ന്യൂഡൽഹി: മധ്യപൂർവേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് സിബിസിഐ അഭ്യർഥിച്ചു. ലോകസമാധാനത്തിനായി നോന്പുകാലത്ത് ആത്മാർഥമായി പ്രാർഥിക്കാൻ എല്ലാ ക്രൈസ്തവ വിശ്വാസികളെയും ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി ആഹ്വാനം ചെയ്തു.
ഇറാനിലും ഗൾഫ് മേഖലയിലും വർധിച്ചുവരുന്ന സംഘർഷങ്ങളിൽ സിബിസിഐ ആശങ്ക പ്രകടിപ്പിച്ചു. ശത്രുതകൾക്കിടയിൽ അകപ്പെട്ട ദുർബലരായ കുട്ടികൾ ഉൾപ്പെടെ നിരപരാധികളുടെ ദാരുണമരണത്തിൽ ബിഷപ്പുമാർ അഗാധമായ ദുഃഖം അറിയിച്ചു. ഉറ്റവരെ നഷ്ടമായവർക്കു വേണ്ടിയും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കുന്നതിനുമായി ആത്മാർഥമായി പ്രാർഥിക്കുന്നതായി സിബിസിഐ പത്രക്കുറിപ്പിൽ അറിയിച്ചു.
നിലവിലെ പ്രതിസന്ധി പരിഹരിക്കാനായി ക്രിയാത്മകമായ സംഭാഷണത്തിൽ ഒത്തുചേരാൻ സിബിസിഐ അഭ്യർഥിച്ചു. അക്രമത്തിനു പകരം സമാധാനം ബോധപൂർവം തെരഞ്ഞെടുക്കണമെന്ന് എല്ലാ രാഷ്ട്രങ്ങളുടെയും നേതാക്കളോടു ബിഷപ്പുമാർ പറഞ്ഞു. യഥാർഥ ശക്തി ബലപ്രയോഗത്തിലല്ല.
അക്രമവും സംഘർഷവും കൂടുതൽ കഷ്ടപ്പാടും നിരാശയും വളർത്തുകയേ ഉള്ളൂ. മാനുഷിക അന്തസിനു മുൻഗണന നൽകാനും പരിഹാരത്തിനായി സഹകരിച്ചു പ്രവർത്തിക്കാനും ആഗോള നേതാക്കളോട് സിബിസിഐ അഭ്യർഥിച്ചു.
Tags : CBCI pray world peace Middle East war