ന്യൂഡൽഹി: രാജ്യത്തെ ജോലി ചെയ്യുന്ന സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും നിർബന്ധിത ആർത്തവ അവധി അനുവദിക്കണമെന്ന ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ആർത്തവ അവധി നിയമപരമായി നിർബന്ധമാക്കുന്നത് തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് തിരിച്ചടിയുണ്ടാക്കുമെന്നും തൊഴിലുടമകൾ സ്ത്രീകളെ ജോലിക്കെടുക്കാൻ മടിക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചു.
ആർത്തവ അവധി നിയമം വഴി നിർബന്ധമാക്കിയാൽ, സർക്കാർ-സ്വകാര്യ മേഖലകളിലും ജുഡീഷ്യറിയിലും സ്ത്രീകളെ നിയമിക്കുന്നതിൽ നിന്ന് തൊഴിലുടമകൾ പിന്മാറാൻ സാധ്യതയുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇത് സ്ത്രീകളുടെ കരിയർ വളർച്ചയെ പ്രതികൂലമായി ബാധിക്കും.
ആർത്തവ അവധി നൽകുന്നത് സംബന്ധിച്ച തീരുമാനം സർക്കാരിന്റെ നയപരമായ കാര്യമാണെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തോട് ഉചിതമായ നയം രൂപീകരിക്കുന്നത് പരിഗണിക്കാൻ കോടതി നിർദ്ദേശിച്ചു.
കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആർത്തവ അവധി നൽകുന്നതിനെ കോടതി പരാമർശിച്ചു. സ്വകാര്യ കമ്പനികൾ സ്വമേധയാ ഇത്തരത്തിൽ അവധി നൽകുന്നത് സ്വാഗതാർഹമാണെന്നും എന്നാൽ നിയമം വഴി അടിച്ചേൽപ്പിക്കുന്നത് വിപരീത ഫലം ചെയ്യുമെന്നും കോടതി വ്യക്തമാക്കി.
ആർത്തവ അവധി നിർബന്ധമാക്കുന്നത് സ്ത്രീകൾ ശാരീരികമായി ദുർബലരാണെന്ന തെറ്റായ സന്ദേശം നൽകാൻ ഇടയാക്കുമെന്നും ഇത് ലിംഗസമത്വത്തിനായുള്ള പോരാട്ടങ്ങളെ ദുർബലപ്പെടുത്തിയേക്കുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
Tags : menstrual leave Supreme Court