ഡൽഹിയിലെ ജന്തർ മന്തറിൽ നിരാഹാര സമരമിരുന്ന സോനം വാംഗ്ചുക്ക്
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന യുവപ്രക്ഷോഭകർക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പുനൽകിയാൽ താൻ നിരാഹാര സമരം അവസാനിപ്പിക്കുമെന്ന് ആക്ടിവിസ്റ്റ് സോനം വാംഗ്ചുക്ക്. അത്തരമൊരു ഉറപ്പ് ലഭിച്ചില്ലെങ്കിൽ അനിശ്ചിതകാല നിരാഹാരം തുടരാൻ നിർബന്ധിതനാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
"സമരത്തിൽ പങ്കെടുത്ത ഒരു യുവപ്രക്ഷോഭകനും യാതൊരുവിധ പ്രതികാര നടപടികൾക്കും ശിക്ഷാ നടപടികൾക്കും ഇരയാകില്ലെന്ന് സർക്കാർ വ്യക്തമായ ഉറപ്പ് നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു," കേന്ദ്ര മന്ത്രിമാരായ ജെ.പി. നഡ്ഡയ്ക്കും ജിതേന്ദ്ര സിംഗിനും അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി. നീതിപൂർവമായ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിന് വേണ്ടിയാണ് സമരക്കാർ ശബ്ദമുയർത്തിയത് എന്നും 59-കാരനായ വാംഗ്ചുക്ക് കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ 'കോക്ക്റോച്ച് ജനതാ പാർട്ടി'യുടെ നേതൃത്വത്തിൽ നടന്ന സമരത്തിന്റെ ഭാഗമായി, മൂന്ന് ആഴ്ചത്തെ നിരാഹാരത്തിന് ശേഷം കഴിഞ്ഞ ശനിയാഴ്ച ജന്തർമന്തർ സമര കേന്ദ്രത്തിൽ നിന്ന് ഡൽഹി പോലീസ് അദ്ദേഹത്തെ നീക്കം ചെയ്തിരുന്നു. എന്നാൽ അദ്ദേഹം സമരം അവസാനിപ്പിക്കാൻ തയ്യാറായില്ല. നിലവിൽ ഗുഡ്ഗാവിലെ മേദാന്ത സ്വകാര്യ ആശുപത്രിയിൽ 25-ാം ദിവസത്തെ നിരാഹാര സമരം തുടരുകയാണ് അദ്ദേഹം.
കഴിഞ്ഞ രാത്രി മേദാന്ത ആശുപത്രിയിൽ സന്ദർശനം നടത്തിയ ജെപി നഡ്ഡയ്ക്കും ജിതേന്ദ്ര സിംഗിനും വാംഗ്ചുക് നന്ദി രേഖപ്പെടുത്തി. പേപ്പർ ചോർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്ത നീറ്റ് ഉദ്യോഗാർത്ഥികളുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്ന കാര്യം പരിഗണിക്കാമെന്നും, ഉത്തരവാദിത്തം ഉറപ്പാക്കാൻ പാർലമെന്റിൽ വിഷയം ചർച്ച ചെയ്യാമെന്നും മന്ത്രിമാർ ഉറപ്പ് നൽകിയതായി അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി പ്രധാന്റെ രാജി ആവശ്യപ്പെടുന്ന വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രിമാർ സൂചിപ്പിച്ചിരുന്നു.
Tags : Sonam Wangchuk NEET paper leak Latest News Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash