പ്രതിരോധം ശക്തിപ്പെടുത്തുന്നു
ഇത്തവണ പ്രതിരോധ മന്ത്രാലയത്തിനു മാറ്റിവച്ചിരിക്കുന്നത് 7.85 ലക്ഷംകോടി രൂപ. കഴിഞ്ഞ വര്ഷമാകട്ടെ ഇത് 6.81 ലക്ഷം കോടി മാത്രം. മൊത്തം തുകയിൽനിന്ന് 2.19 ലക്ഷംകോടി രൂപ സായുധസേനകളുടെ നവീകരണത്തിനു നീക്കിവച്ചിരിക്കുന്നു.
വിമാനങ്ങള്ക്കും മറ്റ് സാങ്കേതിക സംവിധാനങ്ങള്ക്കും 63,733 കോടിരൂപ ചെലവഴിക്കും. നാവികസേനയ്ക്ക് 25,023 കോടിരൂപ നൽകും. അവശേഷിച്ച 5.54 ലക്ഷംകോടി സൈന്യത്തിന്റെ പ്രവർത്തനത്തിനുള്ളതാണ്. ഇതിൽ 1.71 ലക്ഷംകോടി രൂപ പെൻഷനു വേണ്ടി ചെലവഴിക്കും.
അതിവേഗ ഇടനാഴികൾ
യാത്രാദുരിതം ഏറെയുള്ള കേരളത്തെ തഴഞ്ഞുവെങ്കിലും ഏഴ് അതിവേഗ റെയിൽ ഇടനാഴികളാണു ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ-പൂന, പൂന-ഹൈദരാബാദ്, ഹൈദരബാദ്-ബംഗളുരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബംഗളൂരു, ഡല്ഹി-വാരാണസി, വാരാണസി-സിലിഗുരി എന്നിവയാണ് അതിവേഗ റെയില് ഇടനാഴികൾ. പ്രകൃതിയെ മുറിവേൽപ്പിക്കാത്ത തരം യാത്രാസംവിധാനമാണു ലക്ഷ്യം.
അടിസ്ഥാനസൗകര്യ വികസനത്തിന് ഇതിനുപുറമേ 2,93,030 കോടിരൂപകൂടി റെയിൽവേയ്ക്കു നൽകും. പശ്ചിമബംഗാളിലെ ഡാന്കുനിയില് നിന്ന് ഗുജറാത്തിലെ സൂറത്തിലേക്കുള്ള ചരക്ക് ഇടനാഴി മറ്റൊരു സുപ്രധാനപദ്ധതി.
ആദായനികുതി നടപടി ലഘൂകരിക്കുന്നു
ആറ് ദശകമായി തുടരുന്ന നികുതി നിയമത്തിനു പകരമായി അവതരിപ്പിച്ച 2025ലെ ആദായനികുതി നിയമം ഏപ്രില് ഒന്നുമുതല് പ്രാബല്യത്തില്. നികുതി നല്കുന്നതിനുള്ള നടപടികളുടെ ലഘൂകരണമാണു പ്രധാനമാറ്റം.
ധാതു ഇടനാഴിയിലേക്കു കേരളവും
ധാതുസമ്പുഷ്ടമായ ഒഡീഷ, കേരളം, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളെ ഉള്പ്പെടുത്തിയുള്ള ധാതു ഇടനാഴി. 2025 നവംബറില് തുടക്കംകുറിച്ച സിന്റേര്ഡ് റെയര് എര്ത്ത് മാഗ്നറ്റ് പദ്ധതിയുടെ തുടര്ച്ചയാണിത്. 7,280 കോടി രൂപയാണു ബജറ്റ് വിഹിതം.
അഞ്ച് മെഡിക്കൽ ഹബ്ബുകൾ
ആരോഗ്യമേഖലയ്ക്ക് 1,06,530,42 കോടിയാണു നീക്കിവച്ചത്. മെഡിക്കല് ടൂറിസത്തിന്റെ വികസനത്തിന് സ്വകാര്യ മേഖലയുമായി ചേര്ന്ന് അഞ്ച് മെഡിക്കല് ഹബുകള്. ബയോഫാര്മ ഹബായി രാജ്യത്തെ മാറ്റുന്നതിന് അഞ്ചുവര്ഷത്തിനിടെ 10,000 കോടിരൂപയുടെ നിക്ഷേപം. ക്ലിനിക്കല് ട്രയലിനുള്ള ആയിരം കേന്ദ്രങ്ങള് സ്ഥാപിക്കും.
എംഎസ്എംഇകൾ കൂടുതൽ ശക്തമാകും
രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള മൂന്ന് നിര്ദേശങ്ങള്. 10,000 കോടി രൂപയുടെ ഉത്തേജക പാക്കേജ് ഉള്പ്പെടെയാണിത്. തൊഴിലവസരങ്ങള് വര്ധിപ്പിക്കുന്നതിനും ഉത്പാദനം ഉയർത്തുന്നതിനും അതുവഴി വളര്ച്ച ത്വരിതപ്പെടുത്തുകയും ലക്ഷ്യം.
വിദ്യാർഥിനികൾക്ക് എല്ലാ ജില്ലകളിലും ഹോസ്റ്റൽ
നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്, വ്യവസായ ഇടനാഴികളോടു ചേര്ന്ന് അഞ്ച് സര്വകലാശാല ടൗണ്ഷിപ്പുകള് എന്നിവ സ്ഥാപിക്കും. ശാസ്ത്ര-സാങ്കേതിക മേഖലയില് പഠനം നടത്തുന്ന പെണ്കുട്ടികള്ക്കായി എല്ലാ ജില്ലകളിലും ഹോസ്റ്റല് ആണു മറ്റൊരു പ്രധാന നിർദേശം. അസ്ട്രോഫിസിക്സ് ഗവേഷണത്തിനായി നാല് ടെലിസ്കോപ്പ് സംവിധാനങ്ങള്, ഐഎ ഉള്പ്പെടെ മേഖലകളിലെ തൊഴിലവസരങ്ങള് കണ്ടെത്തുന്നതിനായി ഉന്നതാധികാര സമിതി എന്നിവയ്ക്കൊപ്പം സ്കൂളുകളിലും കോളജുകളിലും കണ്ടന്റ് ക്രിയേറ്റര് ലാബുകളും തുറക്കും.
കാര്ഷികമേഖലയിൽ എഐ
കാര്ഷികരംഗത്ത് വമ്പന് പരിഷ്കാരങ്ങള് ലക്ഷ്യം. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധ ഭാഷകളില് കര്ഷകര്ക്കു വിവരങ്ങള് നല്കുന്നതിനുള്ള ഭാരത് വിസ്താര് സംവിധാനം.
കായികമേഖലയ്ക്കായി ഖേലോ ഇന്ത്യ
അടുത്ത ഒരു ദശകത്തിനുള്ളില് കായികമേഖലയിലെ കുതിച്ചുചാട്ടത്തിന് ഖേലോ ഇന്ത്യ ദൗത്യം. പ്രതിഭകളെ കണ്ടെത്തുക, പരിശീലനം, സ്പോര്ട്സ് മെഡിസിന് എന്നിവയ്ക്കൊപ്പം അടിസ്ഥാനസൗകര്യ വികസനവും.
Tags : 10 important announcements