്ങുകയായിരുന്നു.
അതേസമയം, സംഭവത്തിന് ശേഷം ആംബുലൻസ് സേവനത്തിനായി പലതവണ ബന്ധപ്പെട്ടെങ്കിലും സമയത്തിന് ലഭിച്ചില്ലെന്ന് നമാമിയുടെ കുടുംബം ആരോപിച്ചു. തുടർന്ന് ഒരു സ്വകാര്യ വാഹനത്തിലാണ് ഇദ്ദേഹത്തെ ബർഗിയിലെ ആശുപത്രിയിൽ എത്തിച്ചത്.
ബർഗി ആശുപത്രിയിലുണ്ടായിരുന്ന ആംബുലൻസ് തകരാറിലായിരുന്നതിനാൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയതും സ്വകാര്യ വാഹനത്തിൽ തന്നെയായിരുന്നു. സമയത്തിന് വൈദ്യസഹായം ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞതായി ബന്ധുക്കൾ വ്യക്തമാക്കി.
കുടുംബത്തിന്റെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും കൃത്യസമയത്ത് ആംബുലൻസ് ലഭിക്കാത്തതിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. ഒളിവിൽ കഴിയുന്ന ഗൻശ്യാമിനായി തിരച്ചിൽ തുടരുകയാണെന്നും ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താലേ കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണം വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു.
Tags : Deepika Crime Police Stab