ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലെ പുതിയ സഖ്യമാറ്റത്തെക്കുറിച്ച് ഡിഎംകെ ഉയർത്തുന്ന വിമർശനങ്ങൾ തള്ളി കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം. കോൺഗ്രസിന്റേത് രാഷ്ട്രീയ വഞ്ചനയാണെന്ന ഡിഎംകെയുടെ ആരോപണം നീതിയുക്തമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാട്ടിലെ ജനങ്ങൾ പുതിയൊരു രാഷ്ട്രീയ മാറ്റത്തിന് വോട്ട് ചെയ്തതായി കാർത്തി ചിദംബരം പറഞ്ഞു. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അത് നടൻ വിജയ്യുടെ നേതൃത്വത്തിലുള്ള മുന്നണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിജയ്യുടെ മുന്നണിക്ക് ജനങ്ങൾ വ്യക്തമായ ഭൂരിപക്ഷം നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ മറ്റ് പാർട്ടികളുടെ സഹായത്തോടെ ഭരണം നടത്താനാണ് ജനവിധി ആവശ്യപ്പെടുന്നത്. ആ ഉത്തരവാദിത്തം നിറവേറ്റാനാണ് കോൺഗ്രസ് വിജയ്യെ പിന്തുണയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സഖ്യത്തെ ബഹുമാനിക്കുന്നുണ്ടെങ്കിലും, ഡിഎംകെ സഖ്യത്തിൽ തുടരാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തെറ്റാണെന്ന് തെളിഞ്ഞു. ഇതിന്റെ ആഘാതം കോൺഗ്രസ് നേരിടേണ്ടി വന്നതായും അദ്ദേഹം ഓർമിപ്പിച്ചു.
പുതിയ സഖ്യത്തിൽ കോൺഗ്രസ് മന്ത്രിസഭയുടെ ഭാഗമാകുമെന്നും അത് ജനവിധി നൽകുന്ന ഉത്തരവാദിത്തമാണെന്നും കാർത്തി ചിദംബരം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് മുൻപ് ഡി.എം.കെ സഖ്യം തുടരണമെന്ന് ആഗ്രഹിച്ചവരുണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പുതിയ മുന്നണിക്കൊപ്പം നിൽക്കുകയാണ് വേണ്ടതെന്ന നിലപാടാണ് അദ്ദേഹം പങ്കുവെച്ചത്.
Tags : Karthi P Chidamabaram Latest News