ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പും നടക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ കർശന പരിശോധനയിൽ ഇതുവരെ 650 കോടിയിലധികം രൂപയുടെ അനധികൃത പണവും മറ്റ് വസ്തുക്കളും പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാർച്ച് 15 മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെത്തുടർന്നാണ് പരിശോധനകൾ ഊർജിതമാക്കിയത്. വിവിധ എൻഫോഴ്സ്മെന്റ് ഏജൻസികൾ നടത്തിയ റെയ്ഡുകളിൽ ഇതുവരെ ആകെ 651.51 കോടി രൂപയുടെ വസ്തുവകകളാണ് കണ്ടെടുത്തത്.
പശ്ചിമ ബംഗാളിൽ നിന്നുമാണ് ഏറ്റവും കൂടുതൽ തുക പിടിച്ചെടുത്തത് (319 കോടി രൂപ), തമിഴ്നാട്ടിൽ നിന്നും 170 കോടി രൂപ, ആസാമിൽ നിന്നും 97 കോടി രൂപ, കേരളത്തിൽ നിന്നും പിടിച്ചെടുത്തത് 58 കോടി രൂപയാണ്. പുതുച്ചേരിയിൽ നിന്നും ഏഴ് കോടി രൂപ, കേരളത്തിൽ നിന്ന് പിടിച്ചെടുത്ത 58 കോടി രൂപയുടെ വസ്തുക്കളിൽ എട്ട് കോടി രൂപ കറൻസിയായും, രണ്ട് കോടി രൂപയുടെ മദ്യവും (68,432 ലിറ്റർ), 41 കോടി രൂപയുടെ മയക്കുമരുന്നും ഉൾപ്പെടുന്നു. കൂടാതെ ഒരു കോടി രൂപയുടെ സ്വർണ്ണവും അഞ്ച് കോടി രൂപ വിലമതിക്കുന്ന സൗജന്യ വിതരണത്തിനുള്ള സാധനങ്ങളും പിടികൂടിയിട്ടുണ്ട്.