പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: തെലുങ്കാനയിലെ സെക്കന്തരാബാദിൽ കുടുംബസ്വത്തിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭർതൃമാതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചിൽകൽഗുഡ സ്വദേശിനി ഡി. വിജയലക്ഷ്മി (33) ആണ് അറസ്റ്റിലായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ദേവരായി പദ്മാവതി (57) ആശുപത്രിയിൽ ചികിത്സയിലാണ്.
വീടിന്റെ ഒന്നാം നിലയിൽ ദേവരായി ഒറ്റയ്ക്കായിരുന്ന സമയത്ത്, കത്തിയുമായി എത്തിയ വിജയലക്ഷ്മി ഇവരെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് മുറിക്കുള്ളിലേക്ക് കൊണ്ടുപോവുകയും ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. കഴുത്തിനും വിരലുകൾക്കും ഗുരുതരമായി പരിക്കേറ്റ ദേവരായിയുടെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ഇവരെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചത്. ദേവരായിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.
ചിൽകൽഗുഡയിലെ കുടുംബവീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ദേവരായിയും വിജയലക്ഷ്മിയും തമ്മിൽ നാളുകളായി തർക്കം നിലനിന്നിരുന്നു. ഈ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ദേവരായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് വിജയലക്ഷ്മിയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Tags : Deepika FamilyProperty Arrest