ന്യൂഡൽഹി: സൈബർ തട്ടിപ്പിന്റെ പേരിൽ നാല് ചൈനീസ് പൗരന്മാരുൾപ്പെടെ 17 പേർക്കെതിരേയും 58 കന്പനികൾക്കെതിരേയും കുറ്റപത്രം സമർപ്പിച്ച് സിബിഐ. 2020 മുതൽ ഇന്ത്യയിൽ ഷെൽ കന്പനികൾ വഴി തട്ടിപ്പ് നടത്തിയ സംഘം ഏകദേശം 1000 കോടി രൂപ വിദേശത്തേക്കു കൈമാറ്റം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.
സൈബർ തട്ടിപ്പിന്റെ പേരിൽ ഈ വർഷം ഒക്ടോബറിൽ അന്വേഷണസംഘത്തിന്റെ പിടിയിലായ മൂന്ന് ഇന്ത്യൻ പൗരന്മാരിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിറ്റൽ തട്ടിപ്പിന്റെ വലിയ റാക്കറ്റിലേയ്ക്ക് അന്വേഷണസംഘം എത്തുന്നത്.
വ്യാജ ലോണ്‍ ആപ്ലിക്കേഷൻ, നിക്ഷേപ പദ്ധതികൾ, മണി ചെയിൻ മോഡലുകൾ, വ്യാജ പാർട്ട് ടൈം ജോലി വാഗ്ദാനങ്ങൾ, ഓണ്‍ലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ ആയിരക്കണക്കിനു പേരിൽനിന്ന് കോടികളാണു സംഘം തട്ടിയെടുത്തത്.
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്ററിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റാക്കറ്റിനെതിരേ കേസ് രജിസ്റ്റർ ചെയ്തത്. തുടക്കത്തിൽ ഒറ്റപ്പെട്ട കേസുകളാണെന്നു തോന്നിയെങ്കിലും തട്ടിപ്പിനായി ഉപയോഗിച്ച ആപ്ലിക്കേഷനുകൾ, പേമെന്റ് ഗേറ്റ്വേകൾ, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയുടെ സമാനതകളാണ് തട്ടിപ്പിനുപിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചത്.
ഗൂഗിൾ പരസ്യങ്ങൾ, ബൾക്ക് എസ്എംഎസ് കാന്പയിനുകൾ, ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി വിവിധ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ടായിരുന്നു കുറ്റവാളികൾ തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. തട്ടിപ്പിനായി 111 ഷെൽ കന്പനികളാണ് സംഘം ആരംഭിച്ചത്. നേരത്തേ, കർണാടക, തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലായി 27 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ എന്നിവ പിടിച്ചെടുത്തിരുന്നു.
Tags : Cyber fraud