സ്റ്റാലിൻ പ്രധാനമന്ത്രിക്കൊപ്പം
ബിജെപിക്കെതിരെ ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്തുന്ന എം.കെ. സ്റ്റാലിൻ, കേന്ദ്രത്തിലെ ബിജെപി സർക്കാർ കൊണ്ടുവരുന്ന നിർണായക ബില്ലിനെ പിന്തുണയ്ക്കാൻ തയാറാകുന്നു. രാഷ്ട്രീയത്തിൽ ഇത് ഒരു യു-ടേണായി കാണാമെങ്കിലും അതിനപ്പുറം തമിഴ്നാടിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള തന്ത്രപരമായ നീക്കമാണോ എന്ന ചോദ്യവും പ്രസക്തമാണ്. എന്നാൽ ഇതിനിടയിൽ ഉയരുന്ന മറ്റൊരു ചോദ്യം കൂടിയുണ്ട്. കോൺഗ്രസും ഡിഎംകെയും ഒരുമിച്ച് ബിജെപിക്കെതിരെ പോരാടുമെന്ന് പറയുമ്പോൾ, നിർണായകമായ ഒരു ബില്ലിന്റെ കാര്യത്തിൽ എന്തുകൊണ്ട് രണ്ട് തട്ടിലായി?
ലോക്സഭാ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെ പുതിയ നീക്കമാണ് വിവാദത്തിന് കാരണം. ലോക്സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കാനുള്ള നിർദേശമാണ് ഇതിന്റെ പ്രധാന ഭാഗം.
ആദ്യം ഈ നീക്കത്തെ ശക്തമായി എതിർത്ത ഡിഎംകെ ഇപ്പോൾ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന എംപിമാരുടെ യോഗത്തിലാണ് ബില്ലിനെ പിന്തുണയ്ക്കാനുള്ള പ്രമേയം പാസാക്കിയത്.
എന്തുകൊണ്ടാണ് നിലപാട് മാറിയത്?
തമിഴ്നാടിന്റെ നിലവിലെ ലോക്സഭാ സീറ്റ് വിഹിതമായ 7.18 ശതമാനം സംരക്ഷിക്കപ്പെടുമെന്നും, സംസ്ഥാനങ്ങൾ തമ്മിലുള്ള ആനുപാതിക പ്രാതിനിധ്യം 25 വർഷത്തേക്ക് നിലനിർത്തണമെന്നുമുള്ള ആവശ്യങ്ങളാണ് സ്റ്റാലിൻ മുന്നോട്ടുവച്ചത്.
പുതിയ നിർദേശത്തിൽ ഈ ആശങ്കകൾ പരിഗണിക്കപ്പെട്ടതോടെയാണ് ഡിഎംകെ പിന്തുണയിലേക്ക് നീങ്ങിയത്. അതായത്, തമിഴ്നാടിന്റെ താൽപര്യം സംരക്ഷിക്കപ്പെടുന്നുവെങ്കിൽ ബില്ലിനെ പിന്തുണയ്ക്കാം എന്നതാണ് സ്റ്റാലിന്റെ നിലപാട്.
ഇവിടെയാണ് കോൺഗ്രസിന്റെ നിലപാട് പ്രസക്തമാകുന്നത്.കോൺഗ്രസ് ഈ നീക്കത്തെ എതിർക്കുന്നു. നിലവിലെ 543 ലോക്സഭാ സീറ്റുകളുടെ അടിസ്ഥാനത്തിൽത്തന്നെ വനിതാ സംവരണം നടപ്പാക്കണമെന്നാണ് കോൺഗ്രസിന്റെ പ്രധാന ആവശ്യം.
വനിതാ സംവരണത്തിന്റെ പേരിൽ മണ്ഡല പുനർനിർണയത്തിന് വഴിയൊരുക്കരുതെന്നും, പുതിയ മണ്ഡല നിർണയത്തിൽ രാഷ്ട്രീയ ഇടപെടലുകൾക്ക് സാധ്യത ഉണ്ടാകരുതെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഇവിടെ കോൺഗ്രസ് ഉയർത്തുന്ന ചോദ്യവും പ്രസക്തമാണ്.
വനിതാ സംവരണം നടപ്പാക്കാൻ ലോക്സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കേണ്ട ആവശ്യമുണ്ടോ? 2023-ൽ പാസാക്കിയ വനിതാ സംവരണ നിയമം നിലവിലെ സീറ്റുകളുടെ അടിസ്ഥാനത്തിൽ നടപ്പാക്കിക്കൂടേ? അതുകൊണ്ട് കോൺഗ്രസിന്റെ എതിർപ്പിനെ വെറും രാഷ്ട്രീയ എതിർപ്പായി തള്ളിക്കളയാനാവില്ല.
എന്നാൽ ഇതിൽ മറ്റൊരു രാഷ്ട്രീയ വശം കൂടിയുണ്ട്. കോൺഗ്രസിനോട് തെറ്റിയിരിക്കുകയാണ് ഡിഎംകെ. ഇന്ത്യ മുന്നണിയിലും ഡിഎംകെ ഇപ്പോഴില്ല. നിർണായകമായ കേന്ദ്രസർക്കാർ ബില്ലിന്റെ കാര്യത്തിലും ഇരുവരും രണ്ട് തട്ടിലാണ്.
ഇവിടെ കോൺഗ്രസിനോടും ഒരുകാര്യം ചോദിക്കേണ്ടതുണ്ട്. പ്രതിപക്ഷ ഐക്യം എന്നത് കോൺഗ്രസിന്റെ നിലപാടുകൾ മറ്റുള്ളവർ അതേപടി അംഗീകരിക്കണമെന്നാണോ? ഒരു സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുണ്ടെങ്കിൽ ഒരു പ്രാദേശിക പാർട്ടിക്ക് കേന്ദ്രസർക്കാർ ബില്ലിനെ പിന്തുണയ്ക്കാൻ അവകാശമില്ലേ?
അതേസമയം ഡിഎംകെയോടും ചോദിക്കാം. തമിഴ്നാടിന് ലഭിക്കുന്ന ഉറപ്പുകൾ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും ലഭിക്കുന്നുണ്ടോ? കേന്ദ്രസർക്കാരിന്റെ വാഗ്ദാനങ്ങൾ എത്രത്തോളം വിശ്വസനീയമാണ്?
ഈ നീക്കത്തിൽ ആർക്കാണ് നേട്ടം?
ഒന്നാമതായി, ബിജെപിക്ക്. ഭരണഘടനാ ഭേദഗതിക്ക് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. അതിനാൽ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയും നിർണായകമാണ്.ഈ സാഹചര്യത്തിൽ ഡി.എം.കെ.യുടെ പിന്തുണ ബി.ജെ.പിക്ക് രാഷ്ട്രീയമായും പാർലമെന്ററി കണക്കിലും നേട്ടമാണ്.
രണ്ടാമതായി, സ്റ്റാലിന്. തമിഴ്നാടിന്റെ താൽപര്യം സംരക്ഷിച്ചുവെന്ന് ജനങ്ങളോട് പറയാൻ സ്റ്റാലിന് കഴിയും.എന്നാൽ പ്രതിപക്ഷത്തിന് ഇത് വലിയ രാഷ്ട്രീയ പരീക്ഷണമാണ്.
ബിജെപിക്കെതിരെ ഒന്നിച്ചുനിൽക്കുമെന്ന് പറയുന്ന പ്രതിപക്ഷപാർട്ടികൾ ഒരു നിർണായക വിഷയത്തിൽ തന്നെ വ്യത്യസ്ത നിലപാടുകളിലേക്ക് പോകുന്നു.ഇത് പ്രതിപക്ഷത്തിന്റെ ഏകോപനമില്ലായ്മയാണ് തുറന്നുകാട്ടുന്നത്. മണ്ഡല പുനർനിർണയത്തിൽ സുതാര്യതയും സ്വതന്ത്രമായ മേൽനോട്ടവും ഉറപ്പാക്കുകയും വേണം.
കോൺഗ്രസിന്റെ എതിർപ്പ് ജനാധിപത്യപരമായ ജാഗ്രതയാണോ, അതോ രാഷ്ട്രീയ നേതൃത്വത്തിനായുള്ള പോരാട്ടമോ? സ്റ്റാലിന്റെ പിന്തുണ തമിഴ്നാടിന്റെ താൽപര്യം സംരക്ഷിക്കാനുള്ള തന്ത്രമാണോ, അതോ പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടിയാകുന്ന രാഷ്ട്രീയ നീക്കമോ?
ഉത്തരം വരുംദിവസങ്ങളിലെ നിയമനിർമാണത്തിലും വോട്ടെടുപ്പിലുമാണ്.കാരണം, ബിജെപിക്കെതിരായ പോരാട്ടവും സംസ്ഥാനങ്ങളുടെ താൽപര്യ സംരക്ഷണവും രണ്ടും പ്രധാനമാണ്.
Tags : mkstalin M.K. Stalin stalin DMK congress