നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ വാഹനങ്ങൾ കത്തിയമരുന്നു.
ന്യൂഡൽഹി: ശ്രീനഗറിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ ഒന്പതുപേർ കൊല്ലപ്പെടുകയും 32 പേർക്കു പരിക്കേൽക്കുകയും ചെയ്തു. സംഭവം ആകസ്മികമാണെങ്കിലും വേണ്ടത്ര മുൻകരുതലും സുരക്ഷയുമില്ലാതെ സ്ഫോടകശേഖരം പരിശോധിച്ചതിലെ ഗുരുതര പിഴവുകളെക്കുറിച്ച് അന്വേഷിക്കാൻ ജമ്മു കാഷ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ ഉത്തരവിട്ടു.
സ്ഫോടനത്തിൽ ഏതെങ്കിലും ഭീകരസംഘടനയ്ക്കു പങ്കുണ്ടെന്ന അവകാശവാദങ്ങൾ പോലീസ് തള്ളി. ഫരീദാബാദിൽനിന്നു പിടിച്ചെടുത്ത സ് ഫോടകവസ്തുകൾ വിദഗ്ധർ പരിശോധിക്കുന്നതിനിടെയാണ് വൻ സ്ഫോടനം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി 11.20നായിരുന്നു സ്ഫോടനം. എന്നാൽ, തുറന്ന സ്ഥലത്തു സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതിനും വേണ്ടത്ര മുൻകരുതലില്ലാതെ സാന്പിളുകളെടുക്കാൻ രാത്രി 11നുശേഷം ശ്രമിച്ചതിനും വിശദീകരണമില്ല.
ജമ്മു കാഷ്മീർ സംസ്ഥാന അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥൻ, മൂന്നു ഫോറൻസിക് ലാബ് ഉദ്യോഗസ്ഥർ, രണ്ടു ഫോട്ടോഗ്രാഫർമാർ, മജിസ്ട്രേറ്റ് സംഘത്തെ സഹായിച്ച രണ്ടു റവന്യു ഉദ്യോഗസ്ഥർ, ദൗത്യവുമായി ബന്ധപ്പെട്ട ഒരു തയ്യൽക്കാരൻ എന്നിവരുൾപ്പെടെ ഒന്പതു പേരാണ് സ്ഫോടനത്തിൽ മരിച്ചതെന്ന് ഡിജിപി നളിൻ പ്രഭാത് അറിയിച്ചു. ഇവർക്കു പുറമെ 27 പോലീസ് ഉദ്യോഗസ്ഥർ, രണ്ട് റവന്യു ഉദ്യോഗസ്ഥർ, സമീപപ്രദേശങ്ങളിലെ മൂന്നു സാധാരണക്കാർ എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ഒന്പത്, പത്ത് തീയതികളിൽ ഫരീദാബാദിൽനിന്നു പിടിച്ചെടുത്ത വൻതോതിലുള്ള സ്ഫോടകവസ്തുക്കൾ, രാസവസ്തുക്കൾ, റിയാക്ടറുകൾ എന്നിവയുടെ പരിശോധനയ്ക്കിടെയായിരുന്നു പൊട്ടിത്തെറി.
എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടും ആകസ്മിക സ്ഫോടനം ഉണ്ടായെന്ന് ഡിജിപി പറഞ്ഞു. രണ്ടു ദിവസമായി ഫോറൻസിക് സാന്പിൾ പരിശോധന നടന്നുവരികയായിരുന്നു. എഫ്ഐആർ 162 പ്രകാരം നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു പരിശോധനയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചെങ്കോട്ടയിൽ ഭീകരാക്രമണം നടത്തിയ ചാവേർ ഉമർ നബി, നേരത്തേ അറസ്റ്റിലായ ഡോക്ടർമാരായ മുസമ്മിൽ ഷക്കീൽ, അദീൽ മജീദ് റാത്തർ, ഷഹീൻ സഈദ് എന്നിവരുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായായിരുന്നു പരിശോധന.
ഡോക്ടർമാരുടെ തീവ്രവാദ മൊഡ്യൂളിൽനിന്നു കണ്ടെടുത്ത സ്ഫോടകവസ്തുക്കൾ എയർ ടൈറ്റ് കണ്ടെയ്നറുകളിൽ മിനി ടെന്പോ വാനുകളിലാണ് റോഡുമാർഗം ശ്രീനഗറിലെത്തിച്ചത്. പോലീസ് സ്റ്റേഷനിലെ തുറന്ന സ്ഥലത്താണ് ഇവ സൂക്ഷിച്ചത്.
സ്ഫോടകവസ്തുശേഖരത്തിൽനിന്ന് ഫോറൻസിക് സംഘത്തിനു കൈമാറുന്നതിനായി സാന്പിളുകൾ വേർതിരിച്ചെടുക്കുന്നതിനിടെയാണു സ്ഫോടനമുണ്ടാ യത്. സ്ഫോടകവസ്തുക്കൾ ചെറിയ ബാഗുകളിൽ പായ്ക്ക് ചെയ്ത് ജമ്മുവിലെ ഫോറൻസിക് സയൻസസ് ലബോറട്ടറിയിലേക്ക് (എഫ്എസ്എൽ) പരിശോധനയ്ക്കായി കൊണ്ടുപോകാനെത്തിയതാണ് കൊല്ലപ്പെട്ട ഉദ്യോഗസ്ഥർ.
നഗരത്തെ പിടിച്ചുകുലുക്കിയ സ്ഫോടനത്തിൽ സ്റ്റേഷൻ കെട്ടിടവും സമീപത്തെ മറ്റൊരു കെട്ടിടവും തകർന്നു. കണ്ടെടുത്ത സ്ഫോടകവസ്തുക്കൾ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പ്രകാരം ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെങ്കിലും സ്ഫോടനത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയ ജോയിന്റ് സെക്രട്ടറി പ്രശാന്ത് ലോഖണ്ഡെ പറഞ്ഞു.
Tags : Nowgam Police station Blast Nowgam explossion Manoj sinha