ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളത്തിനിടയിൽ കേന്ദ്രമന്ത്രി നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യം രാജ്യസഭയിൽ ജയശങ്കർ പ്രസ്താവന നടത്തിയപ്പോൾ ഇന്ത്യയുടെ വിദേശനയത്തിൽ കേന്ദ്രസർക്കാർ വെള്ളം ചേർത്തു എന്നാരോപിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. എന്നാൽ ലോക്സഭയിൽ പ്രതിപക്ഷ കക്ഷികൾ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.
ഞായറാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 67,000 ഇന്ത്യക്കാർ പശ്ചിമേഷ്യയിൽനിന്നു തിരിച്ചെത്തി. കഴിഞ്ഞ മൂന്നു ദിവസം 150 ഇന്ത്യൻ വിമാനക്കന്പനികൾ പശ്ചിമേഷ്യയിൽനിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ സർവീസ് നടത്തി. മേഖലയിൽ കുടുങ്ങിക്കിടക്കുന്നവർക്കും ട്രാൻസിറ്റ് യാത്രക്കാർക്കും അടിയന്തരമായി മടങ്ങേണ്ടവർക്കും ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നതായും കേന്ദ്രസർക്കാർ പ്രസ്താവനയിലൂടെ പാർലമെന്റിനെ അറിയിച്ചു. മേഖലയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമവും സുരക്ഷയും ഊർജസുരക്ഷയും വ്യാപാരബന്ധവും ഉൾപ്പെടെ രാജ്യത്തിന്റെ ദേശീയ താത്പര്യങ്ങൾക്കായിരിക്കും പരമപ്രാധാന്യമെന്നും ജയശങ്കർ വ്യക്തമാക്കി.
സംഘർഷം നേരിടുന്ന മിഡിൽ ഈസ്റ്റിലെ രാജ്യതലവന്മാരുമായി പ്രധാനമന്ത്രി സംസാരിച്ചതായും അദ്ദേഹം സഭയെ അറിയിച്ചു. ഇറേനിയന്‍ നേതൃത്വവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. എന്നാൽ, ഇറേനിയന്‍ വിദേശകാര്യ മന്ത്രിയുമായി ഫെബ്രുവരി 28നും മാർച്ച് അഞ്ചിനും താൻ സംസാരിച്ചതായും ജയശങ്കർ വ്യക്തമാക്കി.
ഇന്ത്യ സമാധാനത്തെ പിന്തുണയ്ക്കുന്നു. ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണം. സംഘർഷം ലഘൂകരിക്കാനും സംയമനം പാലിക്കാനും സമാധാനപരമായ ജനജീവിതം ഉറപ്പാക്കാനും ഇന്ത്യ ആവശ്യപ്പെടുന്നതായും പ്രസ്താവനയിലൂടെ അറിയിച്ചു.
ഇതോടൊപ്പം ഫെബ്രുവരി 28ന് ഇറാന്റെ മൂന്ന് യുദ്ധക്കപ്പലുകൾ കൊച്ചി തീരത്ത് അടുപ്പിക്കുന്നതിന് അനുമതി തേടിയതായും ചർച്ചകൾക്കുശേഷം മാർച്ച് ഒന്നിന് ഇന്ത്യ അനുമതി നൽകിയതായും ജയശങ്കർ സഭയെ അറിയിച്ചു. മാർച്ച് നാലിന് ഇറാന്റെ കപ്പലായ ‘ഐആർഐഎസ് ലവാൻ’ ഇന്ത്യൻ തീരത്ത് അടുത്തതായും അദ്ദേഹം അറിയിച്ചു.
Tags : Foreign Minister expatriates bring back External Affairs Minister Minister S. Jaishankar