ക്രിസ്റ്റഫര്‍ നോളൻ സംവിധാനം ചെയ്യുന്ന ദ് ഒഡീസി എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. ഓസ്കർ ചിത്രം ഓപ്പൺഹൈമറിന് ശേഷം നോളൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ് ഒഡീസി. പൂർണമായും ഐമാക്സ് ഫിലിം കാമറകളിൽ ചിത്രീകരിച്ച ആദ്യത്തെ വാണിജ്യ ചിത്രമാണിത്.
ഹോമറിന്റെ ഇതിഹാസ ഗ്രീക്ക് പുരാണമായ ഒഡീസിയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ട്രോജൻ യുദ്ധത്തിനുശേഷം ഭാര്യ പെനലോപ്പിനടുത്തേക്ക് പോകുന്ന ഇത്താക്കയിലെ രാജാവ് ഒഡീഷ്യസിന്റെ ക്ലാസിക് കഥയാണ് ഒഡീസി.
നോളന്റെ എപ്പിക് ആക്ഷൻ ഫാന്റസിയിൽ നടൻ മാറ്റ് ഡാമൺ, ഒഡീഷ്യസായി അഭിനയിക്കും. ടോം ഹോളണ്ട്, ആനി ഹാത്ത്വേ, ജോൺ ബെർന്താൽ, സെൻഡായ, ലുപിറ്റ ന്യോങ്കോ, റോബർട്ട് പാറ്റിൻസൺ, ചാർലിസ് തെറോൺ, മിയ ഗോത്ത് എന്നിവരും ചിത്രത്തിലുണ്ട്.
2008 ലെ ബ്ലോക്ക്ബസ്റ്ററായ ‘ദ് ഡാർക്ക് നൈറ്റി’ലാണ് നോളൻ ആദ്യമായി ഐമാക്സ് ഫോർമാറ്റ് ഉപയോഗിക്കുന്നത്. ചില ആക്ഷൻ സീക്വൻസുകൾ മാത്രം ചിത്രീകരിക്കാനാണ് അന്ന് ഐമാക്സ് കാമറകൾ ഉപയോഗിച്ചത്.
ഹോളിവുഡിൽ ഈ ടെക്നിക് ഉപയോഗിക്കുന്ന ആദ്യത്തെ ചിത്രമായിരുന്നു ‘ദ് ഡാർക്ക് നൈറ്റ്’. പിന്നീട്, ഇൻസെപ്ഷൻ (2010), ഇന്റസ്റ്റെല്ലാർ (2014), ടെനെറ്റ് (2020) തുടങ്ങിയ ചിത്രങ്ങളിലും നോളൻ ഐമാക്സ് കാമറകൾ ഉപയോഗിച്ചു.
യൂണിവേഴ്സല്‍ പിക്ചേഴ്സാണ് നിര്‍മാണം. ട്രോജന്‍ യുദ്ധത്തിന് ശേഷം ഗ്രീസിന്റെ നിര്‍ണായക വിജയം ഉറപ്പാക്കിയ ഇത്താക്കയിലെ രാജാവായ ഒഡീസിയസിന്റെ ദീര്‍ഘവും ദുര്‍ഘടം പിടിച്ചതുമായ മടക്കയാത്രയും അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ഇത്താക്കയില്‍ സംഭവിക്കുന്ന പ്രശ്നങ്ങളുമാണ് 'ദ ഒഡീസി'യുടെ ഇതിവൃത്തം.
ഹോമറിന്റെ തന്നെ നോവലിനെ ആസ്പദമാക്കി 2004ൽ ഒരുക്കിയ ട്രോയ് എന്ന സിനിമയിൽ ഷോൺ ബെൻ ആയിരുന്നു ഒഡീസിയസിനെ അവതരിപ്പിച്ചത്. ചിത്രം 2026 ജൂലൈ 17ന് തിയറ്ററുകളിലെത്തും.
Tags : The Odyssey christopher nolan