മലബാർ കർഷക കുടിയേറ്റത്തിന്റെ ശതാബ്ദി ആഘോഷം കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊറോന പള്ളി പാരിഷ
മണ്ണാർക്കാട്: കേരളത്തിന്റെ ചരിത്രത്തിൽ സുവർണലിപികളിൽ എഴുതപ്പെട്ട മഹാപ്രയാണമായ മലബാർ കർഷക കുടിയേറ്റത്തിന്റെ നൂറ് വർഷങ്ങൾ ചരിത്രസ്മാരകമാക്കാൻ കാഞ്ഞിരപ്പുഴയിൽ മലബാർ കർഷക കുടിയേറ്റ ശതാബ്ദി മന്ദിരം സ്ഥാപിക്കുമെന്ന് മന്ത്രി കെ.എ. തുളസി. ഇതിനായി ഒരു കോടി രൂപ വകയിരുത്തുമെന്നും അവർ പറഞ്ഞു.
കാഞ്ഞിരപ്പുഴ സാൻതോം പാരിഷ് ഹാളിൽ നടന്ന മലബാർ കർഷക കുടിയേറ്റ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കുടിയേറ്റമെന്നത് വെറുമൊരു വിനോദസഞ്ചാര യാത്രയല്ല അത് മനുഷ്യന്റെ അതിജീവനമാണെന്നും 1920 മുതൽ 1980 വരെ ഇതു കേരളത്തിൽ തുടർന്നിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മന്ത്രി എൻ. ഷംസുദ്ദീൻ മുഖ്യാതിഥിയായിരുന്നു. വി.കെ. ശ്രീകണ്ഠൻ എംപി സുവനീർ പ്രകാശനം ചെയ്തു. മുൻ എംഎൽഎ കെ. ശാന്തകുമാരി, കേരള വ്യാപാരി- വ്യവസായി ഏകോപനസമിതി പാലക്കാട് ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ, മലബാർ കർഷക കുടിയേറ്റ ശതാബ്ദി ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ജോമി ജോർജ് കല്ലറയ്ക്കൽ മാളിയേക്കൽ, രക്ഷാധികാരി ബോബി ബാസ്റ്റ്യൻ പൂവത്തിങ്കൽ, മുഖ്യരക്ഷാധികാരി ഫാ. മാർട്ടിൻ ഏറ്റുമാനൂർക്കാരൻ, കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രൻ, പാലക്കാട് ജില്ല കർഷക സംരക്ഷണ സമിതി കൺവീനർ ഫാ. സജി വട്ടുകുളത്തിൽ, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയ് ജോസഫ്, കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുൺ ഓലിക്കൽ, മണ്ണാർക്കാട് സെന്റ് ജെയിംസ് പള്ളി വികാരി ഫാ. തദേവൂസ് ഡാനിയൽ തുടങ്ങിയവർ പങ്കെടുത്തു.
മണ്ണാർക്കാട്: കുടിയേറ്റ കർഷകരുടെ ചരിത്രവും അവരുടെ നിലവിലെ ആവശ്യങ്ങളും പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. മലബാർ കർഷക കുടിയേറ്റ ശതാബ്ദി ആഘോഷ പരിപാടിയിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 1920കളിൽ പാലക്കാട് ജില്ലയിലാണ് ആദ്യ കുടിയേറ്റം നടന്നതെന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ബിഷപ് പറഞ്ഞു.
കുടിയേറ്റ കർഷകർ മലബാറിന്റെ വികസനത്തിൽ നിർണായക പങ്ക് വഹിച്ചു. മലബാറിന്റെ കാർഷികചരിത്രം മാറ്റിയെഴുതി. വരുമാനമുള്ള നാണ്യവിളകൾ മലബാറിനെ പരിചയപ്പെടുത്തി. കേരളത്തിന്റെ വികസനത്തിന് അത് മുതൽക്കൂട്ടായി.
ഇനി നിലവിലെ സാഹചര്യം കൂടുതൽ മെച്ചപ്പെടുത്താനാണു ശ്രമിക്കേണ്ടതെന്ന് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഓർമപ്പെടുത്തി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കർഷകരുടെ സുസ്ഥിതി ഉറപ്പുവരുത്തണം. ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യം അടുത്തുണ്ടാകണം. തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെറുകിട സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുകയും വേണം. കൃഷിഭൂമിയുടെ ഉടമസ്ഥാവകാശം കർഷകർക്കു നൽകണം. വന്യജീവി ആക്രമണം തടയാൻ ശാശ്വതപരിഹാരം വേണം.
കാർഷികവിളകൾക്കു ശാസ്ത്രീയമായ രീതിയിൽ താങ്ങുവില പ്രഖ്യാപിക്കണം. കാർഷിക വിളകളുടെ വിപണനകേന്ദ്രങ്ങൾ തുറക്കുക, കാർഷിക ഗവേഷണ പരിശീലനകേന്ദ്രം നിർമിക്കുക തുടങ്ങിയ നിർദേശങ്ങളും ബിഷപ് മുന്നോട്ടുവച്ചു. കുടിയേറ്റ സ്മാരക ശതാബ്ദി മന്ദിരം നിർമിക്കണമെന്ന അദ്ദേഹത്തിന്റെ നിർദേശം ശ്രദ്ധിച്ച മന്ത്രി കെ.എ. തുളസി മന്ദിരനിർമാണത്തിന് ഒരു കോടി രൂപ അനുവദിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
മറ്റുകാര്യങ്ങൾക്ക് പൂർണ പിന്തുണയുണ്ടാകുമെന്ന് മന്ത്രിമാരായ കെ.എ. തുളസിയും എൻ. ഷംസുദ്ദീനും വി.കെ. ശ്രീകണ്ഠൻ എംപിയും ഉറപ്പുനൽകി. സ്മാരകം നിർമിക്കാനുള്ള സ്ഥലം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് കണ്ടെത്തി നൽകും.
Tags : Malabar Farmer Migration Kanjirappuzha Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash