ബെംഗളൂരു: കർണാടകയിൽ വിവിധ കന്നഡ അനുകൂല സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. കാവേരി നദീജലത്തർക്കവുമായി ബന്ധപ്പെട്ടുള്ള ബന്ദ് വ്യാഴാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ്. ബന്ദിന് ആഹ്വാനമുണ്ടെങ്കിലും ബെംഗളൂരുവിലും മൈസൂരുവിലും കർണാടക ആർടിസി ബസുകൾ സാധാരണനിലയിൽ സർവീസ് നടത്തുന്നതായാണ് റിപ്പോർട്ട്. കർണാടക ആർടിസി മൈസൂരു ഡിവിഷൻ വ്യാഴാഴ്ച ഷെഡ്യൂൾ ചെയ്ത എല്ലാ സർവീസുകളും നടത്തുമെന്ന് അറിയിച്ചു. മൈസൂരുവിനും ബെംഗളൂരുവിനും ഇടയിലും ബസുകൾ സാധാരണപോലെ സർവീസ് നടത്തുന്നുണ്ട്.
വ്യാഴാഴ്ച സ്കൂളുകൾ തുറന്നുപ്രവർത്തിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പും അറിയിച്ചു. പ്രാദേശികമായി എവിടെയെങ്കിലും ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ സ്കൂളുകൾ അടച്ചിടുന്നത് സംബന്ധിച്ച് ജില്ലാ കമ്മീഷണർമാർ തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ബെംഗളൂരുവിലെ ഐടി സ്ഥാപനങ്ങളും വ്യവസായിക സ്ഥാപനങ്ങളും വ്യാഴാഴ്ച പതിവുപോലെ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ട്. ആശുപത്രികൾ, കോളജുകൾ തുടങ്ങിയവയും പ്രവർത്തിക്കുന്നുണ്ട്. സർക്കാർ ഓഫീസുകളും പ്രവർത്തിക്കും. ബെംഗളൂരുവിലെ ഷോപ്പിംഗ് മാളുകളും മിക്ക വ്യാപാര സ്ഥാപനങ്ങളും തുറക്കും. ബിഎംടിസി, കർണാടക ആർടിസി, ബെംഗളൂരു നമ്മ മെട്രോ സർവീസുകളും പതിവുപോലെയുണ്ടാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽനിന്നുള്ള ബസ് സർവീസുകളും ഇതുവരെ പതിവുപോലെ ഓടുന്നുണ്ട്. തമിഴ്നാട് അതിർത്തിയിൽ പോലീസ് സുരക്ഷയും ശക്തമാണ്.
എന്നാൽ കർണാടകയിലെ ഗ്രാമപ്രദേശങ്ങളിൽ ബന്ദ് അനുകൂലികൾ വാഹനങ്ങൾ തടയുന്നതായാണ് റിപ്പോർട്ട്. കൊപ്പാളിൽ ബന്ദ് അനുകൂലികൾ ലോറികളടക്കം തടഞ്ഞിട്ടു. പ്രകടനം നടത്തിയെത്തിയ ബന്ദ് അനുകൂലികളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തുനീക്കി. ബന്ദിന് ആഹ്വാനമുണ്ടെങ്കിലും സമരാനുകൂലികൾ സമാധാനം പാലിക്കണമെന്ന് ബെംഗളൂരു സിറ്റി പോലീസും ആവശ്യപ്പെട്ടു.
കന്നഡ അനുകൂല നേതാവ് വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിലാണ് വിവിധ കന്നഡ അനുകൂല സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തതെങ്കിലും അവസാനനിമിഷം പല സംഘടനകളും ബന്ദിൽനിന്ന് പിന്മാറിയിരുന്നു. എന്നാൽ ആരുടെ പിന്തുണയില്ലെങ്കിലും ബന്ദിൽ ഉറച്ചുനിൽക്കുന്നതായും താൻ ഒറ്റയ്ക്ക് ബന്ദിന് നേതൃത്വം നൽകുമെന്നും കന്നഡ സംഘടനകളുടെ ഫെഡറേഷന്റെ അധ്യക്ഷനായ വാട്ടാൾ നാഗരാജ് പ്രതികരിച്ചു.
ഓഗസ്റ്റ് 12 മുതൽ 15 ദിവസത്തേക്ക് തമിഴ്നാടിന് 12,000 ക്യൂസെക്സ് വെള്ളം വിട്ടുകൊടുക്കാനുള്ള കാവേരി ജല മാനേജ്മെന്റ് അഥോറിറ്റിയുടെ ഉത്തരവിനെതിരെയാണ് വിവിധ കന്നഡ സംഘടനകൾ ബന്ദിന് ആഹ്വാനംചെയ്തത്.
Tags : Cauvery Dispute Bandh Karnataka Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash