ന്യൂഡൽഹി: രാജ്യത്തെ 10 സംസ്ഥാനങ്ങളിലായി ഒഴിവ് വരുന്ന 24 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 18-ന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. വിവിധ തീയതികളിലായി നിലവിലെ അംഗങ്ങൾ വിരമിക്കുന്ന ഒഴിവുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗ് എന്നിവരുൾപ്പെടെയുള്ള പ്രമുഖരുടെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ വിജ്ഞാപനം.
രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 8 ആണ്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 11-ഉം. ജൂൺ 18-ന് രാവിലെ 9 മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് വോട്ടെടുപ്പ്. അന്നേ ദിവസം വൈകിട്ട് അഞ്ച് മണിക്ക് തന്നെ വോട്ടെണ്ണൽ നടക്കും. കർണാടക, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് നാല് വീതം സീറ്റുകളിലും, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് വീതം സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ്. ഇതുകൂടാതെ ജാർഖണ്ഡിൽ രണ്ട് സീറ്റുകളിലും മണിപ്പൂർ, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ ഓരോ സീറ്റുകളിലും വോട്ടെടുപ്പ് നടക്കും.
മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് ഓരോ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി സുനേത്ര പവാർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. എച്ച്.ഡി. ദേവഗൗഡ, മല്ലികാർജുൻ ഖാർഗെ (ഇരുവരും കർണാടക), കേന്ദ്രമന്ത്രിമാരായ രവ്നീത് സിംഗ് (രാജസ്ഥാൻ), ജോർജ് കുര്യൻ (മധ്യപ്രദേശ്), ദിഗ്വിജയ് സിംഗ്, ശക്തിസിൻഹ് ഗോവിൽ തുടങ്ങിയവരാണ് ജൂൺ 21-നും ജൂലൈ 19-നും ഇടയിലുള്ള വിവിധ തീയതികളിലായി വിരമിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെ പാർലമെന്റിന്റെ ഉപരിസഭയിലെ പ്രതിപക്ഷ നിരയിൽ വലിയ മാറ്റങ്ങൾക്ക് ഈ തെരഞ്ഞെടുപ്പ് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.
Tags : Election Commission Rajya Sabha Latest News