ചിത്രത്തിൽ നിന്നും
തിയറ്ററുകളെ പൂരപ്പറമ്പാക്കി വിജയ്യുടെ ചിത്രം ജനനായകൻ. രാവിലെ ആറിന് തുടങ്ങിയ ഷോയ്ക്ക് വമ്പൻ സ്വീകരണമാണ് ആരാധകർ നൽകിയത്. ‘ആദരണീയനായ തമിഴ്നാട് മുഖ്യമന്ത്രി ദളപതി സി.ജോസഫ് വിജയ്’ എന്നാണ് ടൈറ്റിൽ കാർഡിൽ തെളിഞ്ഞത്. വിജയ്യുടെ ഔദ്യോഗികവേഷത്തിലുള്ള ചിത്രത്തിനൊപ്പമായിരുന്നു ടൈറ്റിൽ കാർഡ്.
ഒരു സിനിമ എന്ന നിലയിൽ എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടുന്നത്. വിജയ്യുടെ കരിയറിലെ അവസാന സിനിമയെന്ന നിലയിൽ ഒരു തവണ കണ്ടിരിക്കാം എന്നാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ കുറിക്കുന്നത്. ചിത്രം തികച്ചും ഒരു ദളപതി ഷോ മാത്രമായി മാറുന്നുവെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ ടിക്കറ്റ് എടുത്ത പൈസ വസൂലാക്കുന്ന കിടിലൻ എന്റർടെയ്നറാണ് ഇതെന്നാണ് മറ്റു ചിലരുടെ പക്ഷം.
സിനിമയുടെ ചിത്രീകരണ സമയത്ത് രാഷ്ട്രീയപരമായി ഒട്ടേറെ തിരക്കിട്ട ജോലികൾ ഉണ്ടായിരുന്നിട്ടും ബോഡി ഡബിളിനെയോ ഡ്യൂപ്പിനെയോ ഉപയോഗിക്കാതെ തന്നെ ചിത്രീകരണം പൂർത്തിയാക്കിയത് അഭിനന്ദനം അർഹിക്കുന്നുവെന്ന് ഒരു ആരാധകൻ കുറിച്ചു.
ജനുവരി ഒൻപതിനായിരുന്നു ജനനായകന് തിയറ്ററില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്കാന് സെന്‍സര്‍ ബോര്‍ഡ് വിസമ്മതിച്ചതോടെ റിലീസ് അനിശ്ചിതത്വത്തിലാകുകയായിരുന്നു. ജനനായകന്റെ സംഭാഷണങ്ങളില്‍ മാറ്റം വരുത്തണമെന്നും ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം. എന്നാല്‍ ഈ മാറ്റങ്ങള്‍ വരുത്തിയെങ്കിലും സര്‍ട്ടിഫിക്കറ്റ് സെന്‍സര്‍ബോര്‍ഡ് നല്‍കിയില്ല.
Tags : Jananayagan Thalapathy Vijay Vijay Last Ride Theater Response