രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഭരണപക്ഷത്തിനു രാഷ്ട്രീയനേട്ടമുണ്ടാക്കുന്നതിനായി മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണയിക്കുകയാണെന്ന ആരോപണത്തിന് ഉദാഹരണങ്ങളായി ജമ്മു കാഷ്മീരിലെയും ആസാമിലെയും സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
ബിജെപി തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ മണ്ഡല പുനർനിർണയത്തെ ആയുധമാക്കുകയാണെന്നും രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം തന്നെ സ്വന്തം താത്പര്യങ്ങൾക്കനുസരിച്ചു മാറ്റിവരയ്ക്കാനാണു നീക്കമെന്നും കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.
ജമ്മുകാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം നടന്ന മണ്ഡലപുനർനിർണയത്തിൽ മതാടിസ്ഥാനത്തിലുള്ള മാറ്റങ്ങളുണ്ടായെന്ന ആരോപണമാണ് രാഹുൽ ഉന്നയിച്ചത്. ആസാമിൽ പ്രതിപക്ഷ വോട്ടർമാരെ ചില മണ്ഡലങ്ങളിലേക്ക് കൂട്ടത്തോടെ മാറ്റി മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിശ്ചയിച്ചെന്നും അദ്ദേഹം പറഞ്ഞു.
ആസാമിലെ ബർപേട്ട, ധുബ്രി മണ്ഡലങ്ങളിലെ മാറ്റങ്ങൾ ഇതിന് ഉദാഹരണമായി രാഹുൽ ചൂണ്ടിക്കാട്ടി. ബർപേട്ടയിലെ മുസ്ലിം ഭൂരിപക്ഷ നിയമസഭാ മണ്ഡലങ്ങൾ ധുബ്രിയിലേക്കു ലയിപ്പിക്കുകയും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങൾ ബർപേട്ടയോട് കൂട്ടിച്ചേർക്കുകയും ചെയ്തെന്ന റിപ്പോർട്ടുകൾ അദ്ദേഹം പരാമർശിച്ചു.
കമ്മിഷന്റെ ഘടനയിലും വിമർശനം
മണ്ഡല പുനർനിർണയ കമ്മിഷന്റെ ഘടനയെക്കുറിച്ചും രാഹുൽ ആശങ്ക പ്രകടിപ്പിച്ചു. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ, ഒരു മുൻ സുപ്രീംകോടതി ജഡ്ജി, ഗ്യാനേഷ് കുമാർ തെരഞ്ഞെടുക്കുന്ന മറ്റൊരാൾ എന്നിവരായിരിക്കും കമ്മിഷനിലെ അംഗങ്ങളെന്ന നിർദേശം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്നു കമ്മിഷന്റെ പ്രവർത്തനം നിയന്ത്രിക്കാനുള്ള സാഹചര്യമാണിതെന്ന് അദ്ദേഹം ആരോപിച്ചു.
വേണ്ടതു നീതിപൂർവമായ മണ്ഡലപുനർനിർണയം
ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്താനുള്ള നിലവിലെ നിർദിഷ്ട പദ്ധതിയെയാണ് എതിർക്കുന്നതെന്നും നീതിപൂർവമായ മണ്ഡലപുനർനിർണയത്തെ എതിർക്കുന്നില്ലെന്നും രാഹുൽ വ്യക്തമാക്കി. ഇതിനായി ചില നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.
നിലവിലെ 543 ലോക്സഭാ സീറ്റുകൾ നിലനിർത്തി മണ്ഡലങ്ങൾ പുനർനിർണയിക്കണമെന്നാണു പ്രധാന ആവശ്യം. ഇതേ സീറ്റുകളുടെ എണ്ണത്തിൽ ഉപസംവരണത്തോടെയുള്ള വനിതാ സംവരണം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലപുനർനിർണയ കമ്മിഷൻ ഉഭയകക്ഷി സമവായത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കണം. ജാതി സെൻസസ് ഉൾപ്പെടുന്ന 2027ലെ സെൻസസ് വിവരങ്ങൾ അടിസ്ഥാനമാക്കിയാകണം മണ്ഡലപുനർനിർണയമെന്നും രാഹുൽ പറഞ്ഞു.
Tags : Political agenda BJP National Politics Rahul Gandhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash