x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കരമാർഗം ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന; രാജ്യത്ത് സംഘർഷവും സ്ഫോടനങ്ങളും

ഇന്‍റർനാഷണൽ ഡെസ്ക്
Published: November 29, 2026 10:23 AM IST | Updated: November 29, 2026 11:38 AM IST

ഷെയ്ഖ് ഹസീന (File Photo)

ന്യൂഡൽഹി: ഇന്ത്യയിൽ അഭയം പ്രാപിച്ചിരിക്കുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കര അതിർത്തി വഴി സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ബംഗ്ലാദേശ് വിജയദിനമായി ആചരിക്കുന്ന ഡിസംബർ 16-ന് രാജ്യത്ത് തിരിച്ചെത്തുമെന്നാണ് അവർ പ്രഖ്യാപിച്ചിരുന്നത്.

ഇതിന് മുന്നോടിയായി പശ്ചിമ ബംഗാൾ, ത്രിപുര അതിർത്തികളിലെ പ്രവേശന കവാടങ്ങളിൽ ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്‍റെ നേതാക്കളും അനുയായികളും നിരീക്ഷണം നടത്തിയതായാണ് റിപ്പോർട്ട്.

പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലുള്ള പെട്രാപോൾ - ബംഗ്ലാദേശിലെ ബെനാപോൾ അതിർത്തി കവാടമാണ് പ്രധാനമായും പരിഗണിക്കുന്നത്. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ കര തുറമുഖവും ഉഭയകക്ഷി വ്യാപാര-ഗതാഗത കേന്ദ്രവുമാണ് പെട്രാപോൾ.

2024 ഓഗസ്റ്റ് 22-ന് ഹസീനയുടെ പാസ്‌പോർട്ടും, 2025 ഫെബ്രുവരി 16-ന് ദേശീയ തിരിച്ചറിയൽ കാർഡും ബംഗ്ലാദേശ് സർക്കാർ റദ്ദാക്കിയിരുന്നു. പുതിയ രേഖകൾ അനുവദിക്കാത്ത സാഹചര്യത്തിൽ വിമാനയാത്ര അസാധ്യമായതിനാലാണ് കരമാർഗം തിരഞ്ഞെടുക്കുന്നത്.

അതിർത്തി കടന്നെത്തിയാൽ ഹസീനയെ അറസ്റ്റ് ചെയ്യുമെന്നാണ് ബംഗ്ലാദേശ് സർക്കാരിന്‍റെ നിലപാട്. 2024 ഓഗസ്റ്റ് അഞ്ചിന് അധികാരഭ്രഷ്ടയായ ശേഷം ഇന്ത്യയിൽ കഴിയുന്ന ഹസീന, തന്‍റെ സർക്കാർ വീണതിന്‍റെ രണ്ടാം വാർഷികത്തിലാണ് മടങ്ങിവരവ് പ്രഖ്യാപിച്ചത്.

നയതന്ത്ര നീക്കങ്ങളും പ്രതികരണങ്ങളും

ധാക്കയിലേക്ക് മടങ്ങുന്നതിനായി ഡൽഹിയിലേക്ക് പ്രത്യേക വിമാനം അയയ്ക്കാൻ പ്രധാനമന്ത്രി താരിഖ് റഹ്മാന്‍റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് സർക്കാരിനോട് ഹസീന ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വധശിക്ഷ നേരിടുന്ന ഹസീനയെ "കൈവിലങ്ങണിയിച്ചോ കർശന നിരീക്ഷണത്തിലോ മാത്രമേ" തിരികെ കൊണ്ടുവരാൻ സാധിക്കൂ എന്നായിരുന്നു ബംഗ്ലാദേശിന്‍റെ മറുപടി.

ഇന്ത്യയുമായുള്ള ഉഭയകക്ഷി ചർച്ചകളിൽ ഹസീനയെ കൈമാറണമെന്ന ആവശ്യം ബംഗ്ലാദേശ് ശക്തമായി ഉന്നയിക്കുന്നുണ്ട്. നയതന്ത്രപരമായി നിർണായകമായ ഈ വിഷയത്തിൽ, കൈമാറൽ ഒരു നിയമപരമായ നടപടിയാണെന്നും അതനുസരിച്ച് കൈകാര്യം ചെയ്യുമെന്നുമാണ് ഇന്ത്യയുടെ നിലപാട്. എന്നാൽ, കൈമാറൽ നടപടികൾ കൂടാതെ താൻ സ്വമേധയാ മടങ്ങാൻ തയാറാണെന്ന് ഹസീന വ്യക്തമാക്കുന്നു.

ബംഗ്ലാദേശിൽ വ്യാപക അക്രമം; കനത്ത സുരക്ഷ

ഹസീനയുടെ മടങ്ങിവരവ് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ ബംഗ്ലാദേശിൽ അവാമി ലീഗ് പ്രവർത്തകരും ഭരണകക്ഷിയായ ബിഎൻപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷമായി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തീവെപ്പും ബോംബ് സ്ഫോടനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഘർഷാവസ്ഥ കണക്കിലെടുത്ത് ഹസീനയുടെ ജന്മനാടായ ഗോപാൽഗഞ്ചിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.

ക്രമസമാധാന പാലനത്തിനായി രാജ്യത്തെ ഏഴ് ജില്ലകളിലായി 120 പ്ലാറ്റൂൺ ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബിജിബി) സേനയെ വിന്യസിച്ചതായി സർക്കാർ വാർത്താ ഏജൻസിയായ ബിഎസ്എസ് അറിയിച്ചു.

ധാക്ക, ഗാസിപുർ, നാരായൺഗഞ്ച്, മൈമെൻസിംഗ്, ചറ്റോഗ്രാം, കോക്സ് ബസാർ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കി.

Tags : SheikhHasina Bangladesh India International

Recent News

Corehub Up