ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങൾക്കും അഴിമതിക്കും പിന്നാലെ കൂറുമാറ്റ ഭീഷണിയുമായി അകാലി ദളും. രണ്ട് എംപിമാർ കൂടി ഉടൻ പാർട്ടി വിടുമെന്ന് ശിരോമണി അകാലിദൾ അവകാശപ്പെട്ടതോടെ പഞ്ചാബ് രാഷ്ട്രീയം കലുഷിതമായിരിക്കുകയാണ്.
രാഘവ് ചദ്ദയുടെ നേതൃത്വത്തിലുള്ള കൂറുമാറ്റത്തിന് പിന്നാലെ എഎപിയെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ് ശിരോമണി അകാലിദൾ. തങ്ങളുടെ ബന്ധം ഉപയോഗിച്ച് രണ്ട് എഎപി എംപിമാർ കൂടി ഉടൻ പാർട്ടി വിടുമെന്നാണ് അകാലിദൾ നേതൃത്വത്തിന്റെ വാദം. ഇത് സത്യമായാൽ രാജ്യസഭയിൽ എഎപിക്ക് ആകെ ഒരു എംപി മാത്രമാകും അവശേഷിക്കുക.
എഎപിയുടെ പഞ്ചാബ് വിജയത്തിന്റെ ആസൂത്രകനായിരുന്ന രാഘവ് ചദ്ദ, സന്ദീപ് പഥക്, ഹർഭജൻ സിംഗ്, സ്വാതി മലിവാൾ ഉൾപ്പെടെ ഏഴ് പേരാണ് ബിജെപിയിൽ ചേർന്നത്. എഎപി തങ്ങളുടെ മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്നും പാർട്ടിയിൽ ശ്വാസം മുട്ടുന്ന അവസ്ഥയാണെന്നും ബിജെപി ആസ്ഥാനത്തെത്തിയ ചദ്ദ പറഞ്ഞു.
വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾക്കും 2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി എഎപിക്കുണ്ടായ ഈ തിരിച്ചടി സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളെ പാടെ മാറ്റിയെഴുതുന്നതാണ്. അകാലിദളിന്റെ അവകാശവാദം കൂടി യാഥാർത്ഥ്യമായാൽ ഭരണകക്ഷിയായ എഎപി കൂടുതൽ ഒറ്റപ്പെട്ടേക്കാം.