കൊച്ചി: രേഖകള്‍ ലഭിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ പരാതിയെത്തുടര്‍ന്ന് അഭിമന്യു വധക്കേസിലെ ഇന്നലത്തെ സാക്ഷിവിസ്താരം ഏറെനേരം തടസപ്പെട്ടു. തഹസില്‍ദാര്‍ വൃന്ദാദേവിയുടെ വിസ്താരത്തിനിടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കേസില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡിന് ചുമതലപ്പെടുത്തിയിരുന്ന തഹസില്‍ദാറുടെ വിസ്താരം പിന്നീട് പുനരാരംഭിക്കുകയും ചെയ്തു.
ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിഭാഗം എതിര്‍പ്പ് ഉന്നയിച്ചതോടെയാണു വിസ്താരം താത്കാലികമായി തടസപ്പെട്ടത്. തിരിച്ചറിയല്‍ പരേഡിനായി 2018ല്‍ അന്വേഷണ ഉദ്യോഗസ്ഥന് ജില്ലാ കളക്ടര്‍ക്കു നല്കിയ അപേക്ഷ, ഇതിന്റെ അടിസ്ഥാനത്തില്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തി എഡിഎം പുറപ്പെടുവിച്ച ഉത്തരവ് എന്നിവയുടെ പകര്‍പ്പുകള്‍ പ്രതിഭാഗം ആവശ്യപ്പെടുകയായിരുന്നു. പ്രതികള്‍ക്കെതിരേ പ്രോസിക്യൂഷന് ഹാജരാക്കുന്ന രേഖകളുടെ പട്ടികയില്‍ ഉള്‍പ്പെടാത്തവ രേഖപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു.
രേഖകള്‍ നേരത്തേ നല്‍കിയതാണെന്ന് പ്രോസിക്യൂഷന് വാദിച്ചെങ്കിലും പരിശോധനയില്‍ പകര്‍പ്പ് നല്‍കിയിട്ടില്ലെന്നു വ്യക്തമായി. ഇതേത്തുടര്‍ന്ന് വിസ്താരം നിര്‍ത്തിവച്ചെങ്കിലും പകര്‍പ്പുകള്‍ ലഭ്യമാക്കിയശേഷം നടപടികള്‍ പുനരാരംഭിച്ചു. തുടര്‍ന്ന് പ്രോസിക്യൂഷന് ഭാഗത്തുനിന്നുള്ള വിസ്താരം പൂര്‍ത്തിയാക്കി. നാളെ എതിര്‍വിസ്താരം നടക്കും.
Tags : Abhimanyu murder case documents witness examination stalled Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash