എം.കെ. സ്റ്റാലിനും എടപ്പാടി പളനിസ്വാമിയും
രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന ചൊല്ലിനെ അന്വർഥമാക്കുന്ന നീക്കങ്ങൾക്കാണ് തമിഴ്നാട് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ നിർണായകമായ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള ഡിഎകെ നേതൃത്വത്തിന്റെ തീരുമാനം സംസ്ഥാന രാഷ്ട്രീയത്തിലും വലിയ ചലനങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. നേരത്തെ ഇതേ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന എം.കെ.സ്റ്റാലിൻ നിലപാട് മാറ്റിയതിനു പിന്നിലെ രാഷ്ട്രീയ കണക്കുകൂട്ടലുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കോൺഗ്രസുമായുള്ള ബന്ധത്തിൽ വിള്ളലുകൾ രൂപപ്പെടുകയും നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലെത്തുകയും ചെയ്ത പശ്ചാത്തലത്തിൽ ഡിഎംകെ നടത്തുന്ന ഈ നീക്കത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. അതേസമയം ബിജെപിയുടെ സഖ്യകക്ഷിയായ അണ്ണാഡിഎംകെയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാനും പുതിയ സാഹചര്യം വഴിയൊരുക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ബില്ലിനെച്ചൊല്ലി പാർലമെന്ററി നീക്കങ്ങൾക്കപ്പുറം തമിഴ്നാട്ടിലെ രാഷ്ട്രീയ അധികാര സമവാക്യങ്ങൾ തന്നെ മാറിമറിയുമോ എന്ന ചോദ്യവും ഇതോടെ ശക്തമാവുകയാണ്.
ഡിഎംകെയുടെ നിലപാട് മാറ്റത്തിന് പിന്നിലെന്ത്
മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത് സംസ്ഥാന താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണെന്നാണ് ഡിഎംകെ വിശദീകരിക്കുന്നത്. കേന്ദ്രസർക്കാരുമായോ എൻഡിഎയുമായോ രാഷ്ട്രീയ സഖ്യത്തിനുള്ള നീക്കമല്ല ഇതെന്നും പാർട്ടി വ്യക്തമാക്കുന്നു. ചെന്നൈയിലെ അണ്ണാ അറിവാലയത്തിൽ ചേർന്ന ഡിഎംകെ എംപിമാരുടെ യോഗത്തിലാണ് ബില്ലിനെ പിന്തുണയ്ക്കാനുള്ള പ്രമേയം പാസാക്കിയത്.
പുതിയ ബിൽ പ്രകാരം എല്ലാ സംസ്ഥാനങ്ങളിലെയും ലോക്സഭാ സീറ്റുകൾ ആനുപാതികമായി 50 ശതമാനം വർധിപ്പിക്കാനാണ് വ്യവസ്ഥ. ഇതനുസരിച്ച് തമിഴ്നാട്ടിലെ ലോക്സഭാ സീറ്റുകൾ 39ൽ നിന്ന് 59 ആയി ഉയരും. നിലവിലുള്ള സീറ്റുവിഹിതം സംരക്ഷിക്കപ്പെടുമെന്നതാണ് ഡിഎംകെ മുന്നോട്ടുവയ്ക്കുന്ന പ്രധാന വാദം. സംസ്ഥാനങ്ങൾ തമ്മിലുള്ള സീറ്റുകളുടെ ആനുപാതിക വിഹിതത്തിൽ 2051 വരെ മാറ്റമുണ്ടാകില്ലെന്ന ഉറപ്പും പാർട്ടി രാഷ്ട്രീയ നേട്ടമായി കാണുന്നു.
നേരത്തെ ആദ്യ ബില്ലിനെ ശക്തമായി എതിർക്കുകയും അതിന്റെ പകർപ്പ് പരസ്യമായി കത്തിക്കുകയും ചെയ്ത സ്റ്റാലിൻ ഇപ്പോൾ പിന്തുണയ്ക്കാൻ തീരുമാനിച്ചത് രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. ജനസംഖ്യാ അടിസ്ഥാനത്തിലുള്ള പുനർനിർണയം നടപ്പായാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെ ബാധിക്കുമെന്ന ആശങ്കയാണ് ഡിഎംകെ പ്രധാനമായും ഉയർത്തുന്നത്. പുതിയ ബില്ലിനെ പിന്തുണയ്ക്കുന്നതിലൂടെ ഈ പ്രതിസന്ധി ഒഴിവാക്കാനാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
കോൺഗ്രസുമായുള്ള അകൽച്ചയും വിജയ്യുടെ രാഷ്ട്രീയ ഉയർച്ചയും
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അധികാരത്തിലെത്തിയതോടെ പതിറ്റാണ്ടുകളായി സംസ്ഥാന രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തിയിരുന്ന ഡിഎംകെ, അണ്ണാഡിഎംകെ മുന്നണികളുടെ കണക്കുകൂട്ടലുകൾ മാറിമറിഞ്ഞു. അധികാരം നഷ്ടപ്പെട്ട ഡിഎംകെ പ്രധാന പ്രതിപക്ഷമായി മാറിയപ്പോൾ അണ്ണാഡിഎംകെയ്ക്ക് പ്രതിപക്ഷ നേതൃത്വത്തിലും തിരിച്ചടി നേരിട്ടു.
തെരഞ്ഞെടുപ്പിനു പിന്നാലെ കോൺഗ്രസ് ടിവികെയുമായി കൈകോർത്തത് ഡിഎംകെ-കോൺഗ്രസ് ബന്ധത്തിൽ വിള്ളലുണ്ടാക്കി. ദേശീയതലത്തിൽ കോൺഗ്രസുമായി സഹകരിച്ചിരുന്ന ഡിഎംകെ ഇപ്പോൾ സ്വന്തം രാഷ്ട്രീയ താത്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന നിലപാടിലേക്ക് നീങ്ങുന്നതിന്റെ സൂചനയായാണ് മണ്ഡല പുനർനിർണയ ബില്ലിലെ പിന്തുണ വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്ത് ടിവി കെ പുതിയ രാഷ്ട്രീയ ശക്തിയായി വളരുമ്പോൾ, ദേശീയതലത്തിൽ കേന്ദ്രസർക്കാരുമായി വിഷയാധിഷ്ഠിത സഹകരണം ഉറപ്പാക്കാനുള്ള സ്റ്റാലിന്റെ നീക്കം രാഷ്ട്രീയമായി ശ്രദ്ധേയമാണ്. ഇത് ഡിഎംകെയ്ക്ക് പുതിയ രാഷ്ട്രീയ ഇടം തുറന്നുകൊടുക്കുമോ എന്നതും വരുംദിവസങ്ങളിൽ വ്യക്തമാകും.
അണ്ണാഡിഎംകെയ്ക്ക് ഇരട്ട രാഷ്ട്രീയ വെല്ലുവിളി
ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായി തുടരുന്ന എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാഡിഎംകെയ്ക്കാണ് ഡിഎംകെയുടെ പുതിയ നിലപാട് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. കേന്ദ്രസർക്കാരിന്റെ നിർണായകമായ ഭരണഘടനാ ഭേദഗതി നീക്കത്തിന് പിന്തുണ ഉറപ്പാക്കാൻ ഡിഎംകെ എംപിമാരുടെ സഹായം തേടേണ്ടിവരുന്ന സാഹചര്യം അണ്ണാഡിഎംകെയുടെ ദേശീയ രാഷ്ട്രീയത്തിലെ പ്രസക്തി നഷ്ടമായതിന്റെ സൂചനയാണെന്നും റിപ്പോർട്ടുകളുണ്ട്. മണ്ഡല പുനർനിർണയ വിഷയത്തിൽ നേരത്തെ ഡിഎംകെ, കോൺഗ്രസ് തുടങ്ങിയ കക്ഷികൾ സ്വീകരിച്ച നിലപാടും അണ്ണാഡിഎംകെ-ബിജെപി പക്ഷത്തിന്റെ നിലപാടും വ്യത്യസ്തമായിരുന്നു.
എന്നാൽ പുതിയ ബില്ലിൽ ഡിഎംകെ പിന്തുണ പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ ചർച്ചകൾക്ക് പുതിയ ദിശ കൈവന്നിരിക്കുകയാണ്. സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ പേരിൽ ഡിഎംകെ കേന്ദ്രസർക്കാരിനൊപ്പം നിൽക്കുമ്പോൾ, ബിജെപിയുടെ സഖ്യകക്ഷിയായ അണ്ണാഡിഎംകെയ്ക്ക് സ്വന്തം രാഷ്ട്രീയ നിലപാട് വിശദീകരിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ വൈരുധ്യം മുതലെടുത്ത് രാഷ്ട്രീയ ഇടം തിരിച്ചുപിടിക്കാനാകും പളനിസ്വാമിയുടെ ശ്രമം.
വിഷയാധിഷ്ഠിത സഹകരണമോ?
മണ്ഡല പുനർനിർണയ ബില്ലിൽ ഡിഎംകെ സ്വീകരിച്ച നിലപാടിനെ കേന്ദ്രസർക്കാരുമായുള്ള രാഷ്ട്രീയ അടുപ്പമായി വ്യാഖ്യാനിക്കാനാകില്ലെന്നാണ് പാർട്ടിയുടെ വിശദീകരണം. സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും നേതൃത്വം വ്യക്തമാക്കുന്നു. എന്നാൽ കോൺഗ്രസുമായുള്ള ബന്ധം വഷളായ സാഹചര്യത്തിൽ കേന്ദ്രസർക്കാരുമായി വിഷയാധിഷ്ഠിത സഹകരണത്തിന് സ്റ്റാലിൻ തയാറാകുന്നത് ദേശീയ രാഷ്ട്രീയത്തിലും ചർച്ചയാകും. ബില്ലിനെ പിന്തുണച്ചതുകൊണ്ടുമാത്രം ഡിഎംകെ എൻഡിഎയിലേക്ക് അടുക്കുകയാണെന്ന് വിലയിരുത്താനാകില്ലെങ്കിലും, രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് നിലപാടുകൾ മാറ്റാനുള്ള പാർട്ടിയുടെ തന്ത്രപരമായ നീക്കമാണിതെന്ന് വ്യക്തമാണ്.
തമിഴ്നാട് രാഷ്ട്രീയത്തിൽ ഇനി എന്ത്?
ടിവികെ, ഡിഎംകെ, അണ്ണാഡിഎംകെ-ബിജെപി സഖ്യം എന്നിങ്ങനെ മൂന്ന് പ്രധാന രാഷ്ട്രീയ ശക്തികൾ തമ്മിലുള്ള മത്സരത്തിലേക്ക് തമിഴ്നാട് നീങ്ങുന്ന സാഹചര്യത്തിൽ ഓരോ പാർട്ടിയുടെയും നീക്കങ്ങൾ നിർണായകമാകും. മണ്ഡല പുനർനിർണയ ബില്ലിലെ ഡിഎംകെ നിലപാട് താത്കാലിക രാഷ്ട്രീയ തന്ത്രമാണോ അതോ ദേശീയ രാഷ്ട്രീയത്തിലെ പുതിയ സഹകരണത്തിന്റെ തുടക്കമാണോ എന്നത് കണ്ടറിയണം.
കോൺഗ്രസുമായുള്ള ബന്ധത്തിലെ വിള്ളൽ, വിജയ്യുടെ രാഷ്ട്രീയ മുന്നേറ്റം, കേന്ദ്രസർക്കാരിന്റെ നിർണായക നിയമനിർമാണ നീക്കങ്ങൾ എന്നിവയെല്ലാം ഒരുമിച്ച് തമിഴ്നാട് രാഷ്ട്രീയത്തെ പുതിയ ഘട്ടത്തിലേക്ക് നയിക്കുകയാണ്. സ്റ്റാലിന്റെ പുതിയ നീക്കം അണ്ണാഡിഎംകെയെ എത്രത്തോളം പ്രതിരോധത്തിലാക്കുമെന്നും ദേശീയ രാഷ്ട്രീയത്തിൽ ഡിഎംകെയുടെ വിലപേശൽ ശേഷി എങ്ങനെ മാറുമെന്നും ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.
Tags : Tamil Nadu Politics M.K. Stalin Indian Politics Political Alliance Lok Sabha BJP DMk