കഴിഞ്ഞ കുറച്ചു നാളുകളായി താൻ കടുത്ത ഒരു ഓട്ടോഇമ്മ്യൂൺ രോഗവുമായി പോരാടുകയാണെന്ന് വെളിപ്പെടുത്തി തമിഴ് നടൻ വിഷ്ണു വിശാൽ. റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമായ ഗാട്ട ഗുസ്തിയുടെ രണ്ടാം ഭാഗത്തിന്റെ പ്രമോഷനായി വിഷ്ണു എത്തിയപ്പോൾ താരത്തിന്റെ മുഖത്തെ ക്ഷീണം എന്തുപറ്റിയതാണെന്ന തരത്തിൽ ആരാധകർ ആശങ്ക ഉയർത്തിയിരുന്നു.
ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഗാട്ട ഗുസ്തി 2 എന്ന ചിത്രത്തിന് വേണ്ടി അശ്രാന്തം പരിശ്രമിച്ച അണിയറപ്രവർത്തകരോടുള്ള ഉത്തരവാദിത്തവും ആരാധകരുടെ സ്നേഹവുമാണ് പ്രമോഷൻ വേദികളിൽ സജീവമായി തുടരാൻ തനിക്ക് കരുത്ത് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘എല്ലാവർക്കും നമസ്കാരം, ആദ്യമായി, നിങ്ങളുടെ കമന്റുകളിലൂടെയും മെസേജുകളിലൂടെയും നിങ്ങൾ കാണിച്ച സ്നേഹത്തിനും കരുതലിനും ഒരുപാട് നന്ദി. ഇത് എനിക്ക് ഏറെ വിലപ്പെട്ടതാണ്, അതുകൊണ്ട് തന്നെയാണ് ഇത് നിങ്ങളുമായി നേരിട്ട് പങ്കിടണം എന്ന് ഞാൻ ആഗ്രഹിച്ചതും.
കഴിഞ്ഞ കുറച്ചു നാളുകളായി എന്റെ മുഖം വളരെ ക്ഷീണിതമായി കാണപ്പെടുന്നു എന്ന് നിങ്ങളിൽ പലരും ശ്രദ്ധിച്ചിരുന്നു. അതിനുള്ള കാരണം, കഴിഞ്ഞ 3-4 വർഷമായി ഞാൻ ഒരു ഓട്ടോഇമ്മ്യൂൺ രോഗാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.
ഇതിനായി ഞാൻ ഇടയ്ക്കിടെ കഴിക്കുന്ന മരുന്നുകൾക്ക് ചില പാർശ്വഫലങ്ങളുണ്ട്. നിങ്ങൾ ശ്രദ്ധിച്ച ആ മുഖത്തെ വീർപ്പ് അതിലൊന്നാണ്. ഈ ചികിത്സ വൈദ്യശാസ്ത്രപരമായി എനിക്ക് അനിവാര്യമാണ്, എന്റെ ആരോഗ്യത്തിനാണ് ഞാൻ ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നത്.
എന്റെ ആരോഗ്യം ഉടൻ തന്നെ മെച്ചപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ഈ കരുതൽ എന്നെ എന്നെക്കുറിച്ച് കൂടുതൽ നന്നായി ശ്രദ്ധിക്കാൻ പ്രേരിപ്പിക്കുന്നു. ഓരോ സന്ദേശങ്ങൾക്കും നിങ്ങളുടെ പിന്തുണയ്ക്കും ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു.
പ്രമോഷന്റെ അവസാന വാരത്തിലേക്ക് കടക്കുമ്പോൾ, ഞാൻ തികഞ്ഞ പോസിറ്റിവിറ്റിയിലും ആവേശത്തിലുമാണ്. ജൂലൈ 3-ന് തിയേറ്ററുകളിൽ എത്തുന്ന 'ഗാട്ട ഗുസ്തി 2' നിങ്ങളെല്ലാവരും കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഒരുപാട് സ്നേഹത്തോടെ,വിഷ്ണു വിശാൽ.’’
Tags : Vishnu Vishal medical condition