വഡോദര: ഗുജറാത്തിലെ വഡോദരയിലുള്ള ജിഎംഇആർഎസ് മെഡിക്കൽ കോളജിൽ സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗിനെത്തുടർന്ന് ജൂനിയർ വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹോസ്റ്റൽ പരിസരത്ത് പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ മൂന്ന് ജൂനിയർ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ രാത്രി വൈകി അസഭ്യം പറയുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായാണ് പരാതി. കടുത്ത മാനസിക സമ്മർദത്തിലായ വിദ്യാർഥികളിലൊരാൾ ഹോസ്റ്റൽ മുറിയിൽ നിന്നും താഴേക്ക് ചാടാൻ ശ്രമിച്ചെങ്കിലും ഒപ്പമുണ്ടായിരുന്ന വിദ്യാർഥി ഇടപെട്ടതിനാൽ ദുരന്തം ഒഴിവായി.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് വിദ്യാർഥികൾ നാഷണൽ മെഡിക്കൽ കമ്മീഷന് പരാതി നൽകി. ആരോപണവിധേയരായ സീനിയർ വിദ്യാർഥികളെ നിലവിൽ കോളജിൽനിന്നു വീട്ടിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. വെള്ളിയാഴ്ച കോളജ് ഡീൻ വിദ്യാർഥികളുമായി സംസാരിച്ച് വിവരങ്ങൾ തേടിയിരുന്നു. ഇതിന് പിന്നാലെ കോളജിലെ ആന്റി-റാഗിംഗ് കമ്മിറ്റി അടിയന്തര യോഗം ചേർന്നു.
മൂന്ന് വിദ്യാർഥികൾക്ക് മാനസിക പീഡനം നേരിട്ടതായും ഇത് അവരുടെ മാനസികാരോഗ്യത്തെ ബാധിച്ചതായും പരാതി ലഭിച്ചിട്ടുണ്ടെന്ന് മെഡിക്കൽ കോളജ് ഡീൻ വിശാല പാണ്ഡ്യ അറിയിച്ചു. മാനസികമായി തളർന്ന വിദ്യാർഥിക്ക് ആവശ്യമായ പരിചരണം നൽകുന്നതിനാണ് പ്രഥമ പരിഗണനയെന്നും സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്ത് അന്വേഷണം നടത്തിവരികയാണെന്നും അവർ വ്യക്തമാക്കി. പരീക്ഷയെയും പടക്കം പൊട്ടിക്കുന്നതിനെയും ചൊല്ലിയുണ്ടായ തർക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്നും റാഗിംഗ് സ്ഥിരീകരിച്ചാൽ ചട്ടപ്രകാരം കർശന നടപടിയുണ്ടാകുമെന്നും ആന്റി-റാഗിങ് കമ്മിറ്റി അംഗം ഹിതേഷ് റാത്തോഡ് പറഞ്ഞു.
Tags : Ragging medical college Vadodara junior student suicide attempts Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash