ഭാരതിരാജയും ഭാഗ്യരാജും (ഫയൽ ചിത്രം)
ഭാരതിരാജ വിടപറഞ്ഞു ദിവസങ്ങൾ പിന്നിട്ടതേയുള്ളൂ, അദ്ദേഹത്തിന്റെ പ്രിയശിഷ്യൻ ഭാഗ്യരാജും ഇപ്പോളിതാ ജീവിതത്തിന്റെ അവസാന റീലും പൂർത്തിയാക്കി മടങ്ങിയിരിക്കുന്നു. ഹൃദയാഘാതത്തെതുടർന്നു ചെന്നൈയിലായിരുന്നു അന്ത്യം. ദിവസങ്ങൾക്കുള്ളിൽ സിനിമയ്ക്ക്, പ്രത്യേകിച്ചു തമിഴ് സിനിമയ്ക്കു നഷ്ടമായത് രണ്ടു ഇതിഹാസങ്ങളെ.
കൂറ്റൻസെറ്റുകളിൽ മണിമാളികകളും കണ്ണഞ്ചിപ്പിക്കുന്ന ആടയാഭരണങ്ങളും നെടുങ്കൻസംഭാഷണങ്ങളുംകൊണ്ട് തമിഴ് സിനിമ വെള്ളിത്തിരയിൽ മായക്കാഴ്ചകൾ സൃഷ്ടിച്ചിരുന്ന കാലത്താണ് ഭാരതിരാജ കാമറ ഗ്രാമങ്ങളിലേക്കു തിരിച്ചുവയ്ക്കുന്നത്. തിരശീലയിൽ വീരപാണ്ഡ്യ കട്ടബൊമ്മനായിരുന്ന നടികർതിലകം ശിവാജി ഗണേശനാണ് ഒരു വിഗ്ഗുവയ്ക്കാൻപോലും അവകാശമില്ലാതെ, ഒരു തോർത്തും തോളത്തിട്ടു പച്ചത്തമിഴനായി ‘മുതൽമര്യാദ’യിൽ ജീവിച്ചത്. അങ്ങനെയുള്ള ഭാരതിരാജയുടെ സംവിധാനസഹായിയായാണ് കെ. ഭാഗ്യരാജിന്റെ തുടക്കം.
16 വയതിനിലെ, കിഴക്കേപോകും റെയിൽ, സിഗപ്പുറോജാക്കൾ, ടിക് ടിക് ടിക് തുടങ്ങിയ ചിത്രങ്ങളിൽ സംവിധാനസഹായി എന്നുമാത്രമല്ല, സംഭാഷണരചയിതാവ്, തിരക്കഥാകൃത്ത്, ചെറുവേഷ അഭിനേതാവ് എന്ന നിലകളിലെല്ലാം ഭാഗ്യരാജ് നിറഞ്ഞുനിന്നു. അന്നുമിന്നും പഞ്ച് ഡയലോഗിന്റെയും ആക്ഷന്റെയും ചക്രവർത്തി സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ആദ്യ പഞ്ച് ഡയലോഗ് ജനിക്കുന്നത് ‘16 വയതിനിലെ’ എന്ന ചിത്രത്തിലെ പരട്ടൈ എന്ന കഥാപാത്രത്തിന്റെ ’ഇതെപ്പിടിയിരുക്ക്’ എന്ന വാക്കിലൂടെയാണ്. സാധാരണമായി ആ വാക്കുപറഞ്ഞ തന്നെക്കൊണ്ട്, ആ വാക്കു പറയുന്നതിന്റെ സ്റ്റൈലും കൈകൊണ്ടുള്ള ആക്ഷനും കാണിച്ചുതന്നു ശ്രദ്ധേയമാക്കിയത് അന്നു സംവിധാനസഹായിയായിരുന്ന ഭാഗ്യരാജാണെന്നു രജനികാന്ത് പരസ്യമായി പറഞ്ഞിട്ടുണ്ട്.
ഭാരതിരാജ തന്നെയാണ് ’പുതിയ വാർപ്പുകളി’ലൂടെ ഭാഗ്യരാജിനെ നായകനാക്കിയത്. രസകരമായൊരു കഥയുണ്ട്: സംവിധാനസഹായിയായി നടക്കുമ്പോൾ ഭാഗ്യരാജിനോടു അമ്മ ചോദിച്ചുവത്രെ, നീ എപ്പോഴാ നായകനാകുന്നത്? തന്റെ സിനിമകളിലെ ഡയലോഗുപോലെ ഭാഗ്യരാജിന്റെ മറുപടി രസകരമായിരുന്നു, "കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്, അമ്മയ്ക്ക് എന്നെ കാണുമ്പോൾ ഭംഗി തോന്നുന്നുണ്ടാവും, മറ്റുള്ളോർക്കു പക്ഷേ, അതു തോന്നില്ല'. അതിന് അമ്മ പറഞ്ഞ മറുപടി പിന്നീട് ഫലിച്ചു, നിന്റെ സാറുതന്നെ നിന്നെ നായകനാക്കും. കമൽഹാസന്റെ ഭാഷയിൽ, തമിഴ് സിനിമ പിന്നീട് ഭരിക്കാൻവന്ന ഒരുപറ്റം "രാജാക്കന്മാരുടെ' തുടക്കകാലമായിരുന്നു അത്. ഭാരതിരാജ, ഭാഗ്യ രാജ, ഇളയരാജ. ഒപ്പം ഞാനും രജനിയും.
ഗുരു തമിഴ് ഗ്രാമങ്ങളെ തിരശീലയിലേക്കു പറിച്ചുനട്ടെങ്കിൽ ശിഷ്യൻ ഒരു പടികൂടി കടന്നു കാമറയെടുത്തു നാട്ടിലെ വീടുകൾക്കുള്ളിൽ കൊണ്ടുവച്ചു. ഇടത്തരം കുടുംബങ്ങളിലെ സാധാരണ വിഷയങ്ങൾ വെള്ളിത്തിരയിൽ പതിഞ്ഞു. അതുകൊണ്ടുതന്നെ തമിഴിനു പുറത്തുള്ള ഭാഷകളിലും ഭാഗ്യരാജിന്റെ ചിത്രങ്ങൾ വിജയിക്കാൻ തുടങ്ങി; പ്രത്യേകിച്ചു മലയാളത്തിൽ. സാധാരണക്കാരന്റെ ജീവിതം, സ്വപ്നങ്ങൾ, കുടുംബം എല്ലാം മലയാളത്തിന്റെയുമാണല്ലോ. ഇതേശൈലിയിൽ ചിത്രങ്ങളൊരുക്കിയ ബാലചന്ദ്രമേനോനും ഭാഗ്യരാജും ഒരേകാലത്തു ഒരു നാണയത്തിന്റെ ഇരുവശങ്ങളായി. തമിഴിനെപ്പോലെ ഭാഗ്യരാജ് മലയാളത്തിനും നൽകിയ സംഭാവന വളരെ വലുതായിരുന്നു. മലയാളത്തിന്റെ പ്രിയ നടിമാരായ ഉർവശി, കല്പന തുടങ്ങിയവരെ സിനിമയിൽ ആദ്യമായി അവതരിപ്പിച്ചതു ഭാഗ്യരാജാണ്. ഉർവശി നായികയായ "മുന്താണൈ മുടിച്ച്' തമിഴിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ്. സാക്ഷാൽ മക്കൾതിലകം എംജിആർ കാസറ്റ് വാങ്ങിവച്ച്, ഇടയ്ക്കിടെ കണ്ടിരുന്ന ചിത്രമായിരുന്നു അത്. തന്റെ വീട്ടുകാർ സ്ഥിരം ഈ സിനിമ തിയറ്ററിൽപോയി കാണുന്നതിൽ ശിവാജി ഗണേശൻ ദേഷ്യപ്പെട്ട കഥ ഭാഗ്യരാജിനോടുപ റഞ്ഞതു ശിവാജി തന്നെയായിരുന്നു.
എംജിആറിന്റെ ഇഷ്ടംനേടാനായ അപൂർവം സിനിമാക്കാരിലൊരാളായിരുന്നു ഭാഗ്യരാജ്. തന്റെ കലാജീവിതത്തിന്റെ അനന്തരാവകാശിയായി അദ്ദേഹം ഭാഗ്യരാജിനെ പ്രഖ്യാപിച്ചു. അദ്ദേഹം അമേരിക്കയിൽ ചികിത്സയിലുള്ളപ്പോൾ പകരം നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയിരുന്നതു ഭാഗ്യരാജാണ്. അതുപോലെ ശിവാജിയും ഭാഗ്യരാജിനൊപ്പം ചിത്രങ്ങളിൽ അഭിയനയിച്ചു. സ്ക്രിപ്റ്റോ, സംഭാഷണമോ ഇല്ലാതെ അപ്പപ്പോൾ സൃഷ്ടിച്ചു സീനുകൾ ഷൂട്ട്ചെയ്യുന്ന ഭാഗ്യരാജിന്റെ ശൈലിയിൽ ശിവാജി അദ്ഭുതപ്പെട്ടു. ഗുരുവിന്റെ മുതൽമര്യാദയിൽ ഒരു മുന്നറിയിപ്പ് ഇല്ലാതെയാണ് സീനുകൾ എടുക്കാറെങ്കിലും പേരിനെങ്കിലും ഒരു സ്ക്രിപ്റ്റ് ഉണ്ടായിരുന്നു, പക്ഷേ ശിഷ്യന്റെ സെറ്റിൽ ഒരു പേപ്പറുപോലും കാണാനില്ല എന്നായിരുന്നു ശിവാജി പറയാറുള്ളത്. രജനി തന്റെ ചിത്രങ്ങളിൽ എന്തെങ്കിലും സംശയം ഉണ്ടായാൽ അതു പരിഹരിക്കാൻ ഭാഗ്യരാജിനെ വിളിച്ചുചോദിക്കാറുണ്ടെന്ന കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. സിനിമയിൽ കഥയും സീനും ഗാനരംഗങ്ങളുംപോലും സൃഷ്ടിക്കാറുള്ള ഇളയരാജ താൻ സ്ക്രിപ്റ്റ് വായിച്ചു അദ്ഭുതപ്പെടാറുള്ള രണ്ടുപേരിലൊരാൾ ഭാഗ്യരാജാണെന്നു പറഞ്ഞിട്ടുണ്ട്.
തന്റെ ചിത്രങ്ങളിലെ നായകന്മാരെപ്പോലെ തികച്ചും സാധാരണമായ ജീവിതം നയിച്ചുതീരാത്ത മഹാ പ്രതിഭയായിരുന്നു ഭാഗ്യരാജ്. സിനിമയുടെ ആലഭാരങ്ങൾ അദ്ദേഹത്തെ ഒട്ടും ബാധിച്ചിരുന്നില്ല. അകാലത്തിൽ വിടപറഞ്ഞ ആദ്യഭാര്യയുടെ പേരിനെ പ്രതീകമാക്കി ഇംഗ്ലീഷിൽ ‘ആർ’ എന്ന അക്ഷരമുള്ള മോതിരം ഭാഗ്യരാജ് എന്നും അണിഞ്ഞിരുന്നു. മലയാളികളുടെ പ്രിയനായിക പൂർണിമ പിന്നീടാണ് ഭാഗ്യരാജിന്റെ ഭാര്യയാകുന്നത്. മക്കൾ ശരണ്യയും ശാന്തനുവും മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. ഒപ്പം ഭാഗ്യരാജും. ദിലീപ് ചിത്രം "മിസ്റ്റർ മരുമകനി'ൽ പ്രധാന വേഷം അഭിനയിക്കാൻ ക്ഷണിച്ചതിന്റെ നന്ദി കൊണ്ടാണ് അക്കൊല്ലം ദിലീപിന്, ഭാഗ്യരാജ് ചെയർമാനായ ജൂറി മികച്ച നടനുള്ള സംസ്ഥാന അവാർഡ് നൽകിയതെന്നു ചെറിയൊരു അപവാദമുണ്ടായി. ഒരുപക്ഷേ, ഭാഗ്യരാജ് തന്റെ സിനിമാജീവിതത്തിൽ കേട്ട ഏക അപഖ്യാതിയും ഇതാവാം.
Tags : K. Bhagyaraj demise Bharathiraja relationship Tamil cinema