ഇന്ത്യാ സഖ്യ നേതാക്കൾ മാധ്യമങ്ങളോടു സംസാരിക്കുന്നു (File Photo)
ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലുമായി കേന്ദ്രസർക്കാർ മുന്നോട്ടുനീങ്ങുമ്പോൾ നിർണായക നീക്കവുമായി ഇന്ത്യാ സഖ്യം. വിഷയത്തിൽ ഇന്ത്യാ സഖ്യത്തിൽ നിന്ന് വിട്ടുനിൽക്കാൻ സാധ്യതയുള്ള ഡിഎംകെയേയും എൻസിപിയേയും അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സോണിയയും ഖർഗെയും ഉൾപ്പെടെയുള്ള നേതാക്കൾ ഇരുപാർട്ടിയുടേയും നേതൃത്വങ്ങളുമായി ചർച്ച നടത്തും.
ചെന്നെയിൽ സ്റ്റാലിനേയും മുംബൈയിൽ ശരദ്പവാറിനെയും കാണാനാണ് നിലവിലെ തീരുമാനം. ചെന്നൈയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിനു നടക്കുന്ന കൂടിക്കാഴ്ചയിൽ കേരളം, കർണാടക, തെലുങ്കാന മുഖ്യമന്ത്രിമാരും, മമത ബാനർജിയും പങ്കെടുക്കും. അതേസമയം, മുംബൈയിൽ രാത്രി എട്ടിനാണ് കൂടിക്കാഴ്ചകൾ.
ബില്ലിനെ പിന്തുണയ്ക്കുന്ന എൻഡിഎ ഇതര കക്ഷികളെയും സ്വന്തം സഖ്യത്തിലെ ഭിന്നാഭിപ്രായമുള്ളവരെയും ഒപ്പം നിർത്താൻ അവസാനവട്ട ശ്രമങ്ങളാണ് ഇന്ത്യാസഖ്യം നടത്തുന്നത്. ബില്ലിനെതിരേ പ്രതിപക്ഷത്തെ ഒറ്റക്കെട്ടാക്കി പാർലമെന്റിൽ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം.
മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ഭാവിതന്ത്രങ്ങൾ ആവിഷ്കരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ശനിയാഴ്ച ചേർന്ന ഇന്ത്യാസഖ്യ നേതാക്കളുടെ യോഗത്തിൽ ബില്ലിനെതിരായ നിലപാട് ആവർത്തിച്ചു.
ജമ്മുകാഷ്മീരിലും ആസാമിലും നടന്ന മണ്ഡല പുനർനിർണയത്തിലെ ഏകപക്ഷീയത, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കു ജനസംഖ്യാനുപാതികമായി സീറ്റ് വർധന ലഭിക്കാത്തത്, പുതിയ നീക്കത്തിലൂടെ വരും തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കു ലഭിക്കാനിടയുള്ള രാഷ്ട്രീയ മേൽക്കൈ എന്നിവ ഉയർത്തിക്കാട്ടി കൂടുതൽ കക്ഷികളെ ഒപ്പം നിർത്താനാണു സഖ്യത്തിന്റെ ശ്രമം.
ഇന്ത്യ സഖ്യത്തിനും എൻഡിഎയ്ക്കും പുറത്തുള്ള വൈഎസ്ആർ കോൺഗ്രസ്, ബിജു ജനതാദൾ (ബിജെഡി) എന്നീ കക്ഷികളെയും എൻഡിഎയിലെ ടിഡിപിയെയും സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. മണ്ഡല പുനർനിർണയത്തിന്റെ പ്രത്യാഘാതങ്ങൾ ഈ കക്ഷികളെ ബോധ്യപ്പെടുത്താൻ കുറഞ്ഞ സമയത്തിനുള്ളിൽ ചർച്ചകൾ നടത്തും.
Tags : DelimitationBill National Politics IndiaBloc