മാൻസ: അപകീർത്തിക്കേസിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് മാൻസ കോടതിയുടെ കടുത്ത മുന്നറിയിപ്പ്. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ നേരിട്ട് ഹാജരായില്ലെങ്കിൽ മന്നിന്റെ ജാമ്യം റദ്ദാക്കുമെന്ന് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രാജീന്ദർ സിംഗ് നാഗ്പാൽ ഉത്തരവിട്ടു.
ചണ്ഡീഗഡിൽ പ്രധാനപ്പെട്ട യോഗമുണ്ടെന്ന് ചൂണ്ടിക്കാട്ടി ബുധനാഴ്ച കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഭഗവന്ത് മാൻ ഇളവ് തേടിയിരുന്നു. എന്നാൽ, 2022 ഒക്ടോബർ 20-ന് ശേഷം ഒരിക്കൽ പോലും അദ്ദേഹം കോടതിയിൽ നേരിട്ട് ഹാജരായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാകാൻ അദ്ദേഹം നേരത്തെ നൽകിയ അപേക്ഷ കോടതി തള്ളിയിരുന്നു.
വ്യക്തമല്ലാത്ത കാരണങ്ങൾ പറഞ്ഞ് തുടർച്ചയായി കോടതിയിൽ നിന്ന് വിട്ടുനിൽക്കുന്നത് നിയമനടപടികളെ തടസപ്പെടുത്തുന്നു. ഇത് കോടതി നടപടികളോടുള്ള മുഖ്യമന്ത്രിയുടെ ലാഘവബുദ്ധിയേയാണ് കാണിക്കുന്നത്.
ബുധനാഴ്ചത്തെ ഹാജരാകൽ ഇളവ് അനുവദിച്ച കോടതി, അടുത്ത തവണ നേരിട്ട് ഹാജരാകണമെന്ന് കർശന നിർദേശം നൽകി. വീഴ്ച വരുത്തിയാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി. മുൻ എംഎൽഎ നസർ സിംഗ് മാൻഷാഹിയ നൽകിയ അപകീർത്തിക്കേസിലാണ് നടപടി. നസർ സിംഗ് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ ഭഗവന്ത് മാൻ നടത്തിയ പ്രസ്താവനകൾക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്.
കേസിലെ മറ്റ് പ്രതികളിൽ ചിലർ ഇതിനോടകം ഹൈക്കോടതിയിൽ നിന്ന് ആശ്വാസം നേടിയിട്ടുണ്ട്. നേരിട്ട് ഹാജരാകുന്നതിന് പകരം അഭിഭാഷകൻ വഴി പ്രതിനിധീകരിക്കാൻ അനുമതി തേടി ഭഗവന്ത് മാൻ സമർപ്പിച്ച അപേക്ഷയിൽ മറുപടി നൽകാൻ കോടതി മേയ് ഒന്ന് വരെ സമയം അനുവദിച്ചിട്ടുണ്ട്. അടുത്ത ഹിയറിംഗിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യം കോടതി ഉറപ്പാക്കിയിരിക്കുകയാണ്.
Tags : Bhagwant Mann Punjab Latest News