2015- പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച നായികമാരാണ് സായ് പല്ലവിയും അനുപമ പരമേശ്വരനും. ചിത്രം ഇറങ്ങി വർഷങ്ങളായെങ്കിലും ഇരുവരും തമ്മിലുള്ള ആത്മബന്ധം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ, തന്റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിൽ തന്നെ എങ്ങനെ സഹായിച്ചു എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അനുപമ പരമേശ്വർ.
താൻ വരച്ച പെയിന്റിംഗുകൾ നിറഞ്ഞ ചുവരുകളുടെ ചിത്രത്തിലൂടെ പങ്കുവച്ച വൈകാരികമായ ഇൻസ്റ്റാഗ്രാം കുറിപ്പിലാണ് സൗഹൃദക്കൂട്ടിനെക്കുറിച്ച് പറയുന്നത്. 'ഞാൻ കടന്നുപോകുന്ന മാനസികാവസ്ഥയെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് സായ് പല്ലവിയോട് മനസ് തുറന്നത്. ആ സമയത്ത് അവൾ നൽകിയ ലളിതമായൊരു നിർദേശമാണ് എന്നെ ചിത്രരചനയിലേക്ക് നയിച്ചത്. എനിക്കറിയാത്ത എന്റെ മറ്റൊരു മുഖം എനിക്ക് പരിചയപ്പെടുത്തി തന്നതിന് പല്ലവിയോട് ഞാൻ കടപ്പെട്ടിരിക്കുന്നു. ലവ് യൂ ഡാർലിംഗ്. കഴിഞ്ഞ വർഷം എന്റെ പ്രിയപ്പെട്ട അച്ഛനും അമ്മയും ചേർന്ന് രഹസ്യമായി ഞാൻ വരച്ചുകൂട്ടിയ ചിത്രങ്ങളെല്ലാം ഫ്രെയിം ചെയ്ത് എന്റെ സ്റ്റുഡിയോയിലെ ചുമരുകളിൽ തൂക്കി. അതെനിക്ക് ഒരു സർപ്രൈസ് ആയിരുന്നു. ഒരു കഠിനമായ അധ്യായത്തിൽ നിന്നും മനോഹരമായ ഓർമകളുടെ ഒരു ചുമരിലേക്കുള്ള മാറ്റം എത്ര മധുരമുള്ളതാണല്ലേ', അനുപമ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞു.
ഉടൻ തന്നെ സായ് പല്ലവി അത് തന്റെ സോഷ്യൽ മീഡിയ പേജിൽ റീഷെയർ ചെയ്തു. 'ഒരുപാട് സ്നേഹം മൈ ബേബി... ഈ ചിത്രങ്ങൾ വളരെ പഴ്സണലും അതിമനോഹരവുമാണ്. നിന്റെ ഉള്ളിലെ കഴിവുകൾ ഇങ്ങനെ പത്തുലയുന്നത് കാണുമ്പോൾ എനിക്ക് ഏറെ സന്തോഷം തോന്നുന്നു', എന്നാണ് സായ് പല്ലവി കുറിച്ചത്.
പ്രതിസന്ധികളിൽ സുഹൃത്തുക്കൾ എങ്ങനെയായിരിക്കണം എന്നതിന്റെ നേർക്കാഴ്ചയാണ് ഈ താരങ്ങളെന്നാണ് ആരാധകർ കുറിക്കുന്നത്.
Tags :