ന്യൂഡൽഹി: പ്രസംഗങ്ങൾ, കാർട്ടൂണുകൾ, ദൃശ്യകല എന്നിവയിലൂടെ ഒരു സമുദായത്തെ അപകീർത്തിപ്പെടുത്തുന്നത് ഭരണഘടനാപരമായി അനുവദനീയമല്ലെന്ന് സുപ്രീംകോടതി.
മതം, ജാതി, ഭാഷ, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിൽ മന്ത്രിമാർ ഉൾപ്പെടെ ഭരണഘടനാപദവി വഹിക്കുന്ന പൊതുപ്രവർത്തകർ ഒരു സമുദായത്തെ ലക്ഷ്യംവച്ചുള്ള പ്രസ്താവനകൾ നടത്തുന്നത് ഭരണഘടനാ ലംഘനമാണെന്നും ജസ്റ്റീസുമാരായ ഉജ്ജൽ ഭുയാൻ, ബി.വി. നാഗരത്ന എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. സർക്കാരോ സർക്കാരിതര സ്ഥാപനങ്ങളോ ഇത്തരം പരാമർശം നടത്തുന്നത് അനുവദനീയമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ‘ഘൂഷ്ഖോർ പാണ്ഡത്’ എന്ന സിനിമയുടെ പേരുമായി ബന്ധപ്പെട്ട ഹർജിയാണ് കോടതി പരിഗണിച്ചത്. സിനിമയുടെ പേര് പിൻവലിക്കാൻ അണിയറ പ്രവർത്തകർ തയാറായതോടെ അതുമായി ബന്ധപ്പെട്ട് ഉത്തരവുകളൊന്നും പുറപ്പെടുവിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും കോടതി പറഞ്ഞു. സിനിമകളും ആക്ഷേപഹാസ്യവും ഉൾപ്പെടെയുള്ള കലാപരമായ ആവിഷ്കാരങ്ങൾ ജനാധിപത്യ സംവിധാനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ചിലർ അതിനെ എതിർക്കുന്നു എന്നതുകൊണ്ടു മാത്രം അവയെ അടിച്ചമർത്താൻ കഴിയില്ലെന്നും ജസ്റ്റീസ് ഭുയാൻ അഭിപ്രായപ്പെട്ടു.
രാജ്യത്തു സാഹോദര്യം നിലനിർത്തുന്നത് സംബന്ധിച്ച ഭരണഘടനാശില്പിയുടെ കാഴ്ചപ്പാട് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ അടിസ്ഥാനലക്ഷ്യങ്ങളിൽ ഒന്നാണു സാഹോദര്യം.
രാജ്യത്തു സമത്വം കൈവരിക്കുന്നതിനും സമൂഹത്തിൽ വൈവിധ്യമാർന്ന വിഭാഗങ്ങളെ യോജിപ്പിക്കുന്നതിനും ‘സാഹോദര്യം’ സുപ്രധാന പങ്ക് വഹിക്കുന്നു. ജാതിവിവേചനം ഉൾപ്പെടെയുള്ളവ ഇല്ലാതാക്കാനും പരസ്പര ഐക്യം വളർത്താനുമാണ് ഭരണഘടനയുടെ ആമുഖത്തിൽ ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കർ സാഹോദര്യം എന്ന പദം കൂട്ടിച്ചേർത്തതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.