കെ.മുരളീധരൻ
തിരുവനന്തപുരം: കോഴിക്കോട് എസ്എംഎ ബാധിതരായ മൂന്നു കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ ജീൻ തെറാപ്പിക്കായി ഫണ്ട് പിരിവ് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കിയതാണ് തെറ്റിധാരണയ്ക്ക് കാരണമായതെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ.
എസ്എംഎ രോഗത്തിനുള്ള മരുന്ന് സർക്കാരിന്റെ കൈവശമുണ്ട് പിന്നെ എന്തിനാണ് കാമ്പയിൻ നടത്തി ഫണ്ട് പിരിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. ഏത് ചികിത്സാരീതിക്കുവേണ്ടിയാണ് ധനസമാഹരണമെന്ന് മാധ്യമങ്ങൾ വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് സൗജന്യമായി സർക്കാർ നൽകുന്ന റിസ്ഡിപ്ലാം മരുന്നിനെ കുറിച്ച് പറഞ്ഞതെന്നാണ് വിശദീകരണം.
എസ്എംഎ ബാധിതർക്ക് ഓറൽ മരുന്നായ റിസ്ഡിപ്ലാം മാത്രമാണ് സർക്കാരിന് മുന്നിലുള്ള ഏക ചികിത്സ. ഇത് സർക്കാർ സൗജന്യമായി നൽകിവരുന്നുണ്ടെന്നും മന്ത്രിയുടെ ഓഫിസിൽ നിന്ന് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
എന്നാൽ, ഇപ്പോൾ നടക്കുന്ന ക്യാമ്പെയിൻ ജീൻ തെറാപ്പിക്കുവേണ്ടിയാണെന്ന് പിന്നീടാണ് വ്യക്തമായതെന്നും മന്ത്രി അറിയിച്ചു. ചോദ്യത്തിൽ ചികിത്സാരീതി വ്യക്തമാക്കാതിരുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നും മന്ത്രി വ്യക്തമാക്കി. ജീൻ തെറാപ്പി നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെങ്കിലും, ഏത് നൂതന ചികിത്സയിലൂടെയും കുട്ടികൾക്ക് ആരോഗ്യം വീണ്ടെടുക്കാൻ കഴിയുമെങ്കിൽ അതിനെ സർവാത്മനാ സ്വാഗതം ചെയ്യുന്നുവെന്നും കെ.മുരളീധരൻ പറഞ്ഞു.
കുട്ടികളുടെ ആരോഗ്യം വീണ്ടെടുക്കുന്ന ഏത് ശ്രമവും വ്യക്തിപരമായി സന്തോഷം നൽകുന്നതാണ്. ആപത്ത് ഘട്ടങ്ങളിൽ ജാതി, മതം, വർണം, വർഗം എന്നിവയ്ക്കതീതമായി സഹായഹസ്തം നീട്ടുന്ന കേരളീയരുടെ മനുഷ്യത്വം എസ്എംഎ ബാധിതരായ കുട്ടികളുടെ കാര്യത്തിലും പ്രകടമാകുന്നത് അഭിമാനകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Tags : SMA KMuraleedharan Congress UDF Treatment NewsUpdate Headlines