ന്യൂഡൽഹി: കഴിഞ്ഞ 13 വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന ഗാസിയാബാദ് സ്വദേശി ഹരീഷ് റാണയുടെ ജീവൻ രക്ഷാ ഉപാധികൾ നീക്കം ചെയ്യാൻ സുപ്രീംകോടതി അനുമതി നൽകി. മകന്റെ ദുരിതാവസ്ഥ പരിഗണിച്ച് ദയാവധത്തിന് അനുമതി തേടിയുള്ള മാതാപിതാക്കളുടെ അപേക്ഷ പരിഗണിച്ചാണ് കോടതി ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
പഞ്ചാബ് സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന ഹരീഷ് റാണ, 2013-ൽ പിജി ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വീണാണ് ഗുരുതരമായി പരിക്കേറ്റത്. അന്നുമുതൽ ചലനശേഷിയറ്റ് കിടപ്പിലായ ഹരീഷിന് ട്യൂബിലൂടെയാണ് ശ്വസിക്കാനും ഭക്ഷണം നൽകാനും സൗകര്യമൊരുക്കിയിട്ടുള്ളത്. മാതാപിതാക്കളുടെ പ്രായാധിക്യം പരിഗണിച്ചും ജീവിതത്തിലേക്ക് ഹരീഷ് റാണയ്ക്ക് ഇനിയൊരു മടങ്ങി വരവി ല്ലെന്ന് ഡോക്ടർമാർ വിധിയെഴുതുകയും ചെയ്ത സാഹചര്യത്തിലാണ് ദയാവധത്തിന് അനുമതി തേടി മാതാപിതാക്കൾ കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 13 വർഷമായി ഹരീഷിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നും ഇനിയും സുഖപ്പെടാൻ സാധ്യതയില്ലെന്നുമുള്ള മെഡിക്കൽ റിപ്പോർട്ടുകൾ കോടതി മുഖവിലയ്ക്കെടുത്തു. "ചികിത്സ കൊണ്ട് ഇനി യാതൊരു പുരോഗതിയും ഇല്ലാത്ത ഘട്ടത്തിൽ ഈ അവസ്ഥയിൽ അദ്ദേഹത്തെ തുടരാൻ വിടുന്നതിൽ അർഥമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർണായക വിധി.
പ്രായമായ മാതാപിതാക്കൾ ഇത്രയും കാലം മകനെ നിസ്വാർത്ഥമായി പരിചരിച്ചതിനെ കോടതി അഭിനന്ദിച്ചു. മകന്റെ വേദന കാണാൻ കഴിയാത്തതിനാലാണ് അവർ ദയാവധത്തിനായി കോടതിയെ സമീപിച്ചത്. ഹരീഷിനെ ഡൽഹി എയിംസിലെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റാൻ കോടതി നിർദേശിച്ചു. അവിടെ വെച്ച് അന്തസോടെയുള്ള മരണം ഉറപ്പാക്കിക്കൊണ്ട് കൃത്യമായ പ്ലാനിംഗിലൂടെ ജീവൻ രക്ഷാ ഉപാധികൾ ഘട്ടംഘട്ടമായി നീക്കം ചെയ്യും.
ദയാവധത്തെ കുറിച്ച് വ്യക്തമായ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇന്ത്യയിൽ അരുണ ഷാൻബാഗ് കേസിലെ വിധിക്ക് ശേഷം ദയാവധത്തിന് അനുമതിയുണ്ടെങ്കിലും, ഓരോ കേസിലും മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കി കോടതിയാണ് അന്തിമ തീരുമാനം എടുക്കുന്നത്.
Tags : Supreme Court euthanasia Ghaziabad native. Hareesh Rana