ന്യൂഡൽഹി: മല്ലികാർജുൻ ഖാർഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയതിൽ വിമർശനവുമായി ജയ്റാം രമേശ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ബിജെപിക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. ധാർമ്മികത നഷ്ടപ്പെട്ട മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജി വയ്ക്കണമെന്നും ജയ്റാം രമേശ് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ തീവ്രവാദി പരാമർശത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നോട്ടീസ് നൽകിയത്. ഇരുപത്തിനാല് മണിക്കൂറിനകം മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കിൽ കമ്മീഷൻ ശക്തമായ നടപടികളിലേക്ക് കടന്നേക്കും.
എല്ലാ ധാർമ്മിക അധികാരവും ഗ്യാനേഷ് കുമാറിന് നഷ്ടപ്പെട്ടുവെന്നും ജനാധിപത്യത്തെ ബലി നൽകാൻ ശ്രമിച്ച ഭീരുവായി ഗ്യാനേഷ് കുമാറിനെ ചരിത്രം ഓർക്കുമെന്നും ജയ്റാം രമേശ് വിമർശിച്ചു. നോട്ടീസ് ലഭിച്ചതിൽ ഖർഗെ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്ന് വൈകുന്നേരത്തിനുള്ളിൽ കമ്മീഷന് മറുപടി നൽകുമെന്നാണ് വിവരം. മോദിയെ കൊടും ഭീകരൻ എന്ന് വിളിച്ച ചന്ദ്രബാബു നായിഡുവിനെതിരെയും ബിജെപി പ്രതിഷേധിക്കുമോയെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ ചോദിച്ചു.