മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്നു.
ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും രൂക്ഷമായ ബഹളവും നാടകീയ രംഗങ്ങളും. പ്രതിഷേധം അതിരൂക്ഷമായതിനെ തുടർന്ന് ലോക്സഭയും രാജ്യസഭയും ഉച്ചയ്ക്ക് 12 വരെ നിർത്തിവെച്ചു. നീറ്റ് വിഷയത്തിലെ പ്രതിഷേധത്തെ തുടർന്ന് തുടർച്ചയായ നാലാം ദിവസമാണ് ലോക്സഭാ നടപടികൾ തടസപ്പെടുന്നത്.
അതേസമയം പാർലമെന്റ് കവാടത്തിന് മുന്നിൽ ഭരണ-പ്രതിപക്ഷ എംപിമാർ നേർക്കുനേർ ഏറ്റുമുട്ടിയത് കടുത്ത സംഘർഷാവസ്ഥ സൃഷ്ടിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിപക്ഷം പ്രതിഷേധ സമരം ആരംഭിച്ചത്.
എന്നാൽ വിഷയത്തിൽ ചർച്ചയ്ക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ എംപിമാരും കവാടത്തിലെത്തിയതോടെ ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ പോർവിളിയും മുദ്രാവാക്യം വിളിയും ആരംഭിച്ചു. തുടർന്ന് എംപിമാർ പരസ്പരം പാഞ്ഞടുക്കുകയും കൈയാങ്കളിയുടെ വക്കോളമെത്തുകയും ചെയ്തു.
ഒടുവിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. ധർമേന്ദ്ര പ്രധാന്റെ രാജിവയ്ക്കാതെ തങ്ങൾ ചർച്ചയ്ക്കില്ലെന്ന് കെ.സി. വേണുഗോപാൽ എംപി പറഞ്ഞു.
Tags : NeetExam Protest Parliament Opposition