സാബു എം. ജേക്കബ്
കൊച്ചി: മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ എതിര്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെയും ഇന്ത്യ മുന്നണിയുടെയും നിലപാട് വനിതാ സംവരണത്തോടുള്ള എതിര്‍പ്പാണെന്ന് ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ്. കേന്ദ്രമന്ത്രിസഭ ബില്ലില്‍ നിര്‍ണായക ഭേദഗതികള്‍ വരുത്തിയ സാഹചര്യത്തിലും പ്രതിപക്ഷം തുടരുന്ന എതിര്‍പ്പ് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭയിലെ അംഗസംഖ്യ 850 ആയി ഉയരുന്നതോടെ കേരളത്തിലെ ജനപ്രതിനിധികളുടെ എണ്ണത്തിലും ആനുപാതികമായ വര്‍ധനവുണ്ടാകും. ഇത് കേരളത്തിലെ ജനസംഖ്യാ ഭാരം കുറയ്ക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും സഹായിക്കുമെന്നും സാബു എം. ജേക്കബ് വ്യക്തമാക്കി.
പാര്‍ലമെന്റില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധിപ്പിച്ചാണ് 131ാം ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച ശേഷവും ഈ ബില്ലിനെ എതിര്‍ക്കുന്നതിലൂടെ, സ്ത്രീകള്‍ക്ക് പാര്‍ലമെന്റില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നത് തടയാനാണ് രാഹുല്‍ ഗാന്ധിയും ഇന്ത്യ മുന്നണിയും ശ്രമിക്കുന്നതെന്നും സാബു എം. ജേക്കബ് അറിയിച്ചു.
വനിതാ ശാക്തീകരണത്തെക്കുറിച്ച് പ്രസംഗിക്കുന്നവര്‍, അത് പ്രാവര്‍ത്തികമാക്കാനുള്ള നിയമനിര്‍മാണത്തെ എതിര്‍ക്കുന്നത് ഇരട്ടത്താപ്പാണ്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന ഈ ബില്ലിനെ പ്രിയങ്ക ഗാന്ധി അടക്കമുള്ള കേരളത്തിലെ മുഴുവന്‍ എംപിമാരും പിന്തുണയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : SabuMJacob Twenty20 NDA PriyankaGandhi NewsUpdate Headlines