പ്രതീകാത്മക ചിത്രം
തൃശൂർ: മോട്ടോർ വാഹനവിഭാഗത്തിൽ ഒരു ആസ്ഥാനവും നാലു സോണൽ യൂണിറ്റുകളും ഉൾപ്പടെ ടാക്സ് ഇന്റലിജന്‍സ് ആൻഡ് ഇൻവെസ്റ്റിഗേഷൻ വിംഗ് രൂപീകരിച്ച് 25 തസ്തികകൾ സൃഷ്ടിക്കാൻ ഗതാഗതവകുപ്പിന്റെ ഉത്തരവ്.
നികുതിവെട്ടിപ്പ്, വരുമാനച്ചോർച്ച, നിലവിലെ നികുതി ഉയർത്താതെ ഘടന ശക്തിപ്പെടുത്തൽ എന്നിവ ലക്ഷ്യമിട്ടാണിതെന്ന് ഉത്തരവിൽ പറയുന്നു. ഗതാഗതവകുപ്പിനു കീഴിൽ കെഎസ്ആർടിസി ജീവനക്കാർ ശമ്പളവും ആനുകൂല്യങ്ങളുമില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് അധികബാധ്യത സൃഷ്ടിക്കുന്ന നീക്കമെന്നാണ് ആരോപണം.
ആസ്ഥാനത്ത് ഒരു സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ (ടാക്സ് ആൻഡ് ഇന്റലിജൻസ്), ആർടിഒ, സീനിയർ സൂപ്രണ്ട്, രണ്ടു ക്ലർക്കുമാർ എന്നിങ്ങനെയും സോണൽ യൂണിറ്റുകളിൽ നാല് ജോയിന്റ് ആർടിഒമാർ, നാല് എംവിഐമാർ, എട്ട് എഎംവിഐമാർ, നാലു ക്ലർക്കുമാർ എന്നിങ്ങനെ നിയമിക്കാനാണ് അനുമതി.
2006 മുതൽ നോണ്‍ ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും ഏതാനും വിഭാഗത്തിലെ ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും പാദവാർഷികനികുതി ഒഴിവാക്കി ഒറ്റത്തവണനികുതി നടപ്പാക്കിയതോടെ വകുപ്പിന്റെ ജോലിഭാരം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.
വാഹൻ, പരിവാഹൻ, ഫാസ്ടാഗ് തുടങ്ങിയ ഡിജിറ്റൽ സേവനങ്ങളും വാഹനനികുതി, പ്രത്യേക നികുതി, ഡ്രൈവിംഗ് ലൈസൻസ്, പിഴകൾ, ചലാൻ എന്നീ ഓണ്‍ലൈൻ സേവനങ്ങളുമുള്ളതിനാൽ മോട്ടോർവാഹന വകുപ്പിൽ മുൻപുണ്ടായിരുന്ന ജോലിഭാരം ഇപ്പോഴില്ല. ജീവനക്കാരെ പുനർവിന്യസിക്കുന്നതിനുപകരം വരുമാനച്ചോർച്ചയുണ്ടെന്നു കെട്ടിച്ചമച്ചു ട്രാൻസ്പോർട്ട് കമ്മിഷണറും ഗതാഗതമന്ത്രിയും ചേർന്ന് അധികതസ്തിക സൃഷ്ടിച്ചത് ബാധ്യതയുണ്ടാക്കുമെന്നാണ് ആരോപണം. ടാക്സ് ഇന്റലിജൻസ് എന്ന പേരിൽ ബജറ്റിൽ ഉൾപ്പെടുത്തിയതു തസ്തിക സൃഷ്ടിക്കാൻ മാത്രമാണെന്നും ചൂണ്ടിക്കാട്ടുന്നു.
നേരത്തേ, സംസ്ഥാനത്ത് അപകടങ്ങൾ വർധിച്ചെന്നു ചൂണ്ടിക്കാട്ടി 728 ഉദ്യോഗസ്ഥരെ നിയമിക്കാനും നീക്കമുണ്ടായിരുന്നു. അധിക നിയമനങ്ങൾക്കു വരുന്ന ശമ്പളബാധ്യതയ്ക്ക് ആനുപാതികമായി മോട്ടോർ വാഹനനികുതി, കോമ്പൗണ്ടിംഗ് ഫീസ്, പെർമിറ്റ്- ഫിറ്റ്നസ് ലംഘനങ്ങൾ, അമിതഭാരം എന്നീയിനങ്ങളിൽ പ്രതിമാസം നാലുലക്ഷം രൂപവീതം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എംവിഐ), അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എഎംവിഐ) എന്നിവരെ ഉപയോഗിച്ചു പിരിച്ചെടുക്കാമെന്നും ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചക്കിലം നൽകിയ ശിപാർശയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Tags : Motor Vehicles Department Online No shortage New posts Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash