പാർലമെന്റ്
ന്യൂഡൽഹി: ലോക്സഭാ സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിച്ചു വനിതാസംവരണം നടപ്പാക്കാനുള്ള സുപ്രധാന ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു.
ബില്ലിന് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോട് ഭരണപക്ഷം ഏറെക്കുറെ അടുത്തുകഴിഞ്ഞു. പ്രതിപക്ഷ നിരയിലെ പ്രമുഖ കക്ഷികളെ ഒപ്പം നിർത്തി സഭയിൽ വിജയം ഉറപ്പിക്കാനുള്ള ചരടുവലികളാണ് ഇപ്പോൾ സജീവമാകുന്നത്.
540 അംഗങ്ങളുള്ള ലോക്സഭയിൽ മുഴുവൻ പേരും വോട്ട് രേഖപ്പെടുത്തിയാൽ 360 പേരുടെ പിന്തുണയാണു ബിൽ പാസാകാൻ വേണ്ടത്. 22 അംഗങ്ങളുള്ള ഡിഎംകെയുടെയും നാല് അംഗങ്ങളുള്ള വൈഎസ്ആർസിപിയുടെയും പിന്തുണ ഉറപ്പായതോടെ സർക്കാരിന്റെ പക്കൽ 348 വോട്ടുകളായി.
എട്ട് എംപിമാരുള്ള എൻസിപി (ശരദ് പവാർ വിഭാഗം) ബില്ലിനെ പിന്തുണയ്ക്കുമെന്ന് സൂചന നൽകിയിട്ടുണ്ടെങ്കിലും ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തിൽ എൻസിപി എംപിമാർക്കിടയിൽ ഭിന്നതയുള്ളതായും റിപ്പോർട്ടുകളുണ്ട്.
ഇന്നലെ നടന്ന ഇന്ത്യ സഖ്യ യോഗത്തിൽനിന്ന് എൻസിപി വിട്ടുനിന്നത് അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നു. എൻസിപിയുടെ പൂർണ പിന്തുണ ലഭിച്ചാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് സർക്കാരിനുവേണ്ടത് വെറും നാല് വോട്ടുകൾ മാത്രമായിരിക്കും.
മൂന്ന് അംഗങ്ങളുള്ള ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) പിന്തുണയും സർക്കാർ തേടിയതായാണു വിവരം. ഇന്ത്യ സഖ്യ യോഗത്തിൽ ഓൺലൈനായി പങ്കെടുത്തെങ്കിലും ജെഎംഎം തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഇതിനുപുറമെ ഒന്നോ രണ്ടോ അംഗങ്ങളുള്ള ചെറുപാർട്ടികളെക്കൂടി ഒപ്പം നിർത്താനായാൽ 360 എന്ന മാജിക് സംഖ്യയിലേക്ക് അനായാസം എത്താമെന്നാണു കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. അതേസമയം, സർക്കാർ പക്ഷത്തേക്കു ചായുന്ന ഡിഎംകെയെയും എൻസിപിയെയും അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തിരക്കിട്ട ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
Tags : National Politic Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash constituency