അപർണയും ജീവയും
11 വർഷത്തെ ദാമ്പത്യത്തിന് വിരാമം താര ദമ്പതികളായ ജീവ ജോസഫും അപർണ തോമസും. തങ്ങൾ ഔദ്യോഗികമായി വേർപിരിയുന്നുവെന്ന് ജീവ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ സ്ഥിരീകരിച്ചത്. ഒട്ടും എളുപ്പമുള്ള കാര്യമല്ലെങ്കിലും എവിടെയോ ഞങ്ങൾക്ക് പിഴച്ചുവെന്നും ജീവ കുറിപ്പിൽ പറയുന്നു.
ജീവയുടെ കുറിപ്പ്
പ്രിയപ്പെട്ടവരെ, ഇതൊട്ടും എളുപ്പമുള്ള ഒരു കാര്യമല്ല, എങ്കിലും നിങ്ങളോട് നേരിട്ട് പറയാൻ ഞാൻ കടപ്പെട്ടിരിക്കുന്നു. കാരണം എന്റെ കരിയറിലും സന്തോഷത്തിലും സങ്കടങ്ങളിലും ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും നിങ്ങൾ എന്റെ യാത്രയുടെ ഭാഗമായിരുന്നു.
നിങ്ങളിൽ പലരും ഞങ്ങളെ ഒരു മികച്ച ജോഡിയായി ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇനിമുതൽ അത് 'ഞങ്ങൾ' അല്ല; കേവലം ജീവ എന്നും അപർണ്ണ എന്നും രണ്ടുപേർ മാത്രമാണ്.
11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഞങ്ങൾ വേർപിരിയുകയാണ്. എവിടെയോ ഞങ്ങൾക്ക് പിഴച്ചു, ഇനി ഇത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന സത്യം ഞങ്ങൾ രണ്ടുപേരും തിരിച്ചറിയുകയും അത് സ്വീകരിക്കുകയും ചെയ്യുന്നു.
അതിനാലാണ് വെവ്വേറെ വഴികളിലൂടെ സഞ്ചരിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. ഇതിന് പിന്നിലെ കാരണങ്ങൾ പൂർണമായും തികച്ചും വ്യക്തിപരമാണ്. ഞങ്ങൾ വളരെ പക്വതയോടെ കൈക്കൊണ്ട ഈ തീരുമാനത്തെ നിങ്ങളും അതേ പക്വതയോടെ ഉൾക്കൊള്ളുമെന്ന് കരുതുന്നു.
ഇത് തികച്ചും വ്യക്തിപരമായ തീരുമാനമാണ്. അതിനാൽ ഈ ഘട്ടത്തിൽ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഞങ്ങളെ മനസിലാക്കണമെന്നും അഭ്യർത്ഥിക്കുന്നു. പറയാറുള്ളതുപോലെ, സംഭവിക്കുന്നതെല്ലാം നല്ലതിനാണ്... ഞാനതിൽ വിശ്വസിക്കുന്നു.
Tags : aparna jeeva social media cinema movie