ന്യൂഡൽഹി: ലൈസൻസ് പുതുക്കലിന്റെയും നഷ്ടമാകലിന്റെയും മറവിൽ പുതിയൊരു അഥോറിറ്റി രൂപീകരിച്ചുകൊണ്ട് സന്നദ്ധസംഘടനകളുടെ സ്ഥാപനങ്ങളും ഫണ്ടും സ്വത്തുക്കളും മുതൽ ആരാധനാലയങ്ങളും വരെ നിയന്ത്രിക്കാൻ സർക്കാരിന് അധികാരം നൽകുന്നത് വലിയ വിപത്താകുമെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോണ്ഗ്രസ് നേതാവുമായ മനീഷ് തിവാരി എംപി.
വിവാദ ഭേദഗതി ബിൽ ജനാധിപത്യ ഇടം കൂടുതൽ ചുരുക്കും. ശിക്ഷാ നടപടികളുടെ ഭയത്തിനും നിയന്ത്രണ അനിശ്ചിതത്വത്തിനും സിവിൽ സമൂഹം വിധേയമാകും. എക്സിക്യൂട്ടീവിനു വ്യാപകവും അനുപാതമില്ലാത്തതുമായ അധികാരങ്ങൾ നൽകുന്ന ബില്ലിനു മതിയായ ഭരണഘടനാ സംരക്ഷണങ്ങളില്ലെന്നും മനീഷ് തിവാരി പറഞ്ഞു.
ഭരണഘടനാപരമായി സംശയാസ്പദവും ആനുപാതികമല്ലാത്ത വ്യാപകമായ അധികാരങ്ങൾ എക്സിക്യൂട്ടീവിൽ നിക്ഷിപ്തമാക്കുന്നതുമാണ് വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ- 2026.
എഫ്സിആർഎ ഭേദഗതി ബില്ലിന്റെ അവതരണത്തെ എതിർത്തു ലോക്സഭയിൽ ചട്ടം 72(1) പ്രകാരം മനീഷ് തിവാരി നടത്തിയ പ്രസ്താവനയിൽ നിന്ന്:
ഒന്നിലധികം കാരണങ്ങളാൽ ബിൽ അവതരിപ്പിക്കുന്നതിനെ എതിർക്കുന്നു. ഒന്നാമതായി, ബില്ലിൽ അവശ്യ നിയമനിർമാണ പ്രവർത്തനങ്ങളുടെ അമിത നിയോഗമുണ്ട്. നിക്ഷിപ്തമാക്കൽ, മാനേജ്മെന്റ്, ആസ്തികൾ വിനിയോഗിക്കുന്ന രീതി, സമയപരിധികൾ, ഇളവുകൾ, അപ്പലേറ്റ് ഘടനകൾ എന്നിവപോലുള്ള പ്രധാന വശങ്ങൾ ബില്ലിലില്ല. നിയമങ്ങളിലൂടെ കേന്ദ്രസർക്കാർ ഇവ നിർദേശിക്കാൻ അവശേഷിക്കുന്നു. അത്യാവശ്യ നിയമനിർമാണ നയം പാർലമെന്റുതന്നെ നിർണയിക്കണമെന്ന ഭരണഘടനാതത്വത്തിനു വിരുദ്ധമാണിത്. പാർലമെന്റിന്റെ അവകാശം ഇതു ഫലത്തിൽ താഴ്ത്തുന്നു.
മാനേജ്മെന്റ്, കൈമാറ്റം, വിനിയോഗം എന്നിവയുടെ അധികാരങ്ങളുള്ള നിയുക്ത അഥോറിറ്റിയിൽ ആസ്തികൾ താത്കാലികവും സ്ഥിരവുമായി നിക്ഷിപ്തമാക്കുന്നത് ഉൾപ്പെടെ, സ്വത്തിന്മേൽ വിശാലവും മാർഗനിർദേശമില്ലാത്തതുമായ എക്സിക്യൂട്ടീവ് നിയന്ത്രണം ബിൽ പ്രാപ്തമാക്കുന്നു എന്നതാണു രണ്ടാമത്തേത്. അനുച്ഛേദം 300 എ പ്രകാരം ഇതു ഗുരുതര ആശങ്കകൾ ഉയർത്തുന്നു. നീതിയുക്തവും ന്യായയുക്തവും മതിയായ സുരക്ഷാസംവിധാനങ്ങളോടെയും ആയിരിക്കണം സ്വത്ത് നഷ്ടപ്പെടുന്നത്. ഇവയൊന്നും നിയമത്തിൽ അർഥവത്തായി ഉൾപ്പെടുത്തിയിട്ടില്ല.
മൂന്നാമതായി പരിമിതവും സോപാധികവുമായ അപ്പീൽ വഴികളോടെ, ഒരേ അധികാരത്തിൽ അഡ്ജുഡിക്കേഷണറി, എക്സിക്യൂട്ടീവ്, അർധ-ജുഡീഷൽ അധികാരങ്ങൾ ബില്ലിൽ കേന്ദ്രീകരിക്കുന്നു. സ്വാഭാവികനീതിയുടെയും അധികാര വിഭജനത്തിന്റെയും തത്വങ്ങളെ ദുർബലപ്പെടുത്തുകയും ഏകപക്ഷീയമായ തീരുമാനമെടുക്കലിനു സാധ്യത നൽകുകയും ചെയ്യുന്നതാണിത്.
നാലാമതായി, അന്വേഷണം ആരംഭിക്കുന്നതിന് മുന്പുതന്നെ കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കുന്നതിലൂടെ ബിൽ നടപ്പിലാക്കൽ സ്വാതന്ത്ര്യത്തിൽ വിട്ടുവീഴ്ച ചെയ്യുകയും തെരഞ്ഞെടുത്ത പ്രയോഗത്തിന് സാധ്യത സൃഷ്ടിക്കുകയും ചെയ്യുന്നു. അനുച്ഛേദം 14നെ ഇതു ലംഘിക്കുന്നു.
അഞ്ചാമതായി, വിദേശേതര സ്രോതസുകളിൽനിന്നു ഭാഗികമായി ധനസഹായം ലഭിക്കുന്നിടത്തുപോലും ആസ്തികൾ ഏറ്റെടുക്കൽ, കൈകാര്യം ചെയ്യൽ, വിനിയോഗം എന്നിവ സാധ്യമാക്കുന്ന വ്യവസ്ഥകൾ വ്യക്തമായും അനുപാതമില്ലാത്തവയാണ്. കൂടാതെ നിയമാനുസൃതമായ സിവിൽ സമൂഹ പ്രവർത്തനങ്ങളിൽ ഭയാനകമായ സ്വാധീനം ചെലുത്തുകയും അതുവഴി അനുച്ഛേദം 19(1)(സി) സ്വാതന്ത്ര്യങ്ങളെ ബാധിക്കുകയും ചെയ്യും.
മതിയായ സുരക്ഷാസംവിധാനങ്ങളോ നിയമനിർമാണ വ്യക്തതയോ ഇല്ലാതെ നിലവിലെ രൂപത്തിൽ ബിൽ അവതരിപ്പിക്കാൻ പാടില്ല. ബില്ലവതരണത്തെ അതിനാൽ എതിർക്കുന്നു- മനീഷ് തിവാരി വ്യക്തമാക്കി.
Tags : Doubts FCRA Bill Manish Tewari congress